സൂക്ഷ്മമായ സാംസ്‌കാരിക തലത്തില്‍ ഒഡീഷയിലെ പുരി രഥയാത്ര പൈതൃക മൂല്യങ്ങളേ, വിശ്വാസ വഴിയിലൂടെ, രാഷ്‌ട്രദേവനിലേക്കും സന്നിവേശിപ്പിച്ച് മത ആചാര അനുഷ്ഠാനങ്ങളുടെ നിര്‍വചനത്തിലും, വ്യാഖ്യാനത്തിലും സമഗ്രമായ ചലനാത്മകതയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒഡീഷയിലെ മധ്യകാലഘട്ട രാജാക്കന്മാരും ബ്രാഹ്മണ വനവാസിപുരോഹിതരും നടത്തിയ പരീക്ഷണത്തിന്റെ അജയ്യമായ യാത്രയാണ് .
തിരമാലകള്‍ പോലെ വന്ന അക്രമകാരികളെ നേരിട്ട് സ്വന്തം സംസ്്കാരം രക്ഷിച്ച ഒഡീഷയുടെ ജൈത്രയാത്രയുടെ തുടര്‍ച്ചയാണ് പുരി രഥയാത്ര: ഒറീസയുടെ സ്വത്വം സംരക്ഷിക്കാന്‍ നടത്തിയ പരിശ്രമത്തിന്റെ കേന്ദ്ര ബിന്ദു എന്നും ജഗനാഥന്‍ ആയിരിന്നു.
വനവാസി സവര സമുദായം പരമ്പരാഗതമായി ആരാധിച്ചു വന്ന, സ്‌കന്ദ പുരാണത്തില്‍ പരാമര്‍ശിക്കുന്ന നീലമാധവന്‍ എന്ന ഈശ്വര സങ്കല്പത്തെ രാഷ്‌ട്രദേവനായി രാജാവ് പുരി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. പരമ്പരാഗതമായി നീലമാധവനെ പൂജിച്ചിരുന്ന വനവാസി പുരോഹിതര്‍ക്ക് തുടര്‍ന്നും നീലമാധവനെ പൂജിക്കാനുള്ള അവകാശങ്ങള്‍ പുരി ക്ഷേത്രത്തില്‍ ബ്രാഹ്മണ പുരോഹിതരോടൊപ്പം നല്‍കിയെന്നതാണ് ജഗന്നാഥ സംസ്്കാരത്തിന്റെ അടിത്തറ. അതാണ് ഇന്നു കാണുന്ന ഒഡീഷയുടെ സാംസ്‌കാരിക പരിണാമത്തിന്റെ ഊര്‍ജ്ജ സ്രോതസ്സ്.
ജഗന്നാഥനായി രൂപാന്തരം പ്രാപിച്ച നീലമാധവനും ,സഹോദരങ്ങളായ ബലഭദ്രനും ,സുഭദ്രയ്‌ക്കും വനവാസികള്‍ നീലഗിരിയില്‍ നിന്നെത്തിച്ച,അതേ അസംസ്‌കൃത രൂപഭംഗി നിലനിര്‍ത്താല്‍ ശ്രദ്ധിച്ചത് രാജാവും പ്രഭുക്കന്മാരും പുരോഹിതരും ചേര്‍ന്നാണ്. വിഗ്രഹങ്ങളുടെ ഈ വിചിത്രമായ രൂപം ഒറീസയ്‌ക്ക് പുറത്ത് അത്ര പരിചിതമല്ല. ക്ഷേത്ര നിര്‍മ്മിതിയിലും ആ ഗോത്ര രൂപ ഭംഗി പിന്തുടര്‍ന്നു.
പരമ്പരാഗതമായി 12 മുതല്‍ 19 വര്‍ഷത്ത ഇടവേളയില്‍ ഈ മൂന്ന് ദാരുവിഗ്രഹങ്ങളും നശിപ്പിക്കുകയും വിഗ്രഹങ്ങള്‍ക്കുള്ളില്‍ പ്രത്യേക അറകളില്‍ സൂക്ഷിച്ചിരിക്കുന്ന നീലമാധവന്റെ ഹൃദയം എന്ന് വിശ്വസിക്കുന്ന ബ്രഹ്മ പദാര്‍ത്ഥം പുതിയ വിഗ്രഹത്തിലേക്ക് മാറ്റുകയും ചെയ്യുന്ന ചടങ്ങ് നടത്താനുള്ള അവകാശം ഇപ്പോഴും വനവാസി പുരോഹിത പരമ്പരക്കാണ്. പുരി നഗരത്തിലെ വൈദ്യുതി പൂര്‍ണ്ണമായി വിച്ഛേദിച്ചു കൊണ്ട് 2015ലാണ് അവസാനം നിഗൂഢവും രഹസ്യവുമായ നമ്പകലേമ്പര ചടങ്ങ് നടന്നത്.
ഒഡീഷയിലെ വനവാസികളെ മഹാക്ഷേത്രങ്ങളിലെ പുരോഹിതരാക്കി ക്കൊണ്ടുള്ള സാംസ്‌കാരിക സംയോജനം. ഹൈന്ദവ നാഗരികതയുടെ വളര്‍ച്ചയുടെ നാഴികക്കല്ലുകളിലൊന്നാണ്.
ശൂചീകരണം മുതല്‍ പൂജ വരെ 118 വകുപ്പുകളായി സമാജത്തിലെ എല്ലാം വിഭാഗങ്ങളെയും കോര്‍ത്തിണക്കി ക്ഷേത്രകാര്യങ്ങള്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.
ഒരു ദിവസം ആറ് തവണയായി 56 വിഭവങ്ങള്‍ ജഗന്നാഥനും സഹോദരങ്ങള്‍ക്കും ദേവി വിമലയ്‌ക്കും നിവേദിക്കുന്നു. ക്ഷേത്രത്തിലെ മഹാപ്രസാദം വിഭവങ്ങളിലെ വൈവിധ്യം കൊണ്ട് സമാനതകള്‍ ഇല്ലാത്തതാണ്. അതുണ്ടാക്കുന്നതും ലോകത്തേ എറ്റവും വലിയതും പൗരാണികവുമായ ക്ഷേത്ര അടുക്കളയിലാണ്. നിവേദിച്ച ശേഷം മഹാപ്രസാദം വിതരണം ചെയ്യുന്നതും ക്ഷേത്രത്തിനകത്തേ വിശാലമായ ആനന്ദ ബസാറിലാണ്. പന്തി ഭോജനം മറ്റിടങ്ങളില്‍ സാമൂഹിക വിപ്ലവം ആയി അവതരിപ്പിച്ചിട്ട് നൂറ് വര്‍ഷം പിന്നിടുന്നതേയുള്ളു. ജഗന്നാഥ ക്ഷേത്രത്തില്‍ പന്തിഭോജനം തുടങ്ങിയിട്ട് ആയിരത്തിലധികം വര്‍ഷമായി. പരമ്പരാഗത ചിട്ടകള്‍ അണുവിട തെറ്റിയ്‌ക്കാതെ, മണ്‍ചട്ടികളില്‍ ആവിയില്‍ നിര്‍മ്മിച്ച് കൈ കൊണ്ട് വാരി വിളമ്പുന്ന മഹാപ്രസാദം ഒറിസക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. അതാണ് ജഗന്നാഥ സംസ്‌കാരത്തിന്റെ മൂലക്കല്ല്. മഹാപ്രസാദത്തിന്റെ ചുമതല വനവാസി പുരോഹിതരുടെ പിന്തുടര്‍ച്ചക്കാര്‍ക്കാണ്
‘മദ്ദള പഞ്ചി ‘1200 വര്‍ഷമായുള്ള ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളുടെ ഔദ്യോഗിക രേഖയാണ്. അതുപ്രകാരം പുരി ജഗന്നാഥ ക്ഷേത്രം എഡി 800ല്‍ തുടങ്ങി പതിനെട്ട് തവണ ആക്രമിക്കപ്പെട്ടു. മദ്ധ്യകാലഘട്ടത്തിലെ രാജാക്കന്മാരുടെ ദീര്‍ഘ വീക്ഷണമുള്ള സോഷ്യല്‍ എന്‍ജിനീയറിങ്, ആക്രമങ്ങളെ അതിജീവിക്കാന്‍ ഒഡീഷയിലെ ഹൈന്ദവ സംസ്‌കാരത്തെ പ്രാപ്തമാക്കി. 1611 ല്‍ ജഹാംഗീര്‍ ക്ഷേത്രം ആക്രമിച്ചപ്പോള്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ അനുസരിച്ച് രാജവിന്റെ് മകളെയും മൂന്ന് ലക്ഷം രൂപയും രാജ്യത്തേ ഏറ്റവും മികച്ച ഗജസേനയേയും ആണ് ആവശ്യപ്പെട്ടത്. ഔറംഗം സേബ് 1692ല്‍ പുരി ജഗന്നാഥ ക്ഷേത്രം തകര്‍ക്കാന്‍ ഉത്തരവിട്ടു. വിഗ്രഹങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഔറംഗസേബിന്റെ ഗവര്‍ണര്‍ക്ക് കൈക്കൂലി കൊടുത്ത് ക്ഷേത്രം തകര്‍ത്തു എന്ന വ്യാജപ്രചാരണം നടത്തി 1707ല്‍ ഔറംഗ സേബ് മരിക്കുന്നതു വരെ ക്ഷേത്രം അടച്ചിടുകയായിരുന്നു.
1731 ല്‍ പുരി രാജാവിനെ മുഗളന്മാര്‍ തടവിലാക്കി മതംമാറ്റി ബംഗാള്‍ നവാവിന്റെ മകളായ റസിയയെ കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം നടത്തി. അടുത്ത അഞ്ച് വര്‍ഷവും രഥയാത്രയില്‍ പുരിയിലെ രാജാവിനെ ക്ഷേത്രത്തില്‍ കയറ്റാന്‍ ഭക്തര്‍ അനുവദിച്ചില്ല. ജഗന്നാഥ ഭക്തനായ രാജാവ് അയല്‍ രാജ്യത്ത് അഭയം പ്രാപിച്ച് അത്മഹത്യ ചെയ്യുകയായിരുന്നു. വലിയ ത്യാഗങ്ങളാണ് പുരിയ്‌ക്ക് വേണ്ടി കാലങ്ങളായി പുരിയിലെ ഗജപതി രാജക്കന്മാര്‍ ചെയ്തത്.
വലിയ കടല്‍ത്തീരവും മഹാനദിയുമുള്ള ഒറീസയില്‍ മൗര്യ സാമ്രാജ്യകാലഘട്ടം മുതല്‍ ലോകമെങ്ങുമായി വാണിജ്യ ഇടപാടുകളുണ്ട്. അതിന്റെ ഓര്‍മ നിലനിര്‍ത്താന്‍ ഇപ്പോഴും ഒഡീഷയില്‍ നദികളില്‍ ദീപം ഒഴുക്കിവിട്ടുകൊണ്ട് വര്‍ഷം തോറും ബാലി ഉത്സവം നടത്തുന്നു. യവനമാര്‍ മുതല്‍ അറബികളും പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഒഡീഷയില്‍ കച്ചവടത്തിനെത്തി. അവര്‍ക്കാര്‍ക്കും ഇവിടുത്തെ ഹൈന്ദവികതയെ തകര്‍ക്കാന്‍ കഴിഞ്ഞില്ല.
ഇന്ന് ഒഡീഷയില്‍ നൂറ് കണക്കിന് ജഗന്നാഥ ക്ഷേത്രങ്ങളുണ്ട്. അതൊക്കെ അബ്രാഹ്മണ- ബ്രാഹ്മണ വ്യത്യാസങ്ങളില്ലാതെ പൂജ നടക്കുന്ന ക്ഷേത്രങ്ങളാണ്.
എല്ലാം അധിനിവേശ ശ്രമങ്ങളേയും തകര്‍ത്ത ജഗന്നാഥന്റെ രഥയാത്ര മുന്നോട്ടുപോകുകയാണ്. പാര്‍ത്ഥസാരഥി രഥം ഭാരതത്തില്‍ അങ്ങോളമിങ്ങോളം പരിചിതമാണങ്കിലും പുരിയിലെ രഥംവും യാത്രയും,രാജാക്കന്മാര്‍ ശ്രദ്ധയോടെ വളര്‍ത്തിയെടുത്ത ഒഡീഷയുടെ സാംസ്‌കാരിക മാതൃകയും ഭാരതത്തില്‍ വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.
ജഗന്നാഥസംസ്‌കാരം എന്നറിയപ്പെടുന്ന ആ സാംസ്‌കാരിക മാതൃകയാണ് ഒഡീഷ 95 ശതമാനം ഹിന്ദുക്കളുള്ള സംസ്ഥാനമായി ഇന്നും തുടരുന്നതിന്റെ അടിസ്ഥാനം. ആ സംസ്്കാരത്തിന്റെ ജൈത്രയാത്രയാണ് ഒരോ വര്‍ഷത്തേയും രഥയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: