കോട്ടയം:മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം തകര്‍ന്നുളള തലയോലപറമ്പ് സ്വദേശിനി ബിന്ദുവിന്റെ മരണം അതിദാരുണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതം മരണകാരണമായെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഭാരമുള്ള വസ്തുക്കള്‍ ശരീരത്തേക്ക് വീണാണ് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോണ്‍ക്രീറ്റ് തൂണുകള്‍ വീണ് ബിന്ദുവിന്റെ തലയോട്ടി തകര്‍ന്നെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഉളളത്. വാരിയെല്ലുകള്‍ ഒടിഞ്ഞ് ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും തുളച്ചുകയറി.മുഖത്തും സാരമായ പരിക്കേറ്റിരുന്നു.
ബിന്ദു കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ശ്വാസം മുട്ടി മരിച്ചെന്ന വാദം ശരിയല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.ബിന്ദുവിനെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത സമയത്ത് ശ്വാസം ഉണ്ടായിരുന്നതായാണ് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നത്.
അതിനിടെ, ബിന്ദുവിന്റെ സംസ്കാരച്ചടങ്ങുകള്‍ വെളളിയാഴ്ച ഉച്ചയോടെ സമീപമുളള സഹോദരിയുടെ വീട്ടുവളപ്പില്‍ നടന്നു. മകന് നവനീതാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്.ചടങ്ങില്‍ വന്‍ ജനാവലി പങ്കെടുത്തു.
രാവിലെ പത്ത് മണിയോടെയാണ് ബിന്ദുവിന്റെ മൃതദേഹം വീട്ടില്‍ എത്തിച്ചത്. സംസ്കാര ചടങ്ങില്‍ മന്ത്രിമാരാരും പങ്കെടുത്തില്ല. അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫും അടക്കം യു ഡി എഫ് നേതാക്കളും ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനും എത്തിയിരുന്നു. ഇതിനിടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ബിജെപിയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ ധര്‍ണയും പ്രകടനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: