ആ ഒരു കാര്യത്തില്‍ അവര്‍ ഏകമായിരുന്നു-കുസുമവും നാരായണ ഗെയ്ക്‌വാഡും. അരനൂറ്റാണ്ടായി അവര്‍ കാവല്‍ ജോലി ചെയ്തുവരുന്നു. ചോളച്ചെടിയിലെ അപൂര്‍വയിനമായ ‘കബൂരി-മക്ക’യുടെ സംരക്ഷണം. കബൂരി-മക്കയെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കുകയാണ് ഈ ദമ്പതിമാരുടെ ജീവിതലക്ഷ്യം. കോല്‍ഹാപൂര്‍ ജില്ലയിലെ ജംഫാലി ഗ്രാമത്തിലാണ് കുസുമവും ഭര്‍ത്താവും താമസിക്കുന്നത്. അയല്‍ക്കാരെല്ലാം സങ്കര ചോളം കൃഷി ചെയ്ത് പണം കൊയ്തപ്പോഴും അവര്‍ പരമ്പരാഗത നാടന്‍ ചോളത്തിന്റെ കൃഷിയില്‍ ഉറച്ചുനിന്നു. കബൂരി-മക്ക കൃഷി ചെയ്തു. വിളവെടുത്തു: പാകം ചെയ്തു കഴിച്ചു. ശേഷിച്ചത് അയല്‍ക്കാര്‍ക്ക് ദാനം ചെയ്തു. ഒരു ഭാഗം അടുത്ത കൃഷിക്കായി സൂക്ഷിച്ചു വയ്‌ക്കുകയും ചെയ്തു.
കബൂരി-മക്ക ചോളം ഭൂമിയില്‍നിന്ന് മറഞ്ഞുപോകാതെ സൂക്ഷിച്ചതിന് ഇന്ന് നാം
നന്ദി പറയേണ്ടത് കുസുമത്തിനും നാരായണനും.
പരമ്പരാഗത ചോളം വിളവെടുക്കാന്‍ വേണ്ടത് അഞ്ച് മാസത്തിലേറെ. സങ്കരയിനം മൂപ്പെത്താന്‍ വേണ്ടത് മൂന്ന് മാസം. പരമ്പരാഗതയിനത്തിന്റെ വിളവ് തീരെ കുറവ്. സങ്കരചോളമാണെങ്കില്‍ കൃഷി പൊലിക്കും. പക്ഷേ രുചിയും ഗുണവും ഉള്ളത് കബൂരിക്ക്. ഒരിക്കല്‍ മഹാരാഷ്‌ട്രയുടെയും കര്‍ണാടകയുടെയും വലിയൊരു ഭാഗത്ത് കൃഷി ചെയ്തുവന്ന കബൂരി മക്ക ചോളം ഹരിത വിപ്ലവത്തിന്റെ കാലത്താണ് കാലയവനികയില്‍ മറയാന്‍ ഒരുങ്ങിയത്. പ്രത്യേകിച്ചും സങ്കരചോളം വ്യാപകമായ കാലത്ത്. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ കുസുമവും കുടുംബവും ഒരു കാര്യം മനസ്സിലാക്കി. പല പാരമ്പര്യ വിത്തുകള്‍ക്കുമൊപ്പം തങ്ങളുടെ ചോളവും ഇല്ലാതാവാന്‍ പോകുന്നു. പകരം ഗുണവും സ്വാദും തീരെയില്ലാത്ത സങ്കരചോളം വിപണി പിടിക്കുന്നു. അമിതമായ രാസവളവും കീടനാശിനിയും കുടിച്ചു വീര്‍ത്താണ് അവ വിപണിയിലെത്തുക. അതിനും പുറമെ മണ്ണിന്റെ ആരോഗ്യവും നഷ്ടമാകുന്നു. അങ്ങനെയാണ് തങ്ങളുടെ കൃഷിയിടത്തിലെ വലിയൊരു ഭാഗം സ്ഥലം പരമ്പരാഗത ചോളത്തിനായി മാറ്റി വയ്‌ക്കാന്‍ കുസുമത്തിന്റെ കുടുംബം തീരുമാനിച്ചത്. അവരുടെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. ജം ഭാലിയില്‍ മാത്രമല്ല, അയല്‍ ഗ്രാമങ്ങളിലും ഇന്ന് കബൂരി-മക്ക കൃഷി ചെയ്തു തുടങ്ങിയിരിക്കുന്നു.
നിക്കു മധുസൂദനന്‍ പറയുന്നത്
സൗരയൂഥത്തിനും അപ്പുറത്തുള്ള പ്രപഞ്ച ഗ്രഹങ്ങളിലെ ജീവ സാന്നിധ്യം മനുഷ്യരെ സംബന്ധിച്ചിടത്തോളം എന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യയായിരുന്നു. ഇപ്പോള്‍ ആ സമസ്യയ്‌ക്ക് ഉത്തരവുമായി ഒരു ഭാരതീയന്‍ വന്നിരിക്കുന്നു-നി
ക്കു മധുസൂദനന്‍. ഭൂമിയില്‍നിന്നും 120 പ്രകാശവര്‍ഷം അകലെ ഭൂമിയെക്കാളും വലുതായ ഒരു ഗ്രഹത്തില്‍ ജീവന്റെ കയ്യൊപ്പ് കണ്ടെത്തിയെന്ന് നിക്കു പറയുന്നു. അതിശക്തമായ ജയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പിലൂടെ കണ്ടെത്തിയ ആ ഗ്രഹത്തിന് പേരും നല്‍കിയിട്ടുണ്ട്-കെ.റ്റു.1.8ബി.
ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ഡൈ മീതൈല്‍ സള്‍ഫൈഡ് അഥവാ മീതൈല്‍ തയോ മീതേന്‍ ഉള്ളതായി നിക്കു മധുസൂദനന്‍ കണ്ടെത്തിയിരിക്കുന്നു. ആല്‍ഗകളുടെയും മറ്റ് കടല്‍ സൂക്ഷ്മ ജീവികളുടെയും സാന്നിദ്ധ്യം മൂലം കടലില്‍നിന്ന് ജനിച്ച് അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ വാതകം ജീവന്റെ സാന്നിധ്യമാണ് വിളിച്ചുപറയുന്നത്. വാരാണസിയിലെ ഐഐടിയില്‍ നിന്ന് ബിരുദം നേടി. അമേരിക്കയില്‍ ഉപരിപഠനത്തിനെത്തിയ നിക്കു കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോണമിയില്‍ ‘അസ്‌ട്രോ ഫിസിക്‌സ് & എക്‌സോപ്ലാനറ്ററി’ വിഷയത്തില്‍ പ്രൊഫസറാണ്. ഹൈഡ്രജന്‍ സമ്പുഷ്ടമായ അന്തരീക്ഷത്തില്‍ സമുദ്രത്തിന്റെ സാന്നിധ്യമുണ്ടെന്ന സങ്കല്‍പ്പത്തില്‍ ‘ഹൈസിയന്‍ ഗ്രഹം’ എന്ന പദം പ്രയോഗത്തില്‍ കൊണ്ടുവന്ന വ്യക്തിയാണ്.
ലേസര്‍ എന്ന മാന്ത്രികന്‍
ലേസര്‍ അഥവാ ലൈറ്റ് ആംപ്ലിഫിക്കേഷന്‍ ബൈ സ്റ്റിമുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍ ഒരു മാന്ത്രികന്‍ തന്നെയാണ്. രോഗ ചികിത്സ മുതല്‍ സാങ്കേതിക വിദ്യയിലും ആകാശപ്പോരിലും വരെ അത്ഭുതം കാണിക്കാന്‍ കഴിവുറ്റ മാന്ത്രികന്‍ . പ്രതിരോധരംഗത്ത് ലേസര്‍ വിദ്യ വിജയകരമായി പ്രയോജനപ്പെടുത്താമെന്ന് നമ്മുടെ രാജ്യം കഴിഞ്ഞ വിഷുനാളില്‍ ലോകത്തിന് കാണിച്ചുകൊടുത്തു. പ്രത്യേകം തയ്യാറാക്കിയ കവചിത വാഹനത്തില്‍ നിന്ന് പാഞ്ഞുചെന്ന ലേസര്‍ കിരണങ്ങള്‍ ഏതാനും കിലോമീറ്റര്‍ അകലെ ആകാശത്ത് പറന്ന ഒരു ഡ്രോണിനെ സെക്കണ്ടിനുള്ളില്‍ ഭസ്മമാക്കി.
ആന്ധ്രയിലെ കര്‍ണൂലില്‍ ഉള്ള നാഷണല്‍ ഓപ്പണ്‍ എയര്‍ റേഞ്ചിലായിരുന്നു ലേസറിന്റെ ഈ തകര്‍പ്പന്‍ പ്രകടനം. അതിശക്തമായ ലേസര്‍ കിരണത്തിന് 30 കിലോവാട്ട് ആയിരുന്നത്രെ കരുത്ത്. ഇതോടെ ഈ വിദ്യ സ്വായത്തമാക്കിയ ലോകത്തെ ആറാമത്തെ രാജ്യമെന്ന പദവി ഇന്ത്യയ്‌ക്ക് സ്വന്തം. അമേരിക്ക, റഷ്യ, ചൈന, യുകെ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ്. നമുക്ക് മുന്നേ ഈ രംഗത്ത് മികവ് തെളിയിച്ചവര്‍. പ്രതിരോധ ഗവേഷണ-വികസന സ്ഥാപനമായ ഡിആര്‍ഡിഒ രൂപപ്പെടുത്തിയ ഈ ലേസര്‍ സൂത്രംകൊണ്ട് ഡ്രോണുകളെ മാത്രമല്ല, പാഞ്ഞുവരുന്ന വിമാനങ്ങളെയും ബോട്ടുകളെയും മിസൈലുകളെയുമൊക്കെ നിമിഷംകൊണ്ട് തവിടുപൊടിയാക്കാന്‍ വന്‍ തുക ചെലവഴിച്ച് നിര്‍മിക്കേണ്ടിവരുന്ന മിസൈലുകള്‍, റോക്കറ്റുകള്‍ ആളില്ലാ യുദ്ധ വിമാനങ്ങള്‍ എന്നിവയ്‌ക്ക് ചെലവ് കുറഞ്ഞ പകരക്കാരനായി ഭാവിയില്‍ ലേസര്‍ മാറും എന്ന് ഉറപ്പ്.
ഏതാണ്ട് 20 കിലോമീറ്റര്‍ വരെ വേഗ പരിധി പ്രതീക്ഷിക്കുന്ന മറ്റൊരു ഹൈ എനര്‍ജി ലേസര്‍ യന്ത്രവും ഭാരതത്തിന്റെ പണിപ്പുരയിലാണ്. 2027 ഓടെ പടക്കളത്തിലെത്തുമെന്നു കരുതുന്ന ഈ യന്ത്ര സംവിധാനത്തിന്റെ പേര്, ‘സൂര്യ.’
കുഞ്ഞന്‍ പേസ്‌മേക്കര്‍
ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ താളംതെറ്റുന്നവരെ സഹായിക്കുന്ന യന്ത്രമാണ് പേസ്‌മേക്കര്‍. പക്ഷേ അത് സ്ഥാപിക്കാനും എടുക്കാനുമൊക്കെ അതീവ സൂക്ഷ്മത വേണം. എന്നാല്‍ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ലോകത്തിലെ ഏറ്റവും ചെറിയ പേസ്‌മേക്കര്‍ രൂപപ്പെടുത്തിയിരിക്കുന്നു. 1.8 മില്ലീമീറ്റര്‍ വീതി 3.5 മില്ലീമീറ്റര്‍ നീളം. ഒരു സിറിഞ്ചിന്റെ അറ്റത്ത് ഘടിപ്പിച്ച് നേരിട്ട് ഹൃദയത്തിലേക്ക് എത്തിക്കാമത്രെ. സ്വയം അലിഞ്ഞു ചേരുന്നതിനാല്‍ വലിച്ചു പുറത്തെടുക്കേണ്ട കാര്യവുമില്ല. ശരീരദ്രവങ്ങളിലെ രാസപ്രവര്‍ത്തനങ്ങളെ വൈദ്യുതിയാക്കി മാറ്റിയാണിത് പ്രവര്‍ത്തിക്കുന്നത്. ഹൃദയ തകരാറുകളുമായി ജനിക്കുന്ന കുട്ടികളെ ഉദ്ദേശിച്ചുള്ള ഈ കണ്ടുപിടുത്തം വിപണിയിലെത്താന്‍ മൂന്നുവര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് ‘നേച്ചര്‍’ മാസിക പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: