കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് കൊലചെയ്യപ്പെട്ട ഡോ. വന്ദനാദാസ് കേസിലെ പ്രതിക്ക് യാതൊരുവിധ മാനസിക രോഗത്തിന്റെയും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് കേസിലെ ദൃക്‌സാക്ഷികള്‍ കോടതിയില്‍ വ്യക്തമാക്കി.
കൊല്ലം അഡീ. സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെയാണ് സാക്ഷികള്‍ ഇപ്രകാരം മൊഴി നല്കിയത്. പ്രതി ശാരീരികമായി തനിക്ക് കീഴടക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള ഇരകളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ആയോധന മുറകളില്‍ പ്രാവീണ്യം നേടിയ വ്യക്തിയെപ്പോലെയാണ് പ്രതി സംഭവദിവസം ഇരകളെ ആക്രമിച്ചതെന്നും കേസിലെ ഒന്നാം സാക്ഷി ഡോ. ഷിബിന്‍ ക്രോസ് വിസ്താര വേളയില്‍ വ്യക്തമാക്കി.
പ്രതിക്ക് മാനസികരോഗം ഉണ്ടെന്നുള്ള പ്രതിഭാഗം അവകാശവാദവും സാക്ഷി കോടതിയില്‍ നിരാകരിച്ചു. പ്രതിയെ കുടവട്ടൂരില്‍ നിന്നും രാത്രിയില്‍ കൂട്ടിക്കൊണ്ടു വന്ന പൂയപ്പള്ളി പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ബേബി മോഹന്റെ ക്രോസ് വിസ്താരവും പൂര്‍ത്തിയായി. പ്രതി യാതൊരു മാനസിക അസുഖവും ഈ സമയങ്ങളില്‍ പ്രകടിപ്പിച്ചിരുന്നില്ലെന്ന് സാക്ഷി കോടതിയില്‍ വ്യക്തമാക്കി. കേസിലെ തുടര്‍സാക്ഷിവിസ്താരം ജൂലൈ 10ന് നടക്കും. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: