പൂത്തുലഞ്ഞ വാകപ്പൂക്കളെ നോക്കി ക്യാമ്പസിലെ സെക്യൂരിറ്റിയായ മനോഹരനോട് റാം ചോദിച്ചു..
എത്ര ഭംഗിയാ അല്ലേ ചേട്ടാ ഇത് കാണാന്‍…?
ആവോ.. ഞാന്‍ നോക്കാറില്ല.. കഴിഞ്ഞ ഇരുപതു വര്‍ഷവും ഇതിനെ തന്നെ അല്ലേ ഞാന്‍ നോക്കിയിരിക്കുന്നത്. അതുകൊണ്ട് ചിലപ്പോള്‍ ഭംഗി അറിയാന്‍ പറ്റില്ല.
അതുപറഞ്ഞുകൊണ്ട് മനോഹരന്‍ സെക്യൂരിറ്റി ഓഫീസിലേക്ക് നടന്നു.
റാം അവിടെത്തന്നെ നിന്നു .
‘ഗുല്‍മോഹര്‍… നീയെത്ര ഭംഗിയുള്ളതാണെന്നോ, ആയിരം പൗര്‍ണമികളെ പോലെ അത്രമേല്‍ ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന മഹാസൗന്ദര്യം..’.
അവസാന പരീക്ഷയും കഴിഞ്ഞെന്ന ബോധത്തില്‍ റാം കഴിഞ്ഞതൊരു അത്ഭുതമെന്നോണം താന്‍ ക്യാമ്പസിനോട് വിട പറയുന്ന ഈ സായാഹ്ന നേരവും പൂത്തുനില്‍ക്കുന്ന വാകപ്പൂമരത്തെ നോക്കി നിശബ്ദം പറഞ്ഞു.
എന്താണ് റാം ഒറ്റയ്‌ക്കൊരു മിണ്ടാട്ടം…? തന്റെ പ്രൊഫസര്‍ രാജേഷാണ്..
വെറുതെ സാര്‍… വെറും വെറുതെ.. റാം ചിരിച്ചു.
മ്മ്.. ഇന്ന് കോളേജില്‍ നിന്നും ഇറങ്ങുവാല്ലേ.. എംഎ മലയാളം കോഴ്‌സില്‍ ഇന്നുകൊണ്ട് എക്‌സാം കഴിയുമല്ലോ അടുത്തത് എന്താ ലക്ഷ്യം?
അറിയില്ല സാര്‍… നേരത്തെ ബിഎഡ് കഴിഞ്ഞല്ലോ.. ഏതെങ്കിലും ഒരു സ്‌കൂളില്‍ ജോലി നോക്കണം.
ജോലി വേണം.. ഒപ്പം പഠിത്തവും മുടക്കണ്ട.
നോക്കാം.. പക്ഷേ എനിക്കിവിടെ നിന്നും അങ്ങ് ഇറങ്ങിപ്പോകാന്‍ കഴിയുന്നില്ല സാര്‍. അതാണിപ്പോള്‍ എന്റെ പ്രശ്‌നം.! റാം പറഞ്ഞു.
രാജേഷ്, റാമിനെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു. നമുക്കൊരു ചായ കുടിച്ചാലോ റാം..?
ഒക്കെ സാര്‍… അതും പറഞ്ഞവന്‍ കാന്റീനിലേക്ക് നടന്നു.
ചൂടുള്ള ചായ ഊതിക്കുടിക്കുന്ന റാമിനെ രാജേഷ് ഒന്നുകൂടി നോക്കി. നിഷ്‌കളങ്കമായ ഭാവം. എന്തോ മനസ്സിലൊരു ദുഃഖഭാവം..
മ്മ്….? എന്താ സാര്‍.
ഒന്നുമില്ല റാം..
അതുവെറുതെ.. പറയൂ സാര്‍… റാമിന് ആകാക്ഷയായി.
ഞാനൊരു ചരിത്ര കഥ പറയട്ടെ റാം…?
യെസ് സര്‍.. പ്ലീസ്..
പണ്ട്.. പണ്ടെന്നു പറഞ്ഞാല്‍ ഏറെക്കുറെ 16 വര്‍ഷം മുന്‍പ് റാമിനെപോലെ ഒരു കുട്ടി ഈ ക്യാമ്പസ്സിലുണ്ടായിരുന്നു. എപ്പോഴും പുസ്തകങ്ങളെ നെഞ്ചോട് ചേര്‍ത്തുവച്ച് ക്ലാസ്സ് വിടുമ്പോഴും വീട്ടിലെത്താതെ റാം നോക്കി നിന്ന ആ വാകമരത്തിന്റെ തണലില്‍ പിന്നെയും നേരം ചിലവഴിച്ച ഒരു കുട്ടി..,
റാമിന് അത്ഭുതമായി..!
സര്‍ എന്നിട്ട്…,
ക്യാമ്പസ്സില്‍ നിന്നിറങ്ങുമ്പോള്‍ പോകാന്‍ നല്ലൊരു വീടില്ല., ജോലിയും കൂലിയും ഒപ്പിച്ച ഭാവിയൊന്നുമായില്ല., ഒപ്പം വീട്ടിലെ സാമ്പത്തിക ദുരന്തങ്ങളും പ്രയാസങ്ങളും എല്ലാം ഓര്‍ത്തു ഇവിടെ തന്നെയിരിക്കും വൈകുന്നേരം വരെ. എന്നിട്ട് കോളേജടയ്‌ക്കുമ്പോള്‍ ഏറ്റവും അവസാനം ഗേറ്റടയ്‌ക്കുന്ന നിമിഷം വീട്ടിലേക്കിറങ്ങും… ആ പയ്യന് ക്യാമ്പസ്സൊരു രക്ഷപ്പെടലായിരുന്നു ജീവിതത്തിലെ ചൂടുള്ള പ്രശ്‌നങ്ങളില്‍ നിന്നും ഇവിടെയായിരുന്നു തണല്‍.. വായനയും പഠിത്തവും തന്നെയായിരുന്നു ഹോബി..!
റാം അപ്പോഴേക്കും ചായ കുടിച്ചു. രാജേഷ് ബില്ല് നല്‍കിയിട്ട് തിരിച്ചു നടക്കാന്‍ തുടങ്ങവേ റാമും ഒപ്പം കൂടി.
സാര്‍.. ബാക്കി പറഞ്ഞില്ല…!
ഒന്നൂല്ല്യ… ക്യാമ്പസ്സില്‍ നിന്നിറങ്ങുന്ന ദിവസം ആ പയ്യനും റാമിനെ പോലെ ഒരുപാട് കഷ്ടപ്പെട്ടു. ആ ക്യാമ്പസ് ഇഷ്ടം അവനെ വീട്ടിലിരിക്കാന്‍ അനുവദിച്ചില്ല.. ആ പയ്യന്‍ ആഴ്ചയില്‍ രണ്ടു ദിവസം ചുമട്ടു ജോലിക്ക് പോകും.. ബാക്കി ദിവസം പിന്നേം ഇവിടെ തന്നെ വിവിധ കോഴ്‌സില്‍ പഠിച്ചു കൊണ്ടേയിരുന്നു.. ഒടുവില്‍ സര്‍ക്കാര്‍ ജോലി കിട്ടിയപ്പോഴാണ് ആ പയ്യന് ഈ ക്യാമ്പസില്‍ പഠനം നിര്‍ത്തിയത്… അങ്ങനെ ആ ക്യാമ്പസ് പ്രണയം കാരണം ആ പയ്യന്‍ അവന്റെ ജീവിത പ്രശ്‌നങ്ങള്‍ എല്ലാത്തിലും നിന്നും രക്ഷപ്പെട്ടു., ഇന്നിപ്പോള്‍ അവന് നല്ലൊരു വീടായി., ഭാര്യയായി, കുട്ടികളായി, സാമ്പത്തികമായി, പേരായി, പേരിനൊപ്പം പല ബിരുദങ്ങളുടെ അതിപ്രശസ്തിയായി, അങ്ങനെ അങ്ങനെ എല്ലാമായി മാറി. വീടിനേക്കാള്‍ അത്രയും ഇഷ്ടമായിരുന്നു ആ പയ്യന് ഈ ക്യാമ്പസ് !
‘വല്ലാത്ത സ്വഭാവമാണ് ആ മനുഷ്യന്‍… അതിശയം തോന്നുന്നു…’
റാം അറിയാതെ പറഞ്ഞു.
അതുകേട്ടപ്പോള്‍ രാജേഷ് പറഞ്ഞു..
ചിലര്‍ അങ്ങനെയാണ് റാം … തന്റെ പരീക്ഷ കഴിഞ്ഞല്ലോ. ഇനിയും ഇവിടെത്തന്നെ പഠിക്കാന്‍ വരൂ, നമുക്കിനിയും കാണാം.
തീര്‍ച്ചയായും സാര്‍…, റാം പറഞ്ഞു.
ക്യാമ്പസില്‍ റാം തനിച്ചല്ലേ…? വീട്ടില്‍ പോകുന്നില്ലേ..? രാജേഷ് ചോദിച്ചു.
‘പോണം’.. ഇത്തിരി കൂടി ഇവിടെ നില്‍ക്കാമെന്ന് കരുതിയതാണ്. നമുക്കിറങ്ങാം സാര്‍..!
ഒക്കെ.. റാം ഇറങ്ങിക്കോളൂ.. ഒറ്റ മിനിറ്റ് ഞാനിപ്പോ വരാം…!
അതുപറഞ്ഞുകൊണ്ട് രാജേഷ് ആ വാകമരത്തിന്റെ തണലിലേക്ക് നടന്നു..
ഹാ… അപ്പോ പോകുവാണോ കുഞ്ഞേ…? സെക്യൂരിറ്റി മനോഹരന്‍ ചേട്ടന്റെ ചോദ്യം കേട്ടതും റാം കരഞ്ഞതു പോലെയായി..
അതെ ചേട്ടാ…അതു പറഞ്ഞതും അവനറിയാതെ കരഞ്ഞുപോയി…
മോന്‍ കരയണ്ട… പണ്ട് പത്തു പതിനെട്ടു വര്‍ഷം മുന്‍പ് ഒരു കുഞ്ഞ് ഇതുപോലെ പൊട്ടിക്കരഞ്ഞതാ ഈ ക്യാമ്പസില്‍ നിന്നിറങ്ങുന്ന നേരം..ഞാനവനെ ഒരുപാട് ആശ്വസിപ്പിച്ചു.. അവന്‍ പിന്നേം ഇവിടെ മടങ്ങി വന്നു.. പിന്നേം പഠിച്ചു.. ജോലിയും കിട്ടി..
മ്മ്.. എന്നോട് രാജേഷ് സാര്‍ പറഞ്ഞു..!
മ്മ്… ഇപ്പോഴും ക്യാമ്പസ് തുറക്കുന്ന ദിവസം വെളുപ്പിനെ തന്നെ അവന്‍ വരും..അതുപോലെ എല്ലാ വര്‍ഷവും ക്യാമ്പസടയ്‌ക്കുമ്പോള്‍ ഏറ്റവും അവസാനം നിറഞ്ഞ കണ്ണുമായി അവനിപ്പോഴും ഇറങ്ങി വരുന്നത് എനിക്കിപ്പോഴും ഇന്നുമിങ്ങനെ കണ്ടു നില്‍ക്കാന്‍ തന്നെ ഭാഗ്യയോഗം..,
അപ്പോഴേക്കും രാജേഷ് സാര്‍ വാക മരത്തിന്റെ ചുവട്ടില്‍ നിന്നും നടന്നു ഗേറ്റിനു പുറത്തേക്ക് വന്നിരുന്നു..
റാം രാജേഷിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി..
ആ കണ്ണുകളിലൊരു മഹാസമുദ്രം നിറഞ്ഞു നില്‍ക്കുന്നു.. ഇനിയുള്ള രണ്ടു മാസവും ഒരു നിമിഷം പോലും തോരാതെ ഓര്‍മ്മയിലെങ്കിലും പെയ്തു നില്‍ക്കാന്‍..
റാം തിരിച്ചറിഞ്ഞു ആ ക്യാമ്പസ്സിനെ പ്രണയിച്ച പയ്യന്റെ പേര് രാജേഷ് എന്നാണെന്ന്…!
മടങ്ങി വരാന്‍ മനസ്സുകൊണ്ട് ആശിര്‍വദിക്കുമ്പോഴും ആ ഗുല്‍മോഹര്‍ സായാഹ്നച്ചുവപ്പില്‍ കൂടുതല്‍ ഓര്‍മ്മകളേറ്റു ചുവന്നു തന്നെ നിന്നിരുന്നു….!
പ്രതികരിക്കാൻ ഇവിടെ എഴുതുക: