തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാ കുംഭാഭിഷേകം ജൂണ്‍ 8ന് നടക്കും. ക്ഷേത്രത്തിലെ നവീകരണത്തിനു പിന്നാലെയാണ് മഹാകുംഭാഭിഷേകം നടക്കുന്നത്. ശ്രീകോവിലിന് മുകളില്‍ താഴികക്കുടങ്ങളുടെ സമര്‍പ്പണം, വിശ്വക്‌സേന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടബന്ധകലശം എന്നിവയാണ് നടത്തുന്നത്.
ജൂണ്‍ രണ്ടുമുതല്‍ ശുദ്ധിക്രിയകളും കലശപൂജകളും തുടങ്ങും. 8ന് രാവിലെ 7.45നാണ് കുംഭാഭിഷേകചടങ്ങുകള്‍ ആരംഭിക്കുന്നത്. തന്ത്രിമാരായ തരണനല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട്, പ്രദീപ് നമ്പൂതിരിപ്പാട്, സതീശന്‍ നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
നവീകരണത്തിന്റെ ആദ്യഘട്ടമായി നാലുവര്‍ഷം മുന്‍പ് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വെള്ളിക്കൊടിമരം സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ ശ്രീകോവിലിന് മുകളില്‍ മൂന്ന് സ്വര്‍ണ താഴികക്കുടങ്ങളും ഒറ്റക്കല്‍ മണ്ഡപത്തിന് മുകളില്‍ ഒരു താഴികക്കുടവുമാണ് സ്ഥാപിക്കുന്നത്. തിരുവമ്പാടി ക്ഷേത്രത്തില്‍ അഷ്ടബന്ധകലശം നടത്തും. ശ്രീപദ്മനാഭസ്വാമിയുടെ പാദത്തിന് താഴെയാണ് വിശ്വക്‌സേന വിഗ്രഹമുള്ളത്.
മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് 1750 ല്‍ ക്ഷേത്രം നവീകരിച്ച് തൃപ്പടിദാനം നടത്തിയിരുന്നു. 275 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് താഴികക്കുട സമര്‍പ്പണം നടത്തുന്നത്. കടുശര്‍ക്കര യോഗത്തിലുള്ള വിഗ്രഹത്തിന്റെ പുനര്‍നിര്‍മ്മാണവും ക്ഷേത്രനവീകരണവും ശില്പി ശിവഗംഗ തിരുക്കോട്ടിയൂര്‍ മാധവന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. മഹാകുംഭാഭിഷേക ചടങ്ങുകളില്‍ എട്ടരയോഗക്കാര്‍, പുഷ്പാഞ്ജലി സ്വാമിയാര്‍, ക്ഷേത്രം സ്ഥാനി തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.മഹേഷ്, മാനേജര്‍ ബി.ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: