ജെറുസലേം : ഇറാനെ തകർക്കാൻ ലോകത്തെ ഏറ്റവും മാരകമായ ആയുധം വാങ്ങാനുള്ള നീക്കവുമായി ഇസ്രായേൽ . ഇസ്രായേൽ-ഇറാൻ സംഘർഷം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ടെഹ്‌റാനിലെ ഏറ്റവും ശക്തമായ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കാൻ ബെഞ്ചമിൻ നെതന്യാഹു ഇപ്പോൾ യുഎസ് നിർമ്മിത മാസിവ് ഓർഡനൻസ് പെനട്രേറ്റർ (എംഒപി) സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.
ഇസ്രായേൽ നിരവധി ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും, പർവതത്തിനടിയിൽ ആഴത്തിൽ നിർമ്മിച്ചിരിക്കുന്നതും , വ്യോമാക്രമണങ്ങളെ ചെറുക്കാൻ പറ്റും വിധത്തിൽ നിർമ്മിച്ചതുമായ ഫോർഡോ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റ് തകർക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. 200 അടി ഉയരമുള്ള പാറ വരെ തുളയ്‌ക്കാൻ കഴിവുള്ള 14 ടൺ ഭാരമുള്ള എംഒപിക്ക് മാത്രമേ അതിനെ നശിപ്പിക്കാൻ കഴിയൂ എന്ന് വിദഗ്‌ദ്ധർ പറയുന്നു.
ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ലയെ ലക്ഷ്യമാക്കി നടത്തിയ ബങ്കർ ബസ്റ്റർ ബോംബ് ആക്രമണത്തിൽ ബസ്റ്റർ ബോബ് ഇസ്രായേൽ പ്രയോഗിച്ചുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അന്ന് ബസ്റ്റർ ബോംബ് ആക്രമണത്തിൽ കൂറ്റൻ കെട്ടിടങ്ങൾ പോലും തകർന്നുവീണതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചിരുന്നു.
യുഎസ് സൈന്യം വികസിപ്പിച്ചെടുത്ത പ്രത്യേക ആയുധങ്ങളിലൊന്നാണ് ബങ്കർ ബസ്റ്റർ ബോംബുകൾ. GBU-57A/B എന്നറിയപ്പെടുന്ന മാസിവ് ഓർഡനൻസ് പെനട്രേറ്റർ (MOP), യുഎസ് സൈന്യത്തിലെ ഏറ്റവും ശക്തമായ നോൺ-ന്യൂക്ലിയർ ബങ്കർ ബസ്റ്റർ ബോംബാണ്. ഏകദേശം 14,000 കിലോഗ്രാം ഭാരമുള്ള ഇത്, ഭൂഗർഭ ബങ്കറുകൾ, ആണവ സൗകര്യങ്ങൾ തുടങ്ങിയ കഠിനവും ആഴത്തിൽ കുഴിച്ചിട്ടതുമായ ലക്ഷ്യങ്ങളെ നശിപ്പിക്കുന്നതിനാണ് വികസിപ്പിച്ചെടുത്തത്. ബങ്കറുകളിൽ കഴിയുന്ന ശത്രുവിനെ ഇല്ലാതാക്കാനാണ് പലപ്പോഴും ഈ ബോംബ് ഉപയോഗിക്കപ്പെട്ടത്. ഏകദേശം 2,400 കിലോഗ്രാം ഭാരമുള്ള ശക്തമായ സ്ഫോടനാത്മക പേലോഡ് ഇത് വഹിക്കുന്നു.
2000 കളുടെ തുടക്കത്തിൽ നോർത്ത്‌റോപ്പ് ഗ്രുമ്മാനും ലോക്ക്ഹീഡ് മാർട്ടിനും ചേർന്നാണ് MOP ആദ്യമായി വികസിപ്പിച്ചെടുത്തത്, പക്ഷേ സാങ്കേതികവും സാമ്പത്തികവുമായ തടസ്സങ്ങൾ കാരണം അത് താൽക്കാലികമായി നിർത്തിവച്ചു. 2003 ലെ ഇറാഖ് അധിനിവേശത്തിനു പിന്നാലെ ഡിഫൻസ് ത്രെറ്റ് റിഡക്ഷൻ ഏജൻസിയും (DTRA) വ്യോമസേന ഗവേഷണ ലബോറട്ടറിയും പദ്ധതി പുനരുജ്ജീവിപ്പിച്ചു.
മണ്ണ്, പാറ, കോൺക്രീറ്റ് എന്നിവയിൽ തുളച്ചുകയറാൻ ബങ്കർ ബസ്റ്റർ ബോംബിനാകും. ലക്ഷ്യസ്ഥാനത്ത് തുളച്ചുകയറി സെക്കൻഡുകൾക്ക് ശേഷം മാത്രമാകും ബോംബ് പൊട്ടുക. ഇതിനായി പ്രത്യേക ഫ്യൂസ് ബോംബിൽ ഘടിപ്പിച്ചിട്ടുണ്ട്. ലക്ഷ്യസ്ഥാനം നിർണയിക്കാൻ ലേസർ ഗൈഡഡ്, ജിപിഎസ് സംവിധാനവും ബോംബിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: