കോട്ടയം: കാലപ്പഴക്കത്താൽ കെട്ടിടം തകർന്നു വീണ കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഉപയോഗ ശൂന്യമായ വാര്‍ഡിന്റെ ഭാഗങ്ങളാണ് തകര്‍ന്നതെന്ന് അധികൃതരും മന്ത്രിമാരും പ്രതികരിച്ചിരുന്നെങ്കിലും ഈ വാര്‍ഡില്‍ നിരവധി അന്തേവാസികള്‍ ഉണ്ടായിരുന്നതായി മാധ്യമങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തെളിയിച്ചിരുന്നു.
കെട്ടിടഭാഗം തകര്‍ന്നുവീണ് തലയോലപറമ്പ് സ്വദേശിനി ബിന്ദു മരിച്ചതിന് പിന്നാലെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയിരിക്കുന്നത്. അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അരുൺ കെ. ഫിലിപ്പ് പറഞ്ഞു. നിലവിൽ അപകടകരമായ കെട്ടിടങ്ങളുടെ അവസ്ഥയറിക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്ക് നോട്ടീസ് നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം.
പല കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധമാണെന്ന് വൈസ് പ്രസിഡന്‍റ് അരുൺ കെ ഫിലിപ്പ് വിമര്‍ശിച്ചു. നിയമങ്ങളെ വളച്ചൊടിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. പുതിയ കെട്ടിടങ്ങൾക്ക് പോലും അപകടമുണ്ടായാൽ രക്ഷപ്രവർത്തനത്തിന് സൗകര്യമില്ല. അധികൃതരോട് ചോദിച്ചാൽ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.
അതേസമയം, അപകടത്തിനെക്കുറിച്ച് ഇന്ന് ജില്ലാ കളക്ടര്‍ വിശദമായ അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ കയറിയതിനെ കുറിച്ച് അന്വേഷിക്കും. അപകടത്തില്‍ ജീവന്‍ നഷ്ടമായ ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് തലയോലപറമ്പില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: