India

സോണിയയും രാഹുലും ഗൂഢാലോചന നടത്തിയത് 2,000 കോടിയുടെ ആസ്തി കൈവശപ്പെടുത്താൻ ; അനധികൃതമായി നേടിയത് 988 കോടി ; ഇഡി

Published by

ന്യൂഡൽഹി : കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും 2,000 കോടി രൂപ ആസ്തിയുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് കൈവശപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായി ഇഡി . പ്രത്യേക സിബിഐ കോടതിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം പറഞ്ഞത്.

കോൺഗ്രസ് പാർട്ടിയുടെ താൽപ്പര്യപ്രകാരമാണിതെന്നും ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വി. രാജു നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ വാദകേൾക്കലിനിടെ പറഞ്ഞു.

പ്രത്യേക സിബിഐ ജഡ്ജി വിശാൽ ഗോഗ്നെയാണ് കേസ് പരിഗണിക്കുന്നത്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സ്ഥാപിച്ച നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്നത് എജെഎൽ ആയിരുന്നു.

കോൺഗ്രസിൽനിന്ന് എടുത്ത 90 കോടി രൂപയുടെ വായ്പയ്‌ക്കായി 2,000 കോടി രൂപയുടെ ആസ്തികൾ വകമാറ്റുന്നതിനായി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും 76% ഓഹരി ഉടമസ്ഥതയുള്ള യംഗ് ഇന്ത്യൻ ട്രസ്റ്റ് രൂപീകരിക്കാൻ ഗൂഢാലോചന നടത്തിയതായി വി. രാജു വാദിച്ചു.

മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നിർദ്ദേശപ്രകാരം പരസ്യ ഇനത്തിൽ ലഭിച്ച പണം പോലും എജെഎല്ലിന് കൈമാറിയതായാണ് ആരോപണം. മെയ് 21-ന് നടത്തിയ വാദംകേൾക്കലിൽ, കേസുമായി ബന്ധപ്പെട്ട് 142 കോടി രൂപയുടെ ‘വരുമാനം’ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നേടിയതായും ഇഡി കോടതിയിൽ റഞ്ഞു.

അനധികൃതമായി നേടിയ വരുമാനം 988 കോടി രൂപയുടേതാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. നാഷണൽ ഹെറാൾഡിന്റെ യഥാർത്ഥ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) ഉൾപ്പെടുന്ന പൊതു ട്രസ്റ്റുകളെ വ്യക്തിഗത സ്വത്തുക്കളാക്കി മാറ്റിക്കൊണ്ട് കോൺഗ്രസ് നേതൃത്വം ദുരുപയോഗം ചെയ്തുവെന്നും കുറ്റപത്രത്തിൽ ഉണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by