അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 110 പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. 230 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരുണ്ടായിരുന്നു.
പറന്നുയർന്ന് ഉടൻ താഴേക്ക് പറന്ന വിമാനം വിമാനത്താവളത്തിന് അടുത്തുള്ള മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് തകർന്നുവീണത്. വിമാനം ടെയ്‌ക്ക് ഓഫ് ചെയ്ത ഉടൻ പൈലറ്റ് ‘മെയ് ഡേ’ അപായ സിഗ്നൽ എയർ ട്രാഫ്ക് കൺട്രോളിന് കൈമാറിയതായാണ് വിവരം. പിന്നീട് വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ടതായും എടിസി അറിയിച്ചു. അപകടത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രിയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. വിമാനത്തില്‍ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്‌ക്ക് 1:38നാണ് അപകടം. പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.
270 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. അര്‍ധസൈനിക വിഭാഗങ്ങളും ഉടന്‍ സ്ഥലത്തെത്തും. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക