തിരുവനന്തപുരം: അടിയന്തരാവസ്ഥയെ പൊരുതി തോല്പിച്ച കര്‍മ്മയോഗി ബിജെപിമുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ള നവതിയുടെ നിറവില്‍. കേരളം മുഴുവന്‍ പോലീസ് അരിച്ചുപെറുക്കുമ്പോള്‍ അവരെ കബളിപ്പിച്ച് ആര്‍എസ്എസ് നേതൃത്വം നല്‍കിയ ലോക് സംഘര്‍ഷ സമിതിയുടെ നിര്‍ദേശം അനുസരിച്ച് താടിവളര്‍ത്തി സദാശിവ പണിക്കര്‍ എന്ന പേരില്‍ അടിയന്തരാവസ്ഥാ വിരുദ്ധ സമരം നടത്തി. സംസ്ഥാനത്തെ ഓരോ ഊടുവഴികളിലൂടെയും കാല്‍നടയായി ചുറ്റിത്തിരിഞ്ഞിട്ടുണ്ട് രാമന്‍പിള്ള. അതിന്റെ കരുത്താണ് കെ. രാമന്‍പിള്ളക്ക് 90 ാം വയസിലും തനിച്ച് വെഞ്ഞാറമൂട്ടില്‍ നിന്ന് സ്റ്റാച്യൂവരെ കെഎസ്ആര്‍ടിസി ബസിലും അവിടെ നിന്ന് ട്യൂട്ടേഴ്‌സ് ലൈനിലെ അരബിന്ദോ കള്‍ച്ചറല്‍ സെന്ററിലേക്ക് കാല്‍നടയായും നിത്യവും എത്താന്‍ സാധിക്കുന്നത്. ആരോടും പരിഭവമില്ലാതെ കര്‍മ്മപഥത്തില്‍ നവതിയിലും കരുത്തോടെ യാത്രതുടരുകയാണ് കെ.രാമന്‍പിള്ള.
കൃഷ്ണപിള്ളയുടെയും ലക്ഷമി അമ്മയുടെയും മകനായി 1936 മെയ് 30നാണ് രാമന്‍പിള്ളയുടെ ജനനം. 1950 ഡിസംബറില്‍ ജ്യേഷ്ഠ സഹോദരന്‍ സാധുശീലന്‍ പരമേശ്വരന്‍പിള്ളയാണ് രാമന്‍പിള്ളയെ ആര്‍എസ്എസ് ശാഖയിലേക്ക് കൊണ്ടുപോകുന്നത്. 1953 ല്‍ ദീനദയാല്‍ ഉപാധ്യായ തിരുവനന്തപുരത്തു നടത്തിയ യോഗത്തില്‍ പങ്കെടുത്തു. വഞ്ചിയൂര്‍ കാര്യാലയത്തില്‍ താമസിച്ച് ഹിന്ദുസ്ഥാന്‍ സമാചാര്‍, സത്യാദി സായാഹ്നപത്രം എന്നിവയില്‍ സബ്എഡിറ്ററായി പ്രവര്‍ത്തിച്ചു. 1957ല്‍ പി. പരമേശ്വരന്‍ ആണ് ജനസംഘത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനാക്കുന്നത്. പല ജില്ലകളില്‍ പൂര്‍ണസമയ പ്രവര്‍ത്തകനായി. 71 ല്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയായി. അടിയന്തരാവസ്ഥക്കെതിരെ ഒളിവിലിരുന്ന് സമരം നയിച്ചു.
1980 ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1987 മുതല്‍ 93 വരെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 34 പുസ്തകങ്ങള്‍ രചിച്ചു. മൂന്ന് പുസ്തകങ്ങളുടെ പണിപ്പുരയിലാണ്. അടിയന്തരാവസ്ഥക്ക് ശേഷം ജന്മഭൂമി കൊച്ചിയില്‍ നിന്നും ദിനപത്രമായി പ്രസിദ്ധീകരിപ്പോള്‍ എംഡി ആയിരുന്നു രാമന്‍പിള്ള.
മെയ് 30ന് വൈകിട്ട് 5ന് ഹോട്ടല്‍ സൗത്ത്പാര്‍ക്കില്‍ കെ. രാമന്‍പിള്ളയുടെ നവതിയാഘോഷം ഗോവാ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനാകും. സ്മരണിക പ്രകാശനം മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് നല്‍കി നിര്‍വഹിക്കും. എ. ശിവന്‍പിള്ള, കെ. രാമന്‍പിള്ളയ്‌ക്ക് ആദരമര്‍പ്പിക്കും. എ.സമ്പത്ത്, പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍, ജോസഫ് എം പുതുശ്ശേരി, പ്രൊഫ. പി.കെ. ബാലകൃഷ്ണ കുറുപ്പ്, അഡ്വ. എസ്.കെ.ബാലചന്ദ്രന്‍, ആറന്മുള ശശി, പ്രൊഫ. വി.ടി. രമ, കരമന ജയന്‍, പി. അശോക് കുമാര്‍, യു.കെ. സോമന്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: