ഗുമി (ദക്ഷിണ കൊറിയ): 26-ാമത് ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം തന്നെ ഭാരതത്തിന്് സ്വര്‍ണനേട്ടം. പുരുഷന്മാരുടെ 10,000 മീറ്ററില്‍ ഗുല്‍വീര്‍ സിങ് സ്വര്‍ണം നേടി. 20 കിലോമീറ്റര്‍ റേസ് വാക്കില്‍ ഭാരതതാരം സെര്‍വിന്‍ സെബാസ്റ്റ്യന്‍ വെങ്കലവും നേടി.
ഏഷ്യന്‍ ഗെയിംസ് വെങ്കലമെഡല്‍ ജേതാവും ഭാരതത്തിന്റെദേശീയ റെക്കോഡ് താരവുമായ 26 കാരനായ ഗുല്‍വീര്‍ സിങ് 10,000 മീറ്റര്‍ ഓട്ടത്തിന്റെ അവസാന ലാപ്പിലാണ് എതിരാളികളെ മറികടന്നത്്. സമയം: 28:38.63. സ്വര്‍ണം നേടിയെങ്കിലും ഇത് അദ്ദേഹത്തിന്റെ വര്‍ഷത്തെ മികച്ച പ്രകടനമായിരുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം 27:00.22 എന്ന സമയം കുറിച്ചിരുന്നു.
25 ലാപ്പ് ഓട്ടത്തിനിടയില്‍ കനത്ത ചൂട് ഗുല്‍വീറിനു തിരിച്ചടിയായുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ചൂട് കൂടുതലായതിനാലാണ് ദേശീയ റെക്കോഡ് മറികടന്നുകൊണ്ടുള്ള ഒരു പ്രകടനം ഗുല്‍വീറിനു സാധ്യമാകാത്തത്. എന്നാലും താന്‍ ഈ നേട്ടത്തില്‍ സന്തോഷവാനാണെന്ന് മത്സരശേഷം ഗുല്‍വീര്‍ പ്രതികരിച്ചു. ”സമയം എന്തായാലും, ആദ്യം ഫിനിഷ് ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. എന്റെ ഈ തന്ത്രം വിജയകരമായി നടപ്പിലാക്കിയതില്‍ അതിയായ സന്തോഷമുണ്ട്,” -ഗുല്‍വീര്‍ സിങ് പറഞ്ഞു. ഈ ജയത്തോടെ സെപ്റ്റംബറില്‍ നടക്കുന്ന ടോക്കിയോ വേള്‍ഡ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലേക്ക് ഗുല്‍വീര്‍ സിങ് യോഗ്യത നേടാനുള്ള സാധ്യത വര്‍ധിച്ചു. ഈ ജയത്തോടെ റാങ്കിങ്ങില്‍ ഗുല്‍വീര്‍ ഉയരും. ഇത് സ്വാഭാവിക യോഗ്യതയ്‌ക്ക് അനുകൂലമാകും. ലോകചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 10,000 മീറ്ററിലെ യോഗ്യതാ മാര്‍ക്ക് 27:00.00 ആണ് എങ്കിലും ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലും ഉയര്‍ന്ന റ്ാങ്കുള്ള താരമെന്ന നിലയിക്കും ഗുല്‍വീറിന് ലോകചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനായേക്കും. മാര്‍ച്ചില്‍ യുഎസ്എയിലെ കാലിഫോര്‍ണിയയില്‍ നടന്ന മത്സരത്തില്‍ യോഗ്യതാ മാര്‍ക്കിനരികേ ഗുല്‍വീര്‍ എത്തിയിരുന്നു. അന്ന് 27:00.22 എന്ന തന്റെ മികച്ച വ്യക്തിഗത സമയം ഗുല്‍വീര്‍ കുറിച്ചു. ഈയിനത്തില്‍ മത്സരിച്ച ഭാരതത്തിന്റെ തന്നെ സാവന്‍ ബാര്‍വാല്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഇന്നലെ രാവിലെ നടന്ന മത്സരത്തില്‍ ഭാരതത്തിന്റെ സെര്‍വിന്‍ സെബാസ്റ്റ്യന്‍ പുരുഷന്‍മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ വെങ്കലം സ്വന്തമാക്കി. 26 കാരനായ ഈ ആര്‍മി അത്ലറ്റ് 1:21:13.90 എന്ന സമയത്തിലാണ് സെര്‍വിന്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. സെര്‍വിന്റെ മികച്ച വ്യക്തിഗത സമയം കൂടിയാണിത്. 2025 സീസണിന്റെ തുടക്കം മുതല്‍ സെബാസ്റ്റ്യന്‍ തന്റെ പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്തുന്നു. ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡ് നാഷണല്‍ ഗെയിംസില്‍ 1:21:23 സമയം കൊണ്ട് 20 കിലോമീറ്റര്‍ റേസ് നടത്തത്തില്‍ സ്വര്‍ണം നേടിയിരുന്നു. ആഭ്യന്തര മത്സരത്തില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ സ്വര്‍ണം (1:21:47) ഏപ്രിലില്‍ ചണ്ഡീഗഡില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ നടത്ത മത്സരത്തിലായിരുന്നു.
ചൈനയുടെ വാങ് ഷാവോസാവോയ്‌ക്കാണ് സ്വര്‍ണം. ഈയിനത്തില്‍ മത്സരിച്ച ഭാരതതാരം അമിത് നാലാം സ്ഥാനത്തെത്തി. വനിതാ ജാവലിനില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന അന്നുറാണിക്ക് നാലാം സ്ഥാനമാണ് ലഭിച്ചത്. ദൂരം 56.92 മീറ്റര്‍. പുരുഷന്മാരുടെ 1500 മീറ്ററില്‍ ഇന്ത്യയുടെ യൂനസ് ഷാ മെഡല്‍ റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. ഷാ തന്റെ ഹീറ്റ്‌സില്‍ 3 മിനിറ്റ് 46.96 സെക്കന്‍ഡില്‍ രണ്ടാമതായി ഓടിയെത്തിയാണ് ഫൈനലിനു യോഗ്യത നേചിയത്. പുരുഷ ഹൈജമ്പില്‍ സെര്‍വേഷ് അനില്‍ കുഷാരെയും ഫൈനലിലേക്ക് കടന്നിട്ടുണ്ട്. പുരുഷന്മാരുടെ 400 മീറ്ററില്‍ ടി.കെ. വിശാല്‍ ഫൈനലിലെത്തിയിട്ടുണ്ട്. 400 മീറ്റര്‍ സെമിയില്‍ അദ്ദേഹം 46.05 സെക്കന്‍ഡ് സമയം കൊണ്ട് ഓടിയെത്തി. അതേസമയം, ഈയിനത്തില്‍ മത്സരിച്ച ജയ് കുമാര്‍ നാലാം സ്ഥാനത്തായി. ഇന്ന് നടക്കുന്ന വനിതകളുടെ 400 മീറ്റര്‍ ഫൈനലി്ല്‍ രൂപാല്‍ ചൗധരിയും വിത്യ രാംരാജും മത്സരിക്കും. ഇന്നലെ നടന്ന ഹീറ്റ്‌സില്‍ രൂപാല്‍ 53.00 സെക്കന്‍ഡ് സമയം കൊണ്ട് ഫിനിഷ് ചെയ്തപ്പോള്‍ വിത്യ 53.32 സെക്കന്‍ഡ് സമയം കൊണ്ട് 400 മീറ്റര്‍ ഫിനിഷ് ചെയ്ത് ഫൈനലിലേക്ക് കടന്നു. ഡെക്കാത്തലണില്‍ ഭാരതത്തിന്റെ മെഡല്‍ പ്രതീക്ഷ തേജസ്വിന്‍ ശങ്കര്‍ ഇന്നു മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: