കോഴിക്കോട് : നിപ വൈറസ് വ്യാപനത്തിനെതിരായ മുന്‍കരുതലിന്റെ ഭാഗമായി, സംശയമുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കെഎച്ച്ആര്‍ഡബ്ല്യുഎസ് പേ വാര്‍ഡിലെ ഒരു ഭാഗം അനുവദിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു. നിപ വൈറസ് ബാധക്കെതിരായ മുന്‍കരുതലുകളെയും രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെയും കുറിച്ച് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളെ തുടര്‍ന്നാണ് നടപടി.
ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മരിച്ച രോഗിക്ക് പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ല. അതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. സംഭവവുമായി ബന്ധപ്പെട്ട് 43 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ അകറ്റാന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ നിപ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍: 04952373903.
പ്രതികരിക്കാൻ ഇവിടെ എഴുതുക: