കോട്ടയം: ഓണ്‍ലൈന്‍ ട്രേഡിംഗിന്‌റെ മറവില്‍ 18 ലക്ഷം തട്ടിയെടുക്കാന്‍ കൂട്ടു നിന്ന സ്ത്രീയും സഹോദരനും പിടിയില്‍. കേസില്‍ മൂന്നാം പ്രതി കാസര്‍കോഡ് മിയപടവ് ബെജാന്‍ഗല റസിയ (40), നാലാം പ്രതിയും റസിയയുടെ സഹോദരനുമായ അബ്ദുല്‍ റഷീദ് (38) എന്നിവരെയാണ് എരുമേലി സബ് ഇന്‍സ്‌പെക്ടര്‍ രാജേഷിന്‌റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചേനപ്പാടി സ്വദേശിയുടെ പരാതിയില്‍ 2024 സെപ്റ്റംബറിലാണ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഒറിജിനല്‍ കാപിറ്റല്‍ ഇന്‍ക്രീസ് പ്‌ളാന്‍ ഫേസ് ത്രീ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് പ്രതികള്‍ പരാതിക്കാരനെ വശീകരിച്ചത്. പല തവണകളായി 18 ലക്ഷത്തിലേറെ രൂപ തട്ടിപ്പുകാര്‍ വാങ്ങിയെടുത്തു. പ്രതിഫലം വാങ്ങി ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ ഈ തട്ടിപ്പിന് കൂട്ടുനിന്നുവെന്നാണ് കേസ്.
















