ആലപ്പുഴ: ഭർത്താവുമായി പിണങ്ങിക്കഴിയുന്ന മകളെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. . മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനെ പിതാവ് കൊലപ്പെടുത്തിയത് ജാസ്മിന്റെ രാത്രിയാത്രയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ജാസ്മിന്റെ പിതാവ് ഫ്രാൻസിസിനെ (ജോസ് മോൻ, 53) ഇന്നലെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുപത്തെട്ടുകാരിയായ ജാസ്മിൻ ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു താമസം.
ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനാണ് എയ്ഞ്ചൽ ജാസ്മിൻ. ഭർത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു യുവതി താമസം. എയ്ഞ്ചൽ സ്ഥിരമായി രാത്രിയിൽ പുറത്തപോകാറുണ്ടായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിന്റെ പേരിൽ ഇതിനു മുമ്പും വീട്ടിൽ തർക്കങ്ങളുണ്ടായിരുന്നു. നാട്ടുകാരിൽ ചിലർ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടിൽ ഫ്രാൻസിസിനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് ശകാരിച്ചു.
ഇതു വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തിൽ ഞെരിച്ചു. തുടർന്ന് തോർത്തിട്ടു മുറുക്കി. ഫ്രാൻസിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.എയ്ഞ്ചൽ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളിൽത്തന്നെ ഇരുന്നു. പുലർച്ചെ 6 മണിയോടെ എയ്ഞ്ചലിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നു പറഞ്ഞു ഇവർ കരഞ്ഞതോടെയാണ് അയൽവാസികൾ വിവരം അറിഞ്ഞതെന്നു പൊലീസ് പറയുന്നു.
കരച്ചിൽ കേട്ടെത്തിയ അയൽവാസികളോട് മകൾ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്. പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ വീട്ടിലെത്തുമ്പോൾ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടർന്ന് ചെട്ടികാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. മണ്ണഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിൽ കഴുത്തിലെ പാട് ശ്രദ്ധയിൽപെട്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയത്. തുടർന്നു ഫ്രാൻസിസിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ കൊലപാതകമാണെന്നു സമ്മതിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ഒമ്പതു മണിക്ക് പുറത്തു പോയ ജാസ്മിൻ പത്തരയോടെയാണ് തിരിച്ചെത്തിയത്. ഇതു സംബന്ധിച്ച് തർക്കമുണ്ടായി എന്നാണ് ഫ്രാൻസിസ് പറയുന്നത്. പിടിവലിക്കിടെ എയ്ഞ്ചലിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തോർത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ഫ്രാൻസിസ് പൊലീസിനു നൽകിയ മൊഴി. ഇന്നലെ രാത്രി മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ടോൾസൺ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി വീട്ടുകാരെ പ്രത്യേകം ചോദ്യം ചെയ്തു. ഫ്രാൻസിസിന്റെ ഭാര്യ സിന്ധുവിനെയും കേസിൽ പ്രതി ചേർത്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: