Kerala

ബിന്ദുവിന്റെ മകന് താത്കാലിക ജോലി, മകള്‍ക്ക് ചികില്‍സാ സഹായം, ശവസംസ്‌കാരത്തിന് അമ്പതിനായിരംരൂപ

Published by

കോട്ടയം: തകര്‍ന്നു വീണ മെഡിക്കല്‍ കോളേജ് കെട്ടിടംത്തിനടിയില്‍ പെട്ട് ദാരുണമായി മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മകന് താത്്കാലിക ജോലി നല്‍കുമെന്നും മകളുടെ ചികില്‍സയ്‌ക്കു വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുമെന്നും മന്ത്രി വി. എന്‍. വാസവന്‍ കുടുംബത്തെ അറിയിച്ചു. ശവസംസ്‌കാര ചടങ്ങിനുള്ള ധനസഹായമായ അമ്പതിനായിരം രൂപ കുടുംബത്തെ ഏല്‍പ്പിക്കാന്‍ എത്തിയതായിരുന്നു മന്ത്രി. ഈ തുക ബിന്ദുവിന്‌റെ മാതാവിനെ മന്ത്രി ഏല്‍പ്പിച്ചു. കുടുംബത്തിനുള്ള നഷ്ടപരിഹാരം എത്രയെന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കും. മകള്‍ നവമിയുടെ ചികില്‍സാര്‍ത്ഥമാണ് ബിന്ദു മെഡിക്കല്‍ കോളേജിലെത്തിയതും ദുരന്തത്തിനിരയായതും അതിനാല്‍ ആ കുട്ടിയുടെ ചികില്‍സയ്‌ക്കു വേണ്ടതെല്ലാം സൗജന്യമായി ചെയ്തു നല്‍കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും. അവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകും. മുഖ്യമന്ത്രി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by