ആലപ്പുഴ: സംസ്ഥാനത്തെ പ്രധാന പരമ്പരാഗത വ്യവസായമായ കയര്‍മേഖലയിലെ കടുത്ത പ്രതിസന്ധി സംസ്ഥാന കയര്‍ തൊഴിലാളിക്ഷേമനിധി ബോര്‍ഡിനെയും ബാധിക്കുന്നു. കാഴ്ചക്കാരായി സംസ്ഥാന സര്‍ക്കാര്‍. രണ്ടു മാസമായി ജീവനക്കാര്‍ക്ക് ശമ്പളമില്ല, കയര്‍ തൊഴിലാളികള്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യങ്ങളും മുടങ്ങി. അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ പ്രതിഷേധ സമരം നടത്തി.
കയര്‍ തൊഴിലാളികള്‍ക്കുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കാനാണ് ക്ഷേമനിധി ബോര്‍ഡ് ആരംഭിച്ചത്. ഒന്നേകാല്‍ ലക്ഷം തൊഴിലാളികളും 60,000 പെന്‍ഷന്‍കാരുമാണ് കയര്‍ ക്ഷേമനിധിയില്‍ ഉള്ളത്. സര്‍ക്കാര്‍ സഹായം വെട്ടിക്കുറച്ചതാണ് ബോര്‍ഡിന്റെ തകര്‍ച്ചക്ക് കാരണം. ജീവനക്കാര്‍ക്ക് രണ്ടു മാസമായി ശമ്പളം നല്‍കിയിട്ടില്ല. അഞ്ചു വര്‍ഷമായി തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ആലപ്പുഴയിലെ ഹെഡ് ഓഫീസിനു മുന്നില്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. പ്രായമായ തൊഴിലാളികള്‍ക്കുള്ള അഞ്ച് വര്‍ഷത്തെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ 25 കോടി രൂപ വേണം. എന്നാല്‍ സര്‍ക്കാര്‍ അനുവദിച്ചത് ഒരു കോടി. ക്ഷേമനിധിയിലേക്കുള്ള തൊഴിലാളി വിഹിതം 20 രൂപയാണ്. സര്‍ക്കാര്‍ നല്‍കേണ്ടത് 40 രൂപ. ഇത് സര്‍ക്കാര്‍ നല്‍കുന്നില്ല. കയര്‍ കയറ്റുമതിക്കാരില്‍ നിന്ന് ലഭിക്കേണ്ട വിഹിതം വാങ്ങിയെടുക്കാന്‍ സര്‍ക്കാരും ക്ഷേമനിധി ബോര്‍ഡും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഓരോ സ്ഥലത്തെയും ഓഫീസുകള്‍ അടച്ചുപൂട്ടുകയാണ് ബോര്‍ഡ്. ഏറ്റവും ഒടുവില്‍ പറവൂരിലെ ഓഫീസാണ് പൂട്ടിയത്. കയര്‍ വകുപ്പ് അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം തന്നെ അവസാനിക്കുന്ന അവസ്ഥയാണുണ്ടാകുക.
അതിനിടെ കയര്‍ത്തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തൊഴിലാളികളുടെ കൂലിവര്‍ദ്ധനവ് അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കേരള കയര്‍ സെന്റര്‍ (സിഐടിയു) തീരുമാനിച്ചു. 2017 ല്‍ തീരുമാനിച്ച കൂലിയാണ് കയര്‍പിരി തൊഴിലാളികള്‍ക്ക് ലഭിച്ച് വരുന്നത്. 240 രൂപ തൊഴില്‍ സ്ഥാപനവും ഇതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ വരുമാന പൂരക പദ്ധതിയില്‍പ്പെടുത്തി നല്‍കുന്ന 110 രൂപയും ചേര്‍ത്ത് 350 രൂപയാണ് ഒരുദിവസം കൂലിയായി ലഭിക്കുന്നത്. ആഗസ്തില്‍ പണിമുടക്ക് ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കാനമാണ് തീരുമാനം.
ചെറുകിട കയര്‍മേഖല സമ്പൂര്‍ണമായി സ്തംഭനത്തിലേക്കാണ് നീങ്ങുന്നത്. കയറുത്പ്പന്നങ്ങള്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കാത്തതും, കയര്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനയുമാണ് ചെറുകിടക്കാരെ പ്രതിസന്ധിയിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: