പുതിയ വിദ്യാഭ്യാസ വര്‍ഷത്തിന് തുടക്കമായിരിക്കുന്നു.ഏറെ പ്രതീക്ഷകളോടെയാണ് രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ വിദ്യാലയങ്ങളിലേക്ക് പറഞ്ഞയക്കുന്നത്. പഠിച്ചു മിടുക്കരാകണമെന്ന മനോഹരമായ സ്വപ്‌നവുമായി കലാലയങ്ങളിലേക്കെത്തുന്ന പഠിതാക്കളെ പക്ഷെ, കാത്തു നില്‍ക്കുന്നത് ശുഭകരമായ അന്തരീക്ഷമല്ലെന്നാണ് ക്യാമ്പസുകളില്‍ നിന്നുള്ള വാര്‍ത്തകള്‍. റാഗിങ്ങിന്റെ പേരിലും മറവിലും സഹപാഠിയെ നിഷ്ഠൂരമായി കൊല്ലാനും പീഡിപ്പിക്കാനും തയ്യാറാകുന്ന ഒരു തലമുറയുടെ കാലത്താണ് നാം ജീവിക്കുന്നത്. കൊലയാളികള്‍ക്കും അവരുടെ സംരക്ഷകര്‍ക്കും എല്ലാ സംരക്ഷണവും ലഭിക്കുന്നുവെന്നതാണ് റാഗിങ് കേസുകളുടെ ചരിത്രവും പറയുന്നത്.
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാല പൂക്കോട് ക്യാമ്പസില്‍ 2024 ഫെബ്രുവരി 18 ന് ക്രൂരമായ റാഗിങ്ങിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട ജെ.എസ്.സിദ്ധാര്‍ത്ഥന്റെ കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസം ഉണ്ടായ ഹൈക്കോടതി വിധി ഈ സാഹചര്യത്തില്‍ സുപ്രധാനമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ്ങിന് കടുത്ത ശിക്ഷ നല്‍കുന്ന കര്‍ശന നിയമം നടപ്പാക്കണമെന്നാണ് സര്‍ക്കാരിനോട് ജസ്റ്റിസ് ഡി.കെ.സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരിമിതികളിലേക്കാണ് കോടതിയുടെ നിരീക്ഷണം ചെന്നെത്തി നില്‍ക്കുന്നത്. ക്രൂരമായ റാഗിങ്ങിന് നേതൃത്വം നല്‍കിയ കുറ്റവാളികളെ സംരക്ഷിക്കുവാന്‍ സ്ഥാപന മേധാവികളടക്കം തയ്യാറാവുന്നു. ഭരണസ്വാധീനവും സംഘടനാ ശക്തിയും ഉപയോഗപ്പെടുത്തി അവര്‍ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുന്നു.2016 മുതല്‍ 2025 വരെ സ്‌കൂള്‍, കോളജ് ക്യാമ്പസുകളില്‍ റാഗിങ്ങിനെത്തുടര്‍ന്ന് ആരും മരണപ്പെട്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. അതിനര്‍ത്ഥം സിദ്ധാര്‍ത്ഥന്റെ മരണം സര്‍ക്കാര്‍ ആത്മഹത്യയാക്കി തീര്‍പ്പുകല്‍പ്പിച്ചു കഴിഞ്ഞുവെന്നാണല്ലോ.
പല സംഭവങ്ങളും സ്ഥാപനത്തിന്റെ ‘കീര്‍ത്തി’ എന്ന കരിമ്പടത്തിന് കീഴില്‍ ഒളിച്ചുവെക്കപ്പെടുന്നു. കേസാകുന്ന സന്ദര്‍ങ്ങളില്‍ പോലും റാഗിങ് വിരുദ്ധ നിയമത്തിന്റെ വകുപ്പുകള്‍ ചേര്‍ക്കുന്നില്ല. ഭീഷണിയുടെയും ഒത്തുതീര്‍പ്പുകളുടെയും ഇടയില്‍ മക്കളുടെ ഭാവിയെക്കരുതി കേസിന്റെ നൂലാമാലകളില്‍നിന്നകന്ന് രക്ഷപ്പെടാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുന്നു.
റാഗിങ് വിരുദ്ധ കമ്മിറ്റികളും സ്‌ക്വാഡുകളും കടലാസിലൊതുങ്ങുന്നതും വിരളമല്ല. 1998 ലെ കേരള റാഗിങ് നിരോധന നിയമം, റാഗിങ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ്, 2009 ലെ യുജിസി ചട്ടങ്ങള്‍ എന്നിവയൊക്കെ ഉണ്ടായിട്ടും ക്യാമ്പസുകള്‍ റാഗിങ് വിമുക്തമാവുന്നില്ല. വെര്‍ച്വല്‍ റാഗിങ്ങില്‍ തുടങ്ങി പേപ്പട്ടിയെ അടിച്ചു കൊല്ലുന്നത് വരെയെത്തി നില്‍ക്കുന്നു പുതു തലമുറയുടെ സഹപാഠിയോടുള്ള ക്രൂരതകള്‍. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള വേട്ട പുതിയ ആക്രമണ രീതിയാണ്. മാറിയ കാലത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ച് വേട്ടക്കാര്‍ പുതിയ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. ഇരയുടെ നിസ്സഹായത എന്നും വര്‍ധിക്കുന്നതേയുള്ളൂ.
ക്യാമ്പസുകളിലെ റാഗിങ് ഒറ്റപ്പെട്ട ഒന്നല്ല. മദ്യവും മയക്കുമരുന്നും അരാജക മനോനിലയും ചേര്‍ന്നുണ്ടാകുന്ന ഇരുട്ടിലാണ് റാഗിങ് എന്ന മാനസിക വൈകൃതം തഴച്ചുവളരുന്നത്. ഇതര വിദ്യാര്‍ത്ഥി സംഘടനകളില്‍ പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിനുള്ള ശിക്ഷയായും പാര്‍ടി ഗ്രാമ ശൈലിയില്‍ റാഗിങ് വേഷം മാറി വരുന്നു. കര്‍ശനമായ നിയമങ്ങളും നിരീക്ഷണവും ഉണ്ടായാലേ റാഗിങ് ഇല്ലാതാക്കാനാകൂ. രക്ഷിതാവിന്റെ ഒപ്പുകൊണ്ടോ എന്‍ എസ് എസ് ക്യാമ്പുകളിലെ സംഘഗാനങ്ങള്‍ കൊണ്ടോ പരിഹരിക്കാവുന്നതല്ല ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങള്‍.യുവമനസുകളില്‍ മായാത്ത മുറിവുകളുണ്ടാക്കുകയും തിക്തമായ അനുഭവങ്ങളുടെ വേട്ടയാടലില്‍ നിന്ന് പുതിയ ക്രിമിനലുകള്‍ പിറക്കുകയും ചെയ്യുന്ന റാഗിങ്ങിന്റെ തുടര്‍ച്ചകള്‍ ഇല്ലാതാക്കപ്പെടണം. ഇരകള്‍ക്ക് നീതിയും ചികിത്സയും ഉറപ്പാക്കണം. ക്രിമിനലുകള്‍ പിഴവുകളില്ലാത്ത നിയമ നടപടിക്ക് വിധേയമാകണം. ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് കര്‍ശനമായ നിയമ വ്യവസ്ഥകളുണ്ടാക്കണം. അതിനേക്കാളുപരി വിദ്യാര്‍ത്ഥി സമൂഹത്തെ നന്മയുടെ തീരങ്ങളിലേക്ക് ആനയിക്കണം. റാപ്പും സൂംബയുമല്ല, മറിച്ച് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മന:ശാന്തിയുടെ യോഗ പാഠങ്ങളിലേക്ക് പുതുതലമുറ വഴിതെളിക്കപ്പെടണം. ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയുടെ ഗുരുവരുളുകള്‍ അവര്‍ക്ക് മാര്‍ഗദീപമാകണം. അനുകമ്പയുടെ ആദ്യപാഠങ്ങളില്‍ നിന്നാകട്ടെ അവരുടെ അക്ഷര പ്രവേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: