Defence

യോഗിയുടെ നാട്ടിലെ പെണ്‍കുട്ടി നാവികസേനയ്‌ക്കായി ആദ്യമായി യുദ്ധവിമാനങ്ങള്‍ പറത്തും; ചരിത്രത്തില്‍ ഇടം പിടിച്ച് ആസ്ത പൂനിയ

യോഗി ആദിത്യനാഥിന്‍റെ നാട്ടിലെ പെണ്‍കുട്ടി ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ നാവികസേനയ്ക്കായി യുദ്ധവിമാനങ്ങള്‍ പറത്തും. ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിത ഫൈറ്റര്‍ പൈലറ്റായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ. യോഗി ആദിത്യനാഥിന്‍റെ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ആസ്ത എന്ന മിടുക്കി.

Published by

 

ന്യൂദല്‍ഹി: യോഗി ആദിത്യനാഥിന്റെ നാട്ടിലെ പെണ്‍കുട്ടി ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ നാവികസേനയ്‌ക്കായി യുദ്ധവിമാനങ്ങള്‍ പറത്തും. ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിത ഫൈറ്റര്‍ പൈലറ്റായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ. യോഗി ആദിത്യനാഥിന്റെ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ആസ്ത എന്ന മിടുക്കി.

ആസ്ത നാവികകപ്പലിലെ മിഗും റഫാലും പറത്തും

നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളിലെ യുദ്ധവിമാനം പറത്തുന്ന ചുമതലയായിരിക്കും ആസ്ത പൂനിയയ്‌ക്ക് ലഭിക്കുക. മിഗ് യുദ്ധവിമാനത്തിന്റെ നാവിക സേനാ പതിപ്പായ മിഗ്-29 കെ പോലുള്ള യുദ്ധവിമാനങ്ങളോ റഫാലിന്റെ നാവികസേനാ പതിപ്പോ പറത്താന്‍ ആസ്ത പൂനിയയെ നിയോഗിച്ചേക്കും.

ഏറെക്കാലമായി വനിതകള്‍ക്ക് നിഷേധിക്കപ്പെട്ട പദവിയാണ് ആസ്തയിലൂടെ മോദി സര്‍ക്കാര്‍ വനിതകള്‍ക്ക് തുറന്നുകൊടുക്കുന്നത്. നാവികസേനയിൽ യുദ്ധവിമാന പൈലറ്റായി ഒരു വനിതാ ഓഫീസറെ നിയമിക്കുന്ന പതിവ് ഇതിന് മുന്‍പുണ്ടായിട്ടില്ല. വെല്ലുവിളി നിറഞ്ഞ യുദ്ധവേദികളില്‍ പുരുഷന്മാർക്കൊപ്പം പ്രവർത്തിക്കാൻ വനിതാ ഓഫീസർമാർക്ക് കഴിയുമെന്ന സന്ദേശമാണ് ഇത് നൽകുന്നത്.

വിംഗ്സ് ഓഫ് ഗോള്‍ഡ് ഏറ്റുവാങ്ങി ആസ്ത

വിശാഖപട്ടണത്തെ ഐഎന്‍എസ് ദേഗയില്‍ നിന്നും അഡ്വാന്‍സ്ഡ് ജെറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ (ഹോക്കര്‍ കണ്‍വെര്‍ഷന്‍ കോഴ്സ്) ആസ്ത ‘ ‘വിംഗ്സ് ഓഫ് ഗോൾഡ്’ ബഹുമതി’ നാവികസേനാ (വ്യോമ) അസിസ്റ്റന്‍റ് ചീഫ് റിയർ അഡ്മിറൽ ജനക് ബെവ്‌ലിയിൽ നിന്നും ഏറ്റുവാങ്ങി.

കൂടുതല്‍ വനിതകള്‍ക്ക് വഴിവെട്ടാന്‍ പ്രചോദനമാകട്ടെയെന്ന് നാവികസേന

“നാവികസേനയുടെ വ്യോമവിഭാഗത്തിലെ ഫൈറ്റര്‍ രംഗത്തേക്ക് വരുന്ന ആദ്യവനിതയാണ് ആസ്ത പൂനിയ. കൂടുതല്‍ വനിതകള്‍ക്ക് പുതിയ വഴി വെട്ടാനുള്ള പ്രചോദനമാകട്ടെ ആസ്തയുടെ വിജയം. “- ആശംസാ സന്ദേശത്തില്‍ നാവികസേന അറിയിച്ചു. “ഈ നേട്ടം ഇന്ത്യൻ നാവികസേനയുടെ ലിംഗപരമായ ഉൾചേര്‍ക്കലിനുള്ള പ്രതിബദ്ധതയ്‌ക്കും, നാരി ശക്തി (സ്ത്രീശക്തി) എന്ന വലിയ കാഴ്ചപ്പാടിന് കീഴിൽ സ്ത്രീകളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങൾക്കും തെളിവാണ്.”- നാവികസേന അവരുടെ സന്ദേശത്തില്‍ പറഞ്ഞു.

വ്യോമസേന 2016ലെ ഇതിന് തുടക്കം കുറിച്ചു

നിലവിൽ ഇന്ത്യൻ നാവികസേനയിൽ സമുദ്ര നിരീക്ഷണ റോളുകളിൽ പൈലറ്റുമാരായും ഓഫീസർമാരായും സ്ത്രീകൾ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇസ്രയേല്‍ സേനയില്‍ ഇത്തരം റോളുകളില്‍ വനിതകള്‍ നേരത്തെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

വനിതകള്‍ക്ക് മോദി സര്‍ക്കാരിന്റെ കരുതല്‍

ഇന്ത്യന്‍ സായുധസേനയില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2020 മുതല്‍ വനിത ഓഫീസര്‍മാരുടെ റിക്രൂട്ട്മെന്‍റ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സേനയിലെ കോംബാറ്റ് രംഗത്തും സാങ്കേതികവിദ്യാരംഗത്തും പെണ്‍കുട്ടികളുടെ സാന്നിദ്യം 15 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക