ന്യൂദൽഹി: അപകടത്തിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യ വിമാനം. ജൂൺ 14-നായിരുന്നു സംഭവം. ദൽഹിയിൽ നിന്ന് വിയന്നയിലേക്കുള്ള എഐ 187 എന്ന ബോയിങ് 777 വിമാനമാണ് 900 അടി താഴ്‌ച്ചയിലേക്ക് പതിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ അപകട സാഹചര്യത്തിലക്ക് നീങ്ങുകയായിരുന്നു. ഉയർന്നുപൊങ്ങിയ ഉടൻ 900 അടി താഴേക്ക് പതിച്ച വിമാനം പിന്നീട് നിയന്ത്രണം വീണ്ടെടുത്ത് സുരക്ഷിതമായി പറന്നു.
സംഭവത്തെ തുടർന്ന് പൈലറ്റുമാരെ അന്വേഷണത്തിനായി മാറ്റിനിർത്തിയതായി എയർ ഇന്ത്യ അറിയിച്ചു. അഹമ്മദാബാദ് വിമാനാപകടം നടന്ന് വെറും രണ്ട് ദിവസത്തിനകമാണ് ഈ സംഭവം ഉണ്ടായത്. അപകടത്തിൽപ്പെട്ടതാകട്ടെ മറ്റൊരു ബോയിംഗ് വിമാനവും. ഒരു തവണ സ്റ്റാൾ വാണിങ്ങും രണ്ടു തവണ ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിങ്ങും ലഭിച്ചെന്നും അപകട മുന്നറിയിപ്പ് ലഭിച്ചതോടെ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വിമാനം സുരക്ഷിതമാക്കി യാത്ര തുടർന്നെന്നുമാണ് റിപ്പോർട്ടുകൾ.
ദൽഹിയിൽ നിന്ന് പുറപ്പെട്ട് ഏകദേശം 9 മണിക്കൂര്‍ എട്ടുമിനിറ്റ് പറന്ന് വിയന്നയിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനം പറന്നുയർന്ന രാത്രി ദൽഹിയിലെ കാലാവസ്ഥ മോശമായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. മോശം കാലാവസ്ഥ മൂലം ടേക്ക് ഓഫിന് പിന്നാലെയുണ്ടായ കുലുക്കം മാത്രായിരുന്നു ഇതെന്നാണ് പൈലറ്റുമാരുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ സ്റ്റിക് ഷേക്കര്‍ മുന്നറിയിപ്പിനെ കുറിച്ച് മാത്രം പരാമര്‍ശിക്കുകയും ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിങ് ഒഴിവാക്കുകയും ചെയ്തു.
പിന്നീട് ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ പരിശോധിച്ചതോടെയാണ് നടന്ന സംഭവത്തിന്റെ തീവ്രത വ്യക്തമായതും പൈലറ്റുമാരും സുരക്ഷാവിഭാഗവും വിവരം മറച്ചുവയ്‌ക്കാന്‍ ശ്രമിച്ചത് കണ്ടെത്തുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: