Kerala

കേന്ദ്ര ആരോഗ്യ പദ്ധതികളോട് കേരളത്തിന് വിമുഖത; വയോവന്ദന ഇന്‍ഷുറന്‍സ് പദ്ധതി അടക്കം നടപ്പിലാക്കുന്നില്ല

Published by

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളോടുള്ള രാഷ്‌ട്രീയ എതിര്‍പ്പു കാരണം സംസ്ഥാനത്ത് ആരോഗ്യപദ്ധതികള്‍ നടപ്പിലാക്കാതെ വന്നതോടെ ദുരിതത്തിലായത് ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍. കേന്ദ്രസര്‍ക്കാരിന്റെ വയോധികര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് വയോ വന്ദന (പിഎംജെഎവൈ) നടപ്പാക്കാതെ സംസ്ഥാനം. 10 ലക്ഷത്തിനുമുകളില്‍ ആളുകള്‍ സംസ്ഥാനത്ത് വയോ വന്ദന കാര്‍ഡ് എടുത്തെന്നാണ് കണക്ക്.

2018 സപ്തംബറിലാണ് കേന്ദ്രസര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് വയോ വന്ദന ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുന്നത്. വരുമാനപരിധിയില്ലാതെ 70 വയസുകഴിഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്നതാണ് പദ്ധതി.

കേന്ദ്രസര്‍ക്കാര്‍ 60 ശതമാനവും സംസ്ഥാനസര്‍ക്കാര്‍ 40 ശതമാനവുമാണ് പദ്ധതി വിഹിതം. എന്നാല്‍ കേന്ദ്ര വിഹിതം 90 ശതമാനമാക്കണമെന്ന മുടന്തന്‍ ന്യായം ഉന്നയിച്ചാണ് പദ്ധതിയുമായി സംസ്ഥാനം സഹകരിക്കാത്തത്.

സമാനരീതിയിലാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി പൂര്‍ണമായും നടപ്പിലാക്കാത്തത്. സ്വന്തമായി സമാന പദ്ധതി നടപ്പിലാക്കുന്നുവെന്ന് പറഞ്ഞ് കാരുണ്യ ആരോഗ്യസുരക്ഷയും (കാസ്പ്) ചേര്‍ത്താണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ കാരുണ്യവഴി കേന്ദ്രസര്‍ക്കാരിന്റെ വിഹിതം മാത്രമാണ് നല്‍കുന്നത്. പ്രൈം മിനിസ്റ്റേഴ്‌സ് ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷനും സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ല. പാത്തോളജി ലാബുകള്‍, ഐസിയു, ബ്ലോക്ക് ലെവല്‍ ആശുപത്രികള്‍, ടെലി മെഡിസിന്‍ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയവ ആരംഭിക്കുന്നതിനാണ് തുക അനുവദിക്കുന്നത്. ഇതിന്റെ ആദ്യഗഡു വാങ്ങിയെങ്കിലും തുടര്‍ നടപടികളില്ലാതെ വന്നതോടെ പദ്ധതി മുടങ്ങി.

സംസ്ഥാനത്തിന്റെ സ്വന്തം കാരുണ്യയും മെഡിസെപ്പും പദ്ധതിയില്‍ തന്നെ 500 കോടിയോളം കുടിശികയാണ്. കുടിശിക ഉള്ളതിനാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ പോലും പദ്ധതിയില്‍ നിന്നും പിന്മാറുകയാണ്. കാരുണ്യ പദ്ധതിയില്‍ 23.97 ലക്ഷം കുടുംബങ്ങളുടെ പ്രീമിയത്തിന്റെ 60 ശതമാനവും കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. അതുപോലും കൃത്യമായി നടപ്പിലാക്കുന്നില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക