പതിറ്റാണ്ടുകൾക്ക് മുമ്പ് നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം പോലീസിനു മുന്നിൽ ഏറ്റുപറഞ്ഞ് കീഴടങ്ങിയ മുഹമ്മദലി ആരെയും കൊന്നിട്ടില്ലെന്ന് സഹോദരൻ. മാത്രമല്ല അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും ജ്യേഷ്ഠൻ പൗലോസ് പറഞ്ഞു. 1986, 1989 വർഷങ്ങളിലായി താൻ രണ്ട് പേരെ കൊലപ്പെടുത്തിയെന്നാണ് വേങ്ങര സ്വദേശി മുഹമ്മദലിയായി മാറിയ ആന്റണി എന്ന 56 കാരൻ പോലീസിനോട് ഏറ്റുപറഞ്ഞത്. കുറ്റമേറ്റെടുത്ത രണ്ടു സംഭവങ്ങളിലും അയാൾ നിരപരാധിയാണെന്ന് കൂടരഞ്ഞിയിൽ താമസിക്കുന്ന പൗലോസ് പറഞ്ഞു.
കൂടരഞ്ഞി തൈപറമ്പിൽ പൈലിയുടെ മകനായ ആന്റണിയാണ് മുഹമ്മദലി ആയി മാറിയത്. 14ാം വയസ്സിൽ കൂടരഞ്ഞി കരിങ്കുറ്റിയിൽ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്നാണ് പൊലീസിൽ മുഹമ്മദലി നൽകിയ ഒരു മൊഴി.1986 ഡിസംബറിലാണ് സംഭവമെന്ന് പറയുന്നു.
ഡിസംബർ അഞ്ചിലെ പത്രത്തിൽ കൂടരഞ്ഞി മിഷൻ ആശുപത്രിക്ക് പിറകിലെ വയലിലെ തോട്ടിൽ 20 വയസ്സ് തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയതായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി മൊഴി നൽകിയിട്ടുണ്ട്. സംഭവശേഷം വർഷങ്ങൾ കഴിഞ്ഞാണ് മതം മാറുന്നത്. കൂടരഞ്ഞിയിൽനിന്ന് വിവാഹിതനായെങ്കിലും ഭാര്യ ഉപേക്ഷിച്ചു. പിന്നീട് മറ്റൊരു വിവാഹം കഴിച്ച് മതം മാറി വേങ്ങരയിൽ താമസമാക്കുകയായിരുന്നെന്ന് പൗലോസ് പറഞ്ഞു. എന്നാൽ, പോലീസ് ഇപ്പോഴും അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: