അട്ടപ്പാടിയില്‍ ആദിവാസിയുവാവിനെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ 19 കാരനായ ഷിബുവിനാണ് മര്‍ദനമേറ്റത്. വാഹനത്തിന് മുന്നില്‍ ചാടിയെന്ന് പറഞ്ഞ് ഞായാറാഴ്ചയാണ് ഷിബുവിനെ ഒരുസംഘമാളുകള്‍ മര്‍ദിച്ചത്. സംഭവത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.
ഷിബുവിനെ പിടികൂടി വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ടു. ഇതിനിടെ മര്‍ദിക്കുകയും ചെയ്തു. സാരമായി പരുക്കേറ്റ ഷിബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിലേക്കു ചാടിയെന്നാരോപിച്ച് വാഹനത്തിന്റെ ഡ്രൈവറും ക്ലീനറുമാണ് മര്‍ദിച്ചതെന്നാണ് ഷിജു പറയുന്നത്.
ആദിവാസിയുവാവ് മധുവിനെ 2018-ല്‍ കെട്ടിയിട്ട് മര്‍ദിച്ചതിന് സമാനമായ സംഭവമാണിത്. കുറ്റക്കാരുടെ പേരില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു. വാഹനത്തിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. ഷിജുവിനെ കെട്ടിയിട്ട് മര്‍ദിച്ചവര്‍തന്നെ ചിത്രം പകര്‍ത്തി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ്‌ചെയ്തു. ഈ ചിത്രം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മര്‍ദനവിവരം പുറത്തറിഞ്ഞത്.
പ്രദേശവാസികളായ ആറുപേര്‍ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ ഷിജുവിനെ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചിരുന്നു. ചികിത്സ തേടിയശേഷം ഇയാള്‍ വീട്ടിലേക്കുപോയി. ശരീരവേദനയും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുമായതോടെ തിങ്കളാഴ്ച വീണ്ടും അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. വിദഗ്ധചികിത്സയ്‌ക്കായി ഷിജുവിനെ കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനമേറ്റതിന്റെ മുറിപ്പാടുകള്‍ കണ്ണിലും ശരീരത്തിലുമുണ്ട്.
അതേസമയം, ഷിജു അഞ്ചുവാഹനങ്ങള്‍ തകര്‍ത്തതായും കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിലായിരുന്നെന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് അഗളി എസ്‌ഐ ആര്‍. രാജേഷ് പറഞ്ഞു. വാഹനയുടമ ജോയിയുടെ മകന്‍ ജീന്‍സണ്‍ നല്‍കിയ പരാതിയില്‍ രണ്ടുദിവസംമുന്‍പ് ഷിജുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: