Cricket

ഗില്‍ ഡേ; ഭാരതത്തിന് 587, ഗില്ലിന് 269

Published by

ബിര്‍മിങ്ങാം: ഭാരത നായകന്‍ ശുഭ്മന്‍ ഗില്‍ തന്റേതാക്കിയ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ടീം ടോട്ടല്‍ 587 റണ്‍സിലേക്ക് ഉയര്‍ന്നു. ആദ്യദിനത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഭാരതത്തിന് രണ്ടാം ദിവസം ഗില്ലിന്റെ ഇരട്ട സെഞ്ച്വറിക്കൊപ്പം രവീന്ദ്ര ജഡേജ(89) പൊരുതി നിന്നതും നിര്‍ണായകമായി. രണ്ടാം ടെസ്റ്റില്‍ അവസരം ലഭിച്ച വാഷിങ്ടണ്‍ സുന്ദറും(42) തന്റെ റോള്‍ ഗംഭീരമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് മൂന്ന് ഓവറുകള്‍ പിന്നിടുമ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.

ഭാരതത്തിന്റെ കൂറ്റന്‍ സ്‌കോറിനെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന്റെ വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയത് ആകാശ് ദീപാണ്. മൂന്നാം ഓവറില്‍ തുടരെയുള്ള പന്തുകളില്‍ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെയും ഓല്ലിപോപ്പിനെയും പൂജ്യത്തിന് പുറത്താക്കിയത് ആകാശ് ദീപ് ആണ്. വിശ്രമം അനുവദിക്കപ്പെട്ട ജസ്പ്രീത് ബുംറയ്‌ക്ക് പകരക്കാരനായാണ് രണ്ടാം ടെസ്റ്റില്‍ ആകാശ് ദീപ് എത്തിയത്. ഡക്കറ്റിനെ ഗില്ലിന്റെ കൈകളിലെത്തിച്ച ആകാശിന്റെ തൊട്ടടുത്ത പന്ത് കട്ട് ചെയ്യാന്‍ ശ്രമിച്ച ഒല്ലി പോപ്പിനെ കെ.എല്‍. രാഹുല്‍ പിടികൂടുകയായിരുന്നു.

നേരത്തെ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കി ഭാരത നായകന്‍ ശുഭ്മന്‍ ഗില്‍ ഇംഗ്ലണ്ട് പിച്ചുകളില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ഭാരതീയനായി. വിരാട് കോഹ്‌ലിയെ ആണ് മറികടന്നത്. 387 പന്തുകള്‍ നേരിട്ട ഗില്‍ 30 ബൗണ്ടറികളും മൂന്ന് സിക്‌സറും സഹിതം 269 റണ്‍സെടുത്തു. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ആറാം വിക്കറ്റില്‍ 203 റണ്‍സാണ് നേടിയത്. പിന്നാലെ വാഷിങ്ടണ്‍ സുന്ദറിനൊപ്പം ഏഴാം വിക്കറ്റില്‍ 144 റണ്‍സും കൂട്ടിചേര്‍ത്തു. ഇംഗ്ലണ്ടിന്റെ ജോഷ് ടംഗ് രണ്ടും ഷോയിബ് ബാഷിര്‍ മൂന്നും വിക്കറ്റ് നേടി.

ഗില്‍ മികച്ച ഫോം കണ്ടെത്തിയതോടെ രവീന്ദ്ര ജഡേജയ്‌ക്കും ധീരമായി പോരുതാനായി. ജഡേജ ഫോമിലേക്ക് ഉയര്‍ന്ന അവസരം മുതലാക്കി ഗില്‍ കളം നിറഞ്ഞു കളിച്ചു. ഇരുവരും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ച് പലതും പയറ്റിയിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഒടുവില്‍ ജോഷ് ടംഗിന്റെ ബൗളിങ്ങില്‍ ജഡേജ വീണു. ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഗില്ലിനെ പുറത്താക്കിയതും ടംഗ് ആണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by