വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ യുഎസിൽ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്ല മേധാവി ഇലോൺ മസ്ക്. അമേരിക്ക പാർട്ടിയെന്നാണ് രാഷ്‌ട്രീയ പാർട്ടിക്ക് മസ്‌ക് പേരിട്ടത്. നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനൽകുന്നതിനാണ് പുതിയ പാർട്ടിയെന്ന് മസ്‌ക് എക്‌സിൽ കുറിച്ചു.
പ്രസിഡന്റ് ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് ഇലോൺ മസ്ക് യുഎസ് രാഷ്‌ട്രീയത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചത്.
ട്രംപിന്റെ ബിൽ സെനറ്റിൽ പാസാക്കിയാൽ, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി താൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളെ അടുത്ത തിരഞ്ഞെടുപ്പിൽ നിലം തൊടീക്കില്ലെന്നും മസ്ക് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടി സംവിധാനം ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മസ്‌ക് തുറന്നടിച്ചു. ജനങ്ങൾക്ക് സ്വാതന്ത്രം തിരിച്ചു നൽകാനാണ് പുതിയ പാർട്ടിയെന്നും മസ്‌ക് വ്യക്തമാക്കി. പാർട്ടി രൂപീകരിക്കാൻ എക്സ് പ്ലാറ്റ്ഫോമിൽ ജനങ്ങളുടെ പ്രതികരണം തേടിയതിന് ശേഷമാണ് സുപ്രധാന തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: