Kerala

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കേറ്റ്, സസ്പെന്‍ഷന്‍ റദ്ദായിട്ടില്ലെന്ന് വി സി, വിഷയം കോടടതിയുടെ പരിഗണയിലെന്നും വി സി

ചാന്‍സലറായ ഗവര്‍ണര്‍, സര്‍വകലാശാല സെനറ്റ് ഹാളില്‍ പങ്കെടുത്ത ചടങ്ങ് അവസാന നിമിഷം റദ്ദാക്കാന്‍ നിര്‍ദേശിച്ചതിനാണ് രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തത്

Published by

തിരുവനന്തപുരം:ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കത്ത് നല്‍കിയതിനെ തുടര്‍ന്ന് ഞായറാഴ്ച ചേര്‍ന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തില്‍ തര്‍ക്കം. ചാന്‍സലര്‍ ആയ ഗവര്‍ണറോട് അനാദരവ് കാട്ടിയ രജിസ്ട്രാര്‍ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത വി സി മോഹന്‍ കുന്നുമ്മലിന്റെ നടപടി സിന്‍ഡിക്കേറ്റ് യോഗം റദ്ദാക്കി. മോഹന്‍ കുന്നുമ്മല്‍ റഷ്യന്‍ സന്ദര്‍ശനത്തിലായതിനാല്‍ ചുമതലയേറ്റ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസിന്റെ വിയോജിപ്പ് അംഗീകരിക്കാതെയാണ് തീരുമാനം.

അതേസമയം, സസ്പെന്‍ഷന്‍ റദ്ദാക്കിയിട്ടില്ലെന്ന് താത്കാലിക സിസ തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.യോഗം സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന തീരുമാനത്തില്‍ എത്തിയപ്പോള്‍ താന്‍ യോഗം പിരിച്ചുവിട്ട് പുറത്തുപോവുകയായിരുന്നു. യോഗം പിരിച്ചുവിട്ട് അദ്ധ്യക്ഷന്‍ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ യോഗത്തിന് പ്രസക്തിയില്ല.സസ്പെന്‍ഷന്‍ അതിനാല്‍ തന്നെ റദ്ദായിട്ടില്ലെന്നും യോഗത്തില്‍ അജണ്ട പൂര്‍ത്തീകരിച്ചിട്ടില്ലെന്നും വി സി വ്യക്തമാക്കി.

തിങ്കളാഴ്ച രജിസ്ട്രാറുടെ സസ്പന്‍ഷന്‍ സംബന്ധിച്ച് കേസ് കോടതിയുടെ പരിഗണനയില്‍ വരുന്നതിനാലാണ് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നത്.എന്നാല്‍ സസ്പന്‍ഷന്‍ റദ്ദാക്കണമെന്ന ആവശ്യം ഇടത് അംഗങ്ങള്‍ ഉന്നയിച്ചപ്പോള്‍ വി സി സിസ തോമസ് യോജിച്ചില്ല. കോടതിയുടെ പരിഗണനയിലുളള വിഷയത്തില്‍ തീരുമാനമെടുക്കാനാകില്ലെന്ന് വി സി പറഞ്ഞു. തുടര്‍ന്നാണ് വി സി യോഗം അവസാനിപ്പിച്ച് പുറത്തിറങ്ങിയത്.

യോഗത്തില്‍ പങ്കെടുത്ത രണ്ട് ബിജെപി പ്രതിനിധികളും സസ്പന്‍ഷന്‍ റദ്ദാക്കാനുളള ഇടത് അംഗങ്ങളുടെ തീരുമാനത്തെ എതിര്‍ത്തു.

കഴിഞ്ഞ ജൂണ്‍ 26ന് ചാന്‍സലറായ ഗവര്‍ണര്‍, സര്‍വകലാശാല സെനറ്റ് ഹാളില്‍ പങ്കെടുത്ത ചടങ്ങ് അവസാന നിമിഷം റദ്ദാക്കാന്‍ നിര്‍ദേശിച്ചതിനാണ് രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തത്.ഭാരതാംബ ചിത്രം വച്ചുളള പരിപാടി നടത്തുന്നതിനെതിരെ എസ് എഫ് ഐ , കെ എസ് യു പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയപ്പോള്‍ രജിസട്രാറും അവരോട് യോജിച്ച് പരിപാടിക്ക് അനുമതി നല്‍കിയത് റദ്ദാക്കി.

സ്റ്റേജില്‍ മതചിഹ്നം കണ്ടതിനാലാണ് ചടങ്ങ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയത് എന്നായിരുന്നു രജിസ്ട്രാറുടെ വാദം. ഹിന്ദുദേവതയുടെ ചിത്രം വച്ചിട്ടുണ്ടെന്നാണ് സെക്യൂരിറ്റി ഓഫീസര്‍ അറിയിച്ചത്. നേരില്‍ പരിശോധിച്ചെന്നും അത് കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നും രജിസ്ട്രാര്‍ പറഞ്ഞിരുന്നു.എന്നാല്‍ ഭാരതാംബ എങ്ങനെ മതചിഹനമാകുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ചോദിച്ചിരുന്നു.

അതേസമയം രജിസ്ട്രാറെ സസ്പന്‍ഡ് ചെയ്യാന്‍ വൈസ് ചാന്‍സലര്‍ക്ക് അധികാരമില്ലെന്നാണ് ഇടത് സിന്‍ഡിക്കേറ്റംഗങ്ങളുടെ വാദം. സിന്‍ഡിക്കേറ്റിനാണ് അതിനുള്ള അധികാരമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക