ജഗ്ദല്‍പൂര്‍: ഝാര്‍ഖണ്ഡിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് ഭീകരന്‍ തുളസി ഭൂയാനെ സുരക്ഷാസൈന്യം വധിച്ചു. പലാമു സിറ്റാചുവാന്‍ ഹുസൈനാബാദിലെ ഓപ്പറേഷനിടെയാണ് തുളസി ഭൂയാന്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്. ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് നേതാവ് ബസവരാജു കൊല്ലപ്പെട്ടതിനു ദിവസങ്ങള്‍ക്കു പിന്നാലെയാണ് മറ്റൊരു നേതാവിനെക്കൂടി സൈന്യം വധിക്കുന്നത്.
ഓപ്പറേഷനില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 15 ലക്ഷം രൂപ തലയ്‌ക്കു വിലയിട്ടിരുന്ന നിതീഷ് യാദവ് ഹുസൈനാബാദിലെ വനത്തില്‍ ഒളിച്ചിരിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്നു തിരയുന്നതിനിടെയാണ് ഭൂയാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അതേ സമയം നിതീഷ് യാദവിനെ വെടിയേറ്റു പരിക്കുകളോടെ പിടികൂടാനായി. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തു നിന്നു സെമി ലോഡിങ് റൈഫിളുകള്‍ (എസ്എല്‍ആര്‍) കണ്ടെടുത്തു. പത്തു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കുന്ദന്‍ ഖര്‍വാറിനെ കഴിഞ്ഞദിവസം ജീവനൊടെ പിടികൂടിയിരുന്നു. ഇതു കൂടാതെ ലതേഹാര്‍ ഇച്വാര്‍ വനത്തിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളായ പപ്പു ലോഹറ, പ്രഭാത് ലോഹറ എന്നിവരെ സേന വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: