മട്ടാഞ്ചേരി: കൊച്ചിക്കു പടിഞ്ഞാറ് ചരക്കു കണ്ടെയ്‌നര്‍ കപ്പല്‍ മുങ്ങിത്താഴ്ന്ന സംഭവത്തില്‍ ആശങ്കയൊഴിയുന്നില്ല. കോടികളുടെ നഷ്ടം. ഇന്ധനച്ചോര്‍ച്ച കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിക്കുന്നതു തടയാനും ശ്രമിക്കുന്നു. മോശം കാലാവസ്ഥയും ശക്തമായ കാറ്റും തടസമാകുമ്പോഴും നാവിക സേനാ ഉദ്യോഗസ്ഥര്‍ മൂന്നു കപ്പലിലായി കടലില്‍ തുടരുകയാണ്.
പ്രാഥമിക കണക്കെടുപ്പില്‍ 500-600 കോടിയുടെ നഷ്ടം കണക്കാക്കുന്നു. കപ്പല്‍ അപകടത്തെ തുടര്‍ന്നു ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനവും ജീവനക്കാരെ സുരക്ഷിതമാക്കിയ ഭാരത തീര രക്ഷാസേന-ദക്ഷിണ നാവികസേനാ പ്രവര്‍ത്തനങ്ങളെ കപ്പല്‍ ജീവനക്കാരും ഉടമകളായ നൈജീരിയയിലെ എംഎസ്‌സി കമ്പനി അധികൃതരും അഭിനന്ദനവും നന്ദിയും അറിയിച്ചു.
ഫീഡര്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് 150-200 കോടിയാണ് നിര്‍മാണച്ചെലവ്. 30 വര്‍ഷം പഴക്കമുള്ള എല്‍സ 3 കപ്പലിന് 80-90 കോടി രൂപ വരെ വില കണക്കാക്കുന്നു. കൂടാതെ 550 കണ്ടെയ്‌നറുകളിലെ ചരക്കുകള്‍ക്കായി 400 കോടിയാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. ഇന്‍ഷുറന്‍സ് ലഭിക്കുമെന്നതിനാല്‍ കപ്പലിനുള്ള തുക നഷ്ടമാകില്ല. ചരക്കുകളില്‍ എല്ലാം ഇന്‍ഷുര്‍ ചെയ്തിട്ടില്ലെന്നു ബന്ധപ്പെട്ടവര്‍ പറയുന്നു.
കസ്റ്റംസ് ക്ലിയറന്‍സ്, ഇതര ഏജന്‍സി നടപടികള്‍ എന്നിവ പൂര്‍ത്തിയായ ശേഷമേ അന്തിമ നഷ്ടം കണക്കാക്കാനാകൂ. ഇന്‍ഷുറന്‍സ് ലഭിക്കുമെന്നതിനാലും കപ്പല്‍ ഗതാഗതത്തിനു പ്രതിസന്ധിയില്ലാത്തതിനാലും എല്‍സ 3 ഉപേക്ഷിക്കാനും കാരണമായേക്കും. പ്രക്ഷുബ്ധമായ കടല്‍ ശാന്തമാകുകയും രാസ മിശ്രിതങ്ങളും എണ്ണ കലര്‍ന്ന സ്ഥിതിയും കണ്ടെയ്‌നറുകളുടെ അപകടാവസ്ഥയും തിരിച്ചറിഞ്ഞ ശേഷമേ കപ്പല്‍ ഉയര്‍ത്താനുള്ള തീരുമാനമുണ്ടാകൂ എന്നാണു വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: