മലപ്പുറം: കാളികാവിലെ കൂട്ടിലാക്കിയ നരഭോജി കടുവയെ വനം വകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍.മറ്റ് പരിശോധനകള്‍ നടത്തി ആലോചനകള്‍ക്ക് ശേഷം മാത്രം വനം വകുപ്പിന്റെ തന്നെയുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയോ ഉള്‍ക്കാട്ടില്‍ തുറന്നുവിടുകയോ ചെയ്യും.
ജനങ്ങള്‍ക്ക് ആശങ്കയുണ്ടാകുമ്പോള്‍ ഓടിയെത്താനും ജനങ്ങളുടെ താല്‍പ്പര്യാനുസരണം നടപടി സ്വീകരിക്കാനും കഴിയും വിധം വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കുറെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതിക്ക് വേണ്ടി സംസ്ഥാനം തയാറാക്കിയ കരട് നിയമോപദേശത്തിനായി അയച്ചു. സംസ്ഥാനത്തിന്റെ പരിമിതിയില്‍ നിന്ന് നിയമ നിര്‍മാണത്തെ കുറിച്ചാണ് ആലോചിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രിമാര്‍ക്കെതിരായ പ്രതിഷേധം ശരിയോ തെറ്റോ എന്നുള്ളത് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ആലോചിക്കേണ്ട കാര്യമാണെന്നും സമരത്തില്‍ നിന്നും പിന്തിരിയണോ വേണ്ടയോ എന്നുള്ളത് അവരാണ് തീരുമാനിക്കേണ്ടതെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. ആരോഗ്യമന്ത്രി രാജിവെക്കണമെന്നത് രാഷ്‌ട്രീയ ആവശ്യമാണ്. പ്രതിപക്ഷത്തിന് അത് ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.ഏതു മേഖലയിലായാലും പ്രശ്‌ന പരിഹാരമാണ് ഉണ്ടാവേണ്ടത്.രാജി പ്രശ്‌ന പരിഹാരമല്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: