ഇന്നലെകളിൽ പറയാൻ ഭയപ്പെട്ടിരുന്ന, ഇന്നലെകളിൽ പാപമെന്ന് വിശേഷിപ്പിച്ചിരുന്ന വാക്ക് – ആർത്തവം. കാലം മാറി. ഇന്ന് മേലാസകലം മഞ്ഞൾ തേച്ച് കുളിച്ച്, പുതിയ ഉടുപ്പും, കൈ നിറയെ വളകളും, പൊന്നും മിന്നും അണിഞ്ഞ് നിറഞ്ഞ സന്തോഷത്തോടെ ഋതുമതികൾ അവരുടെ മറ്റൊരു അധ്യായത്തിലേക്ക് കടക്കുകയാണ്. അവർക്ക് ഭയമില്ല. ആത്‌മവിശ്വാസത്തോടെ അവർ ആളുകളിലേക്ക് ഇറങ്ങി ചെല്ലുന്നു.
വിവേചനത്തിന്റെ സാമൂഹിക മതിൽക്കെട്ടുകൾ ഇല്ലാതാക്കാൻ സർക്കാരും ജനങ്ങളും സംഘടനകളും ഒരുമിച്ച് നിന്നു . ഇന്ത്യയിലെ നിലവിലെ കണക്കുകൾ അനുസരിച്ച്, 355 ദശലക്ഷത്തിലധികം സ്ത്രീകൾക്ക് ആർത്തവമുണ്ട്. മുൻപ്, 71 ശതമാനം വരുന്ന പെൺകുട്ടികൾക്ക്, ആർത്തവം എന്ന വാക്കിനെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ല. സ്കൂളുകളിൽ കൃത്യമായ സൗകര്യമില്ലാത്തതിനാൽ, 23 ശതമാനം പെൺകുട്ടികൾ വിദ്യാഭ്യാസം പാതിവഴിയിൽ അവസാനിപ്പിച്ചു.
പക്ഷെ നമ്മൾ വലിയ മാറ്റത്തിന് തയ്യാറായി. 2010 ൽ 12 ശതമാനം പാഡ് ഉപയോഗം മാത്രമുണ്ടായിരുന്ന സ്ത്രീസമൂഹത്തിൽ നിന്നും ഇന്ന് 60 ശതമാനത്തിന് മുകളിൽ ആയി. വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും, നമ്മൾ മുന്നേറുക തന്നെയാണ്. Menstrual Hygiene Scheme (ആർത്തവ ശുചിത്വ പദ്ധതി) എന്ന കേന്ദ്ര സർക്കാർ പദ്ധതി വഴി ഗ്രാമപ്രദേശങ്ങളിലെ 2 കോടിയിലധികം വരുന്ന പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകളും അവബോധ പരിശീലനവും നൽകി. ആശാവർക്കർ വഴി ഈ സേവനം നടപ്പിലാക്കി.
2023-ൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയം ‘National Menstrual Hygiene Policy’ (ദേശീയ ആർത്തവ ശുചിത്വ നയം) അവതരിപ്പിച്ചു. ഈ നയം, ഗ്രാമീണ, നഗര, ആദിവാസി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽസ്ഥലങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, ദുർഗുണ പരിഹാര പാഠശാലകൾ ഉൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിതവും ശുചിത്വപരവുമായ ആർത്തവവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടു.
1രൂപയ്‌ക്ക് ലഭിക്കുന്ന സുവിധ നാപ്കിൻ, പരിസ്ഥിതി സൗഹൃദപരമായ മറ്റൊരു ദൃഢമായ തീരുമാനമാണ്. 9000-ലധികം ജൻ ഔഷധി കേന്ദ്രങ്ങൾ വഴി സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്തു. ആദ്യ വർഷം തന്നെ 2 കോടി യൂണിറ്റുകൾ വിതരണം ചെയ്യാൻ കഴിഞ്ഞു.
2024 നവംബർ 2-ന്, കേന്ദ്ര ആരോഗ്യ മന്ത്രാലയം ‘Menstrual Hygiene Policy for School Going Girls’ (സ്കൂളിൽ പോകുന്ന പെൺകുട്ടികൾക്കുള്ള ആർത്തവ ശുചിത്വ നയം) അംഗീകരിച്ചു. എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും 6 മുതൽ 12 വരെ ക്ലാസുകളിലെ പെൺകുട്ടികളെ ഉൾപ്പെടുത്തിയുള്ള പദ്ധതി. സ്കൂളുകളിൽ സൗജന്യ സാനിറ്ററി പാഡുകളുടെയും പ്രവർത്തനക്ഷമമായ പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റുകളുടെയും ലഭ്യത ഉറപ്പാക്കുന്നു.മോശം അടിസ്ഥാന സൗകര്യങ്ങളും സാമൂഹിക ബോധവും മൂലമുള്ള കൊഴിഞ്ഞുപോക്ക് കുറയ്‌ക്കുക എന്നതാണ് ലക്ഷ്യം.
സ്വച്ഛ് ഭാരത് അഭിയാൻ വഴി രാജ്യത്തെ 95% സ്കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികൾ പണിതു. പാഡുകളും, ഇൻസിനറേറ്ററുകളും ലഭ്യമാക്കി. ഇതോടെ പെൺകുട്ടികൾ അവധിയെടുക്കാതെ സ്‌കൂളുകളിൽ എത്തി.
രാഷ്‌ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രം പോലെയുള്ള പദ്ധതികളിലൂടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ആർത്തവത്തെ കുറിച്ചും, കൗമാരകാലത്തിൽ നേരിടേണ്ടുന്ന ശാരീരികവും, മാനസികവുമായ മാറ്റങ്ങളെക്കുറിച്ചും അവബോധം നൽകാൻ സാധിച്ചു.
കേന്ദ്ര നയങ്ങളുടെ പിന്തുണയോടെ കേരള സർക്കാർ, ‘തിങ്കൾ’ പദ്ധതി ആവിഷ്ക്കരിച്ചു, ആർത്തവ കപ്പുകൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം . 2025–26 ൽ 300,000-ത്തിലധികം കപ്പുകൾ വിതരണം ചെയ്യാൻ ആണ് പദ്ധതി. സൻസദ് ആദർശ് ഗ്രാമ യോജന (SAGY) യുടെ അഞ്ചാം ഘട്ടത്തിൽ കുമ്പളങ്ങിയെ ഉൾപെടുത്തി . ‘അവൾക്കായി’ എന്ന പദ്ധതി പ്രകാരം പഞ്ചായത്തിലെ 17 വാർഡുകളിലും ആർത്തവ കപ്പുകൾ വിതരണം ചെയ്തു . HLL മാനേജ്മെന്റ് അക്കാദമിയും , ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായും സഹകരിച്ചാണ് ഇത് ജില്ലയിൽ നടപ്പിലാക്കിയത് . ഇതോടെ ഇന്ത്യയിലെ ആദ്യത്തെ സാനിറ്ററി നാപ്കിൻ രഹിത ഗ്രാമമായി കേരളത്തിലെ കുമ്പളങ്ങി.
ഇന്ത്യയിലെ “ബേട്ടി ബച്ചാവോ ബേട്ടി പഠാവോ” (BBBP) പദ്ധതിയിൽ, പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനും അവരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുമുള്ള ദൗത്യത്തിന്റെ ഭാഗമായി ആർത്തവ ശുചിത്വ മാനേജ്‌മെന്റിൽ (MHM) ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക, സാനിറ്ററി ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുക, സുരക്ഷിതമായ മാലിന്യ സംസ്‌കരണ രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് BBBP ലക്ഷ്യമിടുന്നത്.
Menstrupediaയുടെ കോമിക് ഗൈഡുകൾ 15+ ഭാഷകളിൽ, 6000+ സ്കൂളുകളിൽ വിദ്യാർഥികളുടെ കയ്യിലെത്തുന്നു. Goonj ന്റെ “Not Just a Piece of Cloth” പദ്ധതി 50 ലക്ഷം സ്ത്രീകളെ സുസ്ഥിര പാഡുകൾ നൽകികൊണ്ട് സഹായിച്ചു. Boondh, Saathi പോലുള്ള സ്റ്റാർട്ടപ്പുകൾ ലക്ഷക്കണക്കിന് സുസ്ഥിര പാഡുകൾ, മെൻസ്ട്ര്വൽ കപ്പുകൾ വിതരണം ചെയ്തു. #PeriodPositive, #BreakingBarriers പോലുള്ള ക്യാമ്പെയ്‌നുകൾ സാമൂഹിക മാധ്യമങ്ങൾ വഴി വലിയ സ്വാധീനം ചെലുത്തി.
ഇന്ന് സാനിറ്ററി നാപ്കിനിൽ നിന്നും മെൻസ്ട്രുൾ കപ്പിലേക്ക് സ്ത്രീകൾ മാറുന്നു. സിലിക്കൺ അല്ലെങ്കിൽ റബ്ബർ കൊണ്ട് നിർമ്മിച്ച, ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് മെൻസ്ട്രുൾ കപ്പുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. 500 രൂപ മുതൽ മുടക്കിൽ 8 മുതൽ 10 വർഷം വരെ ഉപയോഗിക്കാൻ കഴിയും. ചൂടുവെള്ളത്തിൽ വൃത്തിയായി കഴുകി, ഓരോ തവണയും ഉപയോഗിക്കാൻ കഴിയും.
നമ്മൾ 100 ശതമാനം ആർത്തവ ശുചിത്വം കൈവരിക്കാനുള്ള യാത്രയിൽ ആണ്. നമ്മുടെ മുഴുവൻ പെൺകുട്ടികൾക്കും, സ്ത്രീകൾക്കും സുരക്ഷിതമായ ഇടങ്ങളും, വൃത്തിയുള്ള ശുചിമുറികളും ലഭ്യമാക്കാനുള്ള യാത്രയിലാണ് – ഇന്ന് ആർത്തവ ശുചിത്വ ദിനം. Lets Bleed Happily
പ്രതികരിക്കാൻ ഇവിടെ എഴുതുക: