തിരുവനന്തപുരം: സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പെന്‍ഷന്‍ ബോര്‍ഡ് നടത്തിയ സിറ്റിംഗില്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി ഈ മാസം 11 മുതല്‍ 26 വരെ വിവിധ ജില്ലകളില്‍ വീണ്ടും സിറ്റിംഗ് നടത്തും. ജൂണ്‍ 20 ന് കേരളാ ബാങ്ക് ഹാളിലാണ് കോട്ടയത്തെ സിറ്റിംഗ്.
സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ലൈഫ് സര്‍ട്ടിക്കറ്റ് ജീവന്‍രേഖ വഴി സമര്‍പ്പിക്കുന്നതിനാണ് പ്രൊഫോമ പ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നത്. പെന്‍ഷന്‍ ബോര്‍ഡ് തയാറാക്കിയ പ്രൊഫോമയോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തിയാണ് രേഖകള്‍ നല്‍കേണ്ടത്. പെന്‍ഷന്‍കാര്‍ സേവനമനുഷ്ഠിച്ചിരുന്ന ബാങ്ക്/സംഘം രേഖകള്‍ ശേഖരിക്കുകയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍/കേരളാ ബാങ്ക് മാനേജര്‍/ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന രേഖകള്‍ സിറ്റിംഗ് കേന്ദ്രത്തില്‍ എത്തിക്കണമെന്ന് പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍/സെക്രട്ടറി അറിയിച്ചു.
















