ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃപഠന ക്യാമ്പില്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തലിന് രൂക്ഷവിമര്‍ശനം. ഭാരവാഹികള്‍ ജനപ്രതിനിധികള്‍ ആയാല്‍ ഒഴിയണമെന്ന് ആവശ്യം. ക്യാപ്റ്റന്‍, മേജര്‍ പരാമര്‍ശങ്ങള്‍ നേതാക്കളെ അപഹാസ്യരാക്കുന്നതായും വിമര്‍ശനം ഉയര്‍ന്നു. സംഘടനാ പ്രമേയത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.
ഭാരവാഹിത്വത്തിലുള്ള ജനപ്രതിനിധികള്‍ക്ക് സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാനാകുന്നില്ല. ഇത്തരക്കാര്‍ ഭാരവാഹിത്വത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തയാറാകണമെന്ന് പാലക്കാട് നിന്നുള്ള പ്രതിനിധി ആവശ്യപ്പെട്ടു. താഴെത്തട്ടില്‍ പ്രവര്‍ത്തനം നടക്കുന്നില്ലന്നും യൂണിറ്റ് കമ്മിറ്റികള്‍ സജീവമല്ലന്നും വിമര്‍ശനം ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസില്‍ പ്രായപരിധി 40 ആയി വര്‍ധിപ്പിക്കണമെന്ന് പ്രമേയം അവതരിപ്പിച്ചെങ്കിലും 13 ജില്ലാ കമ്മറ്റികളും ഇതിനെ എതിര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് 50 ശതമാനം സീറ്റ് വേണമെന്നും ആവശ്യമുയര്‍ത്തിയ പ്രതിനിധികള്‍ ക്യാപ്റ്റന്‍, മേജര്‍ വിളികള്‍ നാണക്കേട് എന്നും അഭിപ്രായപ്പെട്ടു. നേതാക്കള്‍ അപഹാസ്യരാകരുതെന്ന് പ്രമേയ ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു. ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചര്‍ച്ചകള്‍ കോണ്‍ഗ്രസിന് നാണക്കേട് മാത്രമാണെന്നും ജനത്തിന് അവമതിപ്പുണ്ടാകുന്ന ഇടപെടലുകള്‍ നേതാക്കള്‍ ഒഴിവാക്കണമെന്നും വിളികള്‍ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കള്‍ തന്നെയെന്നും വിമര്‍ശനം ഉയര്‍ന്നു. വയനാടിനായി പിരിച്ച പണം എവിടെയെന്ന ചോദ്യവും പ്രതിനിധികള്‍ ഉന്നയിച്ചു.
മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിന്റെ പേരില്‍ പിരിച്ചത് എത്രയെന്നും, എന്ത് ചെയ്തു എന്നുമുള്ള കണക്ക് അവതരിപ്പിക്കണമെന്നും ഇടുക്കി ജില്ലയില്‍ നിന്നുള്ള പ്രതിനിധി ആവശ്യപ്പെട്ടു. ജനപ്രതിനിധി ആയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവെക്കില്ലന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നീട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായത് തെരഞ്ഞെടുപ്പിലൂടെയാണ്. അധ്യക്ഷസ്ഥാനം രാജിവെച്ചാല്‍ അത് വോട്ട് ചെയ്ത യൂത്ത് കോണ്‍ഗ്രസുകാരോടു ചെയ്യുന്ന നീതികേടാകും.
















