ന്യൂദല്‍ഹി: പാക് നടി ഹാനിയ അമീറിനെ നായികയാക്കിയതിന്റെ പേരില്‍ ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3ന് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ പാകിസ്ഥാനില്‍ ഈ സിനിമ തകര്‍ത്തോടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്ഥാനികള്‍ ഈ സിനിമ വിജയിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമച്ച വ്യാജ റിപ്പോര്‍ട്ടുകളാണോ എന്നും ചിലര്‍ സംശയം ഉയര്‍ത്തുന്നുണ്ട്.
പഹല്‍ ഗാം ആക്രമണത്തെതുടര്‍ന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് ഈ സിനിമയുടെ റിലീസ് ഇന്ത്യയില്‍ തടയണമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. അപകടം മുന്‍കൂട്ടി അറിഞ്ഞ സിനിമയുടെ നിര്‍മ്മാതാക്കള്‍ ഈ സിനിമ ഇപ്പോള്‍ ഇന്ത്യയ്‌ക്ക് പുറത്ത് മാത്രമാണ് റിലീസ് ചെയ്തിരിക്കുന്നത്. പാകിസ്ഥാനിലെ പ്രേക്ഷകര്‍ സിനിമ കണ്ട് ഇന്ത്യയോട് പ്രതികാരം തീര്‍ക്കുകയാണെന്ന് പറയപ്പെടുന്നു. ഏകദേശം അഞ്ച് ലക്ഷം ഡോളറോളം ആദ്യ ദിനങ്ങളില്‍ കളക്ഷന്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യാ-പാക് സംഘര്‍ഷത്തിനിടയില്‍ പാകിസ്ഥാന്‍ താരങ്ങളെ ബോളിവുഡ് താരങ്ങളുമായി ചേര്‍ന്ന് അഭിനയിപ്പിച്ച് സിനിമ നിര്‍മ്മിക്കുന്ന ട്രെന്‍ഡ് കൂടിവരികയാണ്. ഇതിന് പിന്നീല്‍ ചില ആസൂത്രിത നീക്കങ്ങളാണെന്ന് അറിയുന്നു. കാനഡയില്‍ നിന്നുള്ള നിര്‍മ്മാതാക്കളാണ് ഈ സിനിമകള്‍ നിര്‍മ്മിക്കുന്നത്. ഇതിന് പിന്നില്‍ ഖലിസ്ഥാന്‍ ഗ്രൂപ്പുകള്‍ ഉണ്ടെന്ന് അറിയുന്നു. അക്കൂട്ടത്തില്‍പ്പെട്ട ഒരു സിനിമയാണ് സര്‍ദാര്‍ജി 3 എന്നാണ് കരുതപ്പെടുന്നത്.
ഇതിലെ നായികയായ പാക് നടി ഹാനിയ അമീര്‍ ഇന്ത്യയ്‌ക്കെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇന്ത്യന്‍ സേനയെ ഭീരുക്കള്‍ എന്നാണ് ഹാനിയ അമീര്‍ വിളിച്ചിരുന്നത്. പഹല്‍ ഗാം ആക്രമണത്തിന് പിന്നില്‍ പാക് ഭീകരരാണെന്ന കുറ്റപ്പെടുത്തല്‍ വേണ്ടത്ര തെളിവില്ലാതെയാണെന്നും ഹനിയ അമീര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഹാനിയ അമീറിനെതിരെ ഇന്ത്യയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. “ബോളിവുഡിലെ നടന്മാര്‍ എന്തിനാണ് പാകിസ്ഥാന്‍ നടികളുമായി ചേര്‍ന്ന് അഭിനയിക്കുന്നത്? ഇതിന് കാനഡയില്‍ നിന്നും പണം മുടക്കുന്നതാര്?”- പുതിയ ട്രെന്‍ഡിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് റിപ്പബ്ലിക് ടിവിയുടെ അര്‍ണാബ് ഗോസ്വാമി. ഇതിന് പിന്നില്‍ ഇന്ത്യയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുണ്ടെന്നും അര്‍ണബ് പറയുന്നു.
ബോളിവുഡിലെ നിര്‍മ്മാതാക്കളും നടീനടന്മാരും ടെക്നീഷ്യന്‍മാരും ഈ ട്രെന്‍ഡിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ ഒരാളുടെയും സാന്നിധ്യം ഇന്ത്യന്‍ സിനിമയില്‍ വേണ്ടെന്നും അത്തരം കൂട്ടായ്മകള്‍ ഉണ്ടെങ്കില്‍ ആ സിനിമ ഇന്ത്യയില്‍ നിരോധിക്കണമെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: