മലപ്പുറം : ലഹരി വിരുദ്ധ ക്യാമ്പയിനിനോടനുബന്ധിച്ച് വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് സൂംബ പരിശീലനം നല്‍കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാരിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ടികെ അഷ്റഫിനെതിരെ സ്‌കൂള്‍ അധികൃതരാണ് നടപടി എടുത്തത്. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണമാണ് നടപടി.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഭാരവാഹിയാണ് എടത്തനാട്ടുകര ടി എ എം യു പി സ്‌കൂളിലെ അധ്യാപകനായ ടികെ അഷ്‌റഫ്.സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാന്‍സ് പദ്ധതി നടപ്പിലാക്കുന്നത്.
സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയായ ടി കെ അഷ്റഫാണ് ആദ്യം രംഗത്തെത്തിയത്.പൊതുവിദ്യാലയത്തിലേക്ക് താന്‍ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യമിട്ടാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് സംഗീതത്തിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ലെന്നുമായിരുന്നു അഷ്‌റഫ് പറഞ്ഞത്.
















