India

യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന പാക് വാദം ഭാരതം തള്ളി

Published by

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഭാരതത്തിന്റെ ആറ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്ഥാന്റെ വാദം തിര്‍ത്തും തെറ്റാണെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. സംഘര്‍ഷം ഒരിക്കല്‍ പോലും ആണവയുദ്ധത്തിന്റെ വക്കില്‍ എത്തിയിട്ടില്ലെന്നും സിംഗപ്പൂരില്‍ ബ്ലൂംബെര്‍ഗ് ടിവിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

യുദ്ധവിമാനം തകര്‍ത്തോയെന്നതിനെക്കുറിച്ചല്ല അത് എന്തുകൊണ്ട് വീണു എന്നതിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്. എണ്ണത്തിലല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും നല്ലകാര്യം എന്തെന്നാല്‍, തന്ത്രപരമായ തെറ്റുകള്‍ മനസിലാക്കാനും അതിന് ഉചിതമായ പരിഹാരം കണ്ടെത്തി തിരുത്താനും സാധിച്ചു എന്നതാണ്. മാത്രമല്ല, രണ്ട് ദിവസത്തിനുശേഷം ദീര്‍ഘദൂരം ലക്ഷ്യമിട്ട് എല്ലാ യുദ്ധവിമാനങ്ങളും വീണ്ടും പറത്താന്‍ സാധിച്ചു, അദ്ദേഹം വിശദീകരിച്ചു.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ടുവെന്ന വാദം അനില്‍ ചൗഹാന്‍ തള്ളി. ഇരുരാജ്യങ്ങളും ആണവയുദ്ധത്തില്‍ നിന്ന് ഏറെ അകലെയായിരുന്നു. ആണവായുധങ്ങളുള്ള രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മില്‍ അരനൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും മോശമായ ഏറ്റമുട്ടലായിരുന്നു ഇത്. ചൈനയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന്‍ വിന്യസിച്ച ആയുധങ്ങള്‍ ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക