കോട്ടയം : മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് തലയോലപറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ ഒരു ദിവസത്തെ മൗനത്തിന് ശേഷം പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
വേദനാജനകമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തും. മരിച്ച ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതല്‍ ശക്തിയോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും ദുരന്തസ്ഥലം സന്ദര്‍ശിച്ചില്ല. അഞ്ച് മിനിട്ട് മാത്രമാണ് സ്ഥലത്ത് മുഖ്യമന്ത്രി ചെലവഴിച്ചത്.ശക്തമായ പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിലെത്തിയത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്ന സംഭവമുണ്ടായിരുന്നു.
അതിനിടെ,കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം ദൗര്‍ഭാഗ്യകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖം എല്ലാവരെയും വേദനിപ്പിക്കുന്നു. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാരായ വീണാ ജോര്‍ജിനും വിഎന്‍ വാസവനും എതിരെ കെട്ടിച്ചമച്ച പ്രചാരവേല നടക്കുന്നതായും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
നാല് വര്‍ഷമായി ആവശ്യപ്പെടുന്നതാണ് രാജി. ആരും രാജി വെക്കാന്‍ പോകുന്നില്ല.അപ്പോള്‍ കിട്ടിയ വിവരമാണ് മൈക്ക് നീട്ടിയപ്പോള്‍ മന്ത്രി വീണ ജോര്‍ജ് പറഞ്ഞത്- എം വി ഗോവിന്ദന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: