കേരളത്തില്‍ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം സാദ്ധ്യമാകുന്നതിനായി നിരന്തര പ്രക്ഷോഭങ്ങളും അതിന്റെ തുടര്‍ച്ചയായി ചര്‍ച്ചകളും സംഘര്‍ഷങ്ങളും നടക്കുന്ന 1920 കള്‍. അധഃകൃതരെന്ന് മുദ്രകുത്തപ്പെട്ടവര്‍ക്ക് ക്ഷേത്രത്തിനു മുന്നിലുള്ള പൊതുവഴിയില്‍ കൂടി പോലും നടക്കാന്‍ കഴിയാത്ത ആ കെട്ട കാലത്ത് അങ്ങ് മഹാരാഷ്‌ട്രയിലെ രത്‌നഗിരിയില്‍ 1929 മാര്‍ച്ച് 10 ന് ഒരു തറക്കല്ലിടല്‍ ചടങ്ങ് നടന്നു.
അഞ്ചാം ശങ്കരാചാര്യമഠമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാര്‍വിര്‍പീഠത്തിലെ ശങ്കരാചാര്യര്‍ കുര്‍തകോടി ആയിരുന്നു ശിലാസ്ഥാപനം നടത്തിയത്. കൃപാണും കുണ്ഡലിനിയും അങ്കിതമായ കാവിപതാകകള്‍ കൊണ്ടലങ്കരിക്കപ്പെട്ട് അന്ന് രത്‌നഗിരി സൗന്ദര്യവതിയായിരുന്നു. ആബാലവൃദ്ധം ജനങ്ങള്‍ ചടങ്ങിനെ ആഘോഷമാക്കിയപ്പോള്‍ അധകൃതരായി അകറ്റി നിര്‍ത്തിയിരുന്ന വാത്മീകി സമൂഹത്തിലെ ശിവു ചവാനായിരുന്നു ചടങ്ങിന്റെ സ്വാഗത ഗാനം ആലപിച്ചത്.
ജാതി വര്‍ഗ വംശ വ്യത്യാസമില്ലാതെ അസംഖ്യം ഹിന്ദുക്കള്‍ പങ്കെടുത്ത ആ ചടങ്ങില്‍ വെച്ച് വിനായക ദാമോദര സാവര്‍ക്കര്‍ ഇങ്ങനെ പ്രഖ്യാപിച്ചു.
”കാശിയിലും പുരിയിലും ദ്വാരകയിലും രാമേശ്വരത്തും അങ്ങനെ ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ജാതി വര്‍ണ ഭേദമന്യേ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്നതാണ് എന്റെ ആവശ്യം. സാമൂഹികമായ അങ്ങനെയൊരു വിപ്ലവം ഉണ്ടാകുന്നതുവരെ അതിനു മുന്നോടിയായി ഇവിടെ എല്ലാവര്‍ക്കും കയറാനും എല്ലാവര്‍ക്കും പൂജ ചെയ്യാനുമുള്ള ഒരു ക്ഷേത്രം നമുക്ക് നിര്‍മിക്കണം. ഇതില്‍ ശ്രീകോവിലില്‍ ഭഗവാന്‍ വിഷ്ണുവിന്റെയും ലക്ഷ്മിയുടേയും വിഗ്രഹങ്ങളുണ്ടാവും. ശരീര ശുദ്ധിയുള്ള ഏതൊരു ഹിന്ദുവിനും ഇതിനുള്ളില്‍ കടന്ന് പൂജ ചെയ്യാനും പ്രാര്‍ത്ഥിക്കാനും കഴിയും. എല്ലാ ഹിന്ദുക്കള്‍ക്കും ഈ ക്ഷേത്രത്തില്‍ തുല്യ അധികാരമായിരിക്കും . ഇതിന്റെ പേര് പതിതപാവന മന്ദിര്‍ എന്നായിരിക്കും.
”രണ്ട് വര്‍ഷം കൊണ്ട് ക്ഷേത്രം പൂര്‍ത്തിയായി. ഭാഗോജി സേത്ത് കീര്‍ എന്ന ധനികനാണ് ക്ഷേത്രത്തിന്റെ നിര്‍മാണ ചിലവുകള്‍ ഏറ്റെടുത്ത് നടത്തിയത്. ഒരു ലക്ഷം രൂപ ചെലവായി. ഒടുവില്‍ ആ സുദിനം വന്നണഞ്ഞു. പൂജയ്‌ക്ക് അധികാരമില്ലാത്ത ഭണ്ഡാരി സമുദായത്തില്‍ പെട്ട ഭാഗോജിയെക്കൊണ്ട് തന്നെ ആദ്യ പൂജ ചെയ്യിക്കണമെന്നായിരുന്നു തീരുമാനം. ക്ഷേത്രത്തിനു വേണ്ടി മുന്‍ കയ്യെടുത്ത സാവര്‍ക്കര്‍ അതിനുവേണ്ടി രണ്ടു ദിവസം കാശിയില്‍ നിന്ന് വന്ന ബ്രാഹ്മണരോട് സംവാദം നടത്തി. പക്ഷേ ഭാഗോജിയെക്കൊണ്ട് പൂജ ചെയ്യിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല.
ഇതുകണ്ട് നിരാശനായ ഭാഗോജി ഉദ്യമത്തില്‍ നിന്ന് പിന്തിരിയാന്‍ തീരുമാനിച്ചു. എന്നാല്‍ സാവര്‍ക്കര്‍ വിട്ടില്ല. എന്തിനാണോ നാമിതിന് തീരുമാനിച്ചത്. അത് സാദ്ധ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഈ ക്ഷേത്രത്തിന്റെ ആവശ്യമെന്ത്. മറ്റ് ക്ഷേത്രങ്ങള്‍ തന്നെ മതിയല്ലോ. ഇവര്‍ സമ്മതിച്ചില്ലെങ്കില്‍ സമ്മതിക്കുന്നവരെ കൊണ്ട് നമുക്ക് കാര്യങ്ങള്‍ ഭംഗിയായി നടപ്പിലാക്കാം. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല. അദ്ദേഹം അസന്നിഗ്‌ദ്ധമായി വ്യക്തമാക്കി.
ഒടുവില്‍ സാവര്‍ക്കര്‍ തന്നെ വിജയിച്ചു
1931 ഫെബ്രുവരി 22 ന് പതിത പാവന മന്ദിറില്‍ പ്രതിഷ്ഠ നടന്നു. ഗണേശ ശാസ്ത്രി മോദകിന്റെ നേതൃത്വത്തില്‍ ബ്രാഹ്മണര്‍ തന്നെ നേതൃത്വം നല്‍കിയ ചടങ്ങില്‍ ശങ്കരാചാര്യ കുര്‍തകോടി പ്രാണപ്രതിഷ്ഠ നടത്തി. ഭാഗോജി സേത് കീര്‍ തന്നെ പൂജ ചെയ്തു. ചാമര്‍, മഹര്‍, വാത്മീകി തുടങ്ങിയ ഹിന്ദു സമൂഹങ്ങളിലെ അധകൃതരെന്ന് ചാപ്പകുത്തി മാറ്റിനിര്‍ത്തിയിരുന്ന എല്ലാ ജാതികളുടേയും പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ചാമര്‍ നേതാവ് രാജ്‌ഭോജ്, മഹര്‍ നേതാവ് സുബേദാര്‍ ഗാഡ്‌ഗെ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
ചടങ്ങിനു ശേഷം കാവി പതാകകളുമായി വലിയ ഘോഷയാത്ര തന്നെ നടന്നു. ഹിന്ദു ധര്‍മ്മം ജയിക്കട്ടെയെന്ന് ഉച്ചൈസ്തരം ഉദ്‌ഘോഷിച്ച് എല്ലാ ഹിന്ദുക്കളും ഘോഷയാത്രയില്‍ പങ്കെടുത്തു. അങ്ങനെ ഭാരതത്തിന്റെ ചരിത്രത്തിലെ വലിയൊരു വിപ്ലവത്തിന് രത്‌നഗിരിയില്‍ തുടക്കമിട്ടു.
പതിനാലുവര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം രത്‌നഗിരിയില്‍ താമസിക്കേണ്ടി വന്ന വിനായക ദാമോദര സാവര്‍ക്കര്‍ ആരംഭിച്ച സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങളിലെ നിര്‍ണായക ഏടായിരുന്നു പതിതപാവന മന്ദിര്‍.
രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്ന് ജാമ്യവ്യവസ്ഥയില്‍ നിര്‍ദ്ദേശമുള്ളതിനാല്‍ ഹിന്ദു നവോത്ഥാനത്തിനായി പ്രവര്‍ത്തിക്കാനായിരുന്നു സാവര്‍ക്കര്‍ തീരുമാനിച്ചത്. ഖിലാഫത്ത് പ്രസ്ഥാനത്തെ തുടര്‍ന്ന് ഹിന്ദുക്കള്‍ നേരിട്ട ക്രൂരതകളും ജാതീയമായ തമ്മിലടികള്‍ കൊണ്ട് ആ ക്രൂരതകളെ നേരിടാന്‍ ഹിന്ദുക്കള്‍ക്ക് കഴിയാതെ പോയതും അദ്ദേഹത്തെ സ്പര്‍ശിച്ചു. രത്‌നഗിരിയിലെ വിഠോബ ക്ഷേത്രം അടിസ്ഥാനമാക്കി ജാതിവിവേചനത്തിനെതിരെ പോരാടാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
സരസ്വതീക്ഷേത്രങ്ങളായി കരുതപ്പെട്ടിരുന്ന വിദ്യാലയങ്ങളില്‍ നിന്നായിരുന്നു തുടക്കം. എല്ലാ ജാതിയില്‍പെട്ടവര്‍ക്കും പൊതുവിദ്യാലയങ്ങളില്‍ പഠിക്കാന്‍ അവകാശമുണ്ടെന്ന് സാവര്‍ക്കര്‍ പ്രഖ്യാപിച്ചു. അധകൃതരുടെ കുട്ടികളെ വിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കാത്ത ജാതി ഭ്രാന്തന്മാരുടെ ക്രൂരതയ്‌ക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. ഗ്രാമങ്ങള്‍ തോറുമെത്തി നിരന്തരം പ്രചാരണങ്ങള്‍ നടത്തി. കുട്ടികള്‍ ഒരുമിച്ചിരുന്നാല്‍ ജാതിവിവേചനം എന്ന ക്രൂരതയെ തടയാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
”ഒരു ക്രിസ്ത്യാനി കുട്ടിയെ നിങ്ങള്‍ തടയുന്നില്ല. കാരണം ബ്രിട്ടീഷുകാരന്റെ വെടിയുണ്ട നിങ്ങളെ തേടി വരും. ഒരു മുസ്ലിം കുട്ടിയെ നിങ്ങള്‍ തടയില്ല, കാരണം അവര്‍ സംഘടിതരായി നിങ്ങളെ ചോദ്യം ചെയ്യും. ഒരു പാവം മഹര്‍ ജാതിയിലെ കുട്ടിയെ നിങ്ങള്‍ തടയും. എന്നാല്‍ അവന്‍ മുസ്ലിമോ ക്രിസ്ത്യാനിയോ ആയി മതം മാറിയാല്‍ നിങ്ങള്‍ തടയില്ല.. ഇതെന്തു തരം ഭ്രാന്താണ് ?” സരസ്വതിയുടെ മുന്നില്‍ വിവേചനം കാണിക്കുന്ന നിങ്ങള്‍ക്ക് നാണമില്ലേ ?
അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടായില്ല. പക്ഷേ അതിനു ഫലമുണ്ടായി. എല്ലാ സ്‌കൂളുകളിലും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനമനുവദിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മാറി. അതൊന്നും ഒരു പകല്‍ കൊണ്ടുണ്ടായ മാറ്റമായിരുന്നില്ല. അല്ലെങ്കിലും നിരന്തരമായ പ്രവര്‍ത്തനം അദ്ദേഹത്തിനു പുതുമയായിരുന്നില്ലല്ലോ.
പൊതുആഘോഷങ്ങളിലെ ജാതിവിവേചനമൊഴിവാക്കാനായിരുന്നു അടുത്ത ശ്രമം. അതിനായി ഗണേശോത്സവങ്ങള്‍ തിരഞ്ഞെടുത്തു. രത്‌നഗിരിയില്‍ ഗണേശോത്സവങ്ങളില്‍ പങ്കെടുക്കാന്‍ മഹര്‍, ചമര്‍, ഭംഗി തുടങ്ങിയ അധകൃതരെന്ന് മുദ്രകുത്തപ്പെട്ടവരുടെ ഗ്രാമങ്ങള്‍ തോറും സാവര്‍ക്കറെത്തി. ആഘോഷത്തില്‍ പങ്കെടുക്കാന്‍ എല്ലാവരേയും അദ്ദേഹം നേരിട്ടു ക്ഷണിച്ചു. ആദ്യമൊന്നും അവരെത്തിയില്ല. സാവര്‍ക്കര്‍ പിന്മാറിയില്ല. വീണ്ടും വീണ്ടും ഗ്രാമങ്ങള്‍ തോറുമെത്തി. ഒടുവില്‍ എല്ലാവരുമൊരുമിച്ചുള്ള ഗണേശോത്സവങ്ങളും ഘോഷയാത്രകളും രത്‌നഗിരിയില്‍ നടന്നു.
ഒരുമിച്ച് ഭക്ഷണം കഴിക്കാതെ എങ്ങനെ ഹിന്ദു ഐക്യമുണ്ടാകും എന്ന ചോദ്യം സാവര്‍ക്കറുടെ മനസ്സില്‍ നേരത്തെ തന്നെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പന്തിഭോജനത്തിനായുള്ള പ്രവര്‍ത്തനമായിരുന്നു അടുത്തതായി ചെയ്തത്. സാവര്‍ക്കറെ ഉദ്ഘാടനത്തിന് ക്ഷണിച്ചാല്‍ അദ്ദേഹം വരണമെങ്കില്‍ പരിപാടിക്ക് ശേഷം ഒരു പന്തിഭോജനവും കൂടി ഉണ്ടായിരിക്കണം. തന്റെ പരിപാടികള്‍ക്കെല്ലാം പന്തിഭോജനം ഒരു നിര്‍ബന്ധിത ചടങ്ങാക്കി മാറ്റി.
എല്ലാവര്‍ക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഒരു ഹോട്ടലും അദ്ദേഹം രത്‌നഗിരിയില്‍ ആരംഭിച്ചു. 1933 മെയ് 1 നായിരുന്നു ഓള്‍ ഹിന്ദു കഫേ എന്ന പേരില്‍ ഒരു ഹോട്ടല്‍ ആരംഭിച്ചത്. അവിടെ പാചകം ചെയ്യാനും ആഹാരം വിതരണം ചെയ്യാനും അധകൃതരെന്ന് മുദ്രകുത്തപ്പെട്ട സമുദായങ്ങളിലെ ആളുകളെയായിരുന്നു ചുമതലപ്പെടുത്തിയത്. സമൂഹത്തിലെ ഉന്നതരായ നിരവധി പേര്‍ സാവര്‍ക്കറുടെ സമ്പര്‍ക്കത്തിലൂടെ ഓള്‍ ഹിന്ദു കഫേയില്‍ ഭക്ഷണം കഴിക്കാനെത്തി. അവിടെ ഭക്ഷണം കഴിക്കുന്നവരെ സമുദായത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിക്കുന്ന അവസ്ഥ പോലുമുണ്ടായി. ശക്തമായ എതിര്‍പ്പുകളുണ്ടായെങ്കിലും കാലക്രമേണ അദ്ദേഹം തന്നെ പന്തിഭോജന വിഷയത്തിലും വിജയിച്ചു. രത്‌നഗിരിയില്‍ മാത്രമല്ല മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളിലേക്കും സാവര്‍ക്കറുടെ നവോത്ഥാനം പടര്‍ന്നുകയറി.
സ്വതന്ത്രയായ ഭാരതമാതാവിനൊപ്പം ജാതിവിവേചനങ്ങളില്ലാത്ത ഹിന്ദു സമൂഹമെന്നതും സാവര്‍ക്കറുടെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ കരിങ്കല്‍ ഭിത്തിയില്‍ രാഷ്‌ട്രഗീതങ്ങള്‍ കോറിയിട്ട അതേ കരുത്തുറ്റ മനസ്സുമായി അദ്ദേഹം പ്രവര്‍ത്തിച്ചു. സംവാദങ്ങളും പ്രഭാഷണങ്ങളും നടത്തി. നിരന്തരം പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഒടുവില്‍ താന്‍ ഏത് ക്ഷേത്രം അടിസ്ഥാനമാക്കിയാണോ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ആ വിഠോബ ക്ഷേത്രത്തില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കാനുള്ള ശ്രമത്തിലും സാവര്‍ക്കര്‍ വിജയിച്ചു.
ആരെയും തലോടിയോ പ്രീണിപ്പിച്ചോ അപേക്ഷിച്ചോ ജാതിവിവേചനം ഇല്ലാതാക്കാനായിരുന്നില്ല സാവര്‍ക്കര്‍ ശ്രമിച്ചത്. എന്നാല്‍ സംഘര്‍ഷത്തിന്റെ പാതയിലേക്ക് തിരിഞ്ഞതുമില്ല. ഒടുവില്‍ എതിര്‍ത്തവരും ഒപ്പം കൂടി. സംഘര്‍ഷത്തിലൂടെയല്ലാത്ത സാമൂഹ്യസമരസത അവിടെ സാദ്ധ്യമായി.
കവി , സാഹിത്യകാരന്‍, സ്വാതന്ത്ര്യസമര നായകന്‍, ഹിന്ദു സംഘടന നേതാവ് , ഇതില്‍ എങ്ങനെ അറിയപ്പെടാനാണ് താങ്കള്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം ഒരിക്കല്‍ ഇങ്ങനെ മറുപടി നല്‍കി. ”എന്തിന്റെയെങ്കിലും പേരില്‍ അറിയപ്പെടണമെന്ന് ഞാനാഗ്രഹിക്കുന്നേയില്ല. ഇനി എന്തെങ്കിലും കാരണവശാല്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ അതൊരു സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയിലാകണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: