ന്യൂദല്‍ഹി:ബ്രഹ്മോസ് എന്ന ഇന്ത്യയുടെ അതീവ അപകടകാരിയായ മിസൈലിനെ ഇന്ന് ലോകമെമ്പാടും അറിയാം. പാകിസ്ഥാനിലെ സൈനികവിമാനത്താവളമായ നൂര്‍ഖാനില്‍ ആഴമുള്ള ഗര്‍ത്തങ്ങള്‍ ഉണ്ടാക്കിയ ബ്രഹ്മോസ് ആക്രമണവും ബഹവല്‍പൂര്‍, മുദ്രികെ, മുസഫറാബാദ് തീവ്രവാദപരിശീലന കേന്ദ്രങ്ങളില്‍ ബ്രഹ്മോസ് നടത്തിയ സംഹാരതാണ്ഡവവും പാകിസ്ഥാനെ വിറപ്പിച്ചു. ഇതിന്റെ ഉപഗ്രഹചിത്രങ്ങള്‍ വൈറലാണിപ്പോള്‍. ഇതോടെയാണ് സമാധാനം വേണമെന്ന് കെഞ്ചി പാകിസ്ഥാന്‍ ഇന്ത്യയുടെ സൈനികമേധാവിയുടെ കാല് പിടിച്ചത്. സമാധാനം ചോദിച്ച് ഇന്ത്യയുടെ അരികിലേക്ക് ചെല്ലാന്‍ പാകിസ്ഥാനോട് അമേരിക്ക ആജ്ഞാപിച്ചതും ഇന്ത്യയുടെ ഈ സംഹാരം കണ്ടാണ്.
ഇന്ന് 17 രാജ്യങ്ങള്‍ ബ്രഹ്മോസിനായി ഇന്ത്യയ്‌ക്ക് മുന്‍പില്‍ ക്യൂ നില്‍ക്കുകയാണ്. വിയറ്റ്നാം, ഫിലിപ്പൈന്‍സ് തുടങ്ങിയ നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍, സൗദി, യുഎഇ തുടങ്ങിയ ഗള്‍ഫ്ര രാജ്യങ്ങള്‍…..അങ്ങിനെയങ്ങിനെ. 34 കോടി ചെലവുണ്ടെന്ന് പറയുന്ന ബ്രഹ്മോസ് ഇനി ഇന്ത്യ വില്‍ക്കാന്‍ പോകുന്നത് എത്രയോ മടങ്ങ് തുകയ്‌ക്കായിരിക്കും. റിയല്‍ എസ്റ്റേറ്റ് പോലെ തന്നെയാണ് ആയുധക്കച്ചവടവും. നിര്‍മ്മാണച്ചെലവിനൊപ്പം ലാഭം ചേര്‍ത്തുവെച്ചല്ല കച്ചവടം. മതിപ്പ് വിലയാണ് മുഖ്യം. അത് മോഹവില പോലെ എത്ര മടങ്ങും പെരുകാം.
ബ്രഹ്മോസ് എയ്റോസ്പേസ്- ഇന്ത്യയും റഷ്യയും ചേര്‍ന്ന കമ്പനി
1995ല്‍ ബ്രഹ്മോസ് എയ്റോസ്പേസ് എന്ന ഒരു പ്രത്യേക കമ്പനി തന്നെ ബ്രഹ്മോസിന് വേണ്ടി രൂപീകരിച്ചു. 25കോടി ഡോളര്‍ മൂലധനത്തിലായിരുന്നു ഈ കമ്പനി രൂപീകരിച്ചത്. ഇതില്‍ ഇന്ത്യയുടെ ഡിആര്‍ഡിഒ (പ്രതിരോധമേഖലയിലെ ടെക്നോളജി വികസിപ്പിക്കുന്ന സര്‍ക്കാര്‍ ഗവേഷണസ്ഥാപനം)യ്‌ക്കും റഷ്യയുടെ എന്‍പിഒ മഷിനോസ്ട്രോയെനിയ (എന്‍പിഒഎം) എന്ന കമ്പനിയ്‌ക്കും ഏതാണ്ട് തുല്യപങ്കാളിത്തമാണ്. ഗവേഷണം തുടങ്ങുന്നതിന് മുന്‍പേ ശത്രുക്യാമ്പുകളുടെ ഉറക്കം കെടുത്തുന്ന മിസൈലിന് ബ്രഹ്മോസ് എന്ന പേരുമിട്ടു. ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെ പേരും റഷ്യയിലെ മോസ്കവ നദിയുടെ പേരും ചേര്‍ത്തുവെച്ച് ഒന്നാക്കിയാണ് ബ്രഹ്മോസ് എന്ന പേര് ഉണ്ടാക്കിയത്.
തുടക്കം പി-800 ഒനിക്സില്‍ നിന്നും
റഷ്യയുടെ കപ്പലില്‍ നിന്നും തൊടുക്കാവുന്ന മിസൈലായ പി-800 ഒനിക്സ് എന്ന ക്രൂയിസ് മിസൈലിനെ ഇന്ത്യയുടെ ശാസ്ത്രജ്ഞര്‍ പല വര്‍ഷങ്ങളുടെ സാധനകൊണ്ടാണ് ഇന്നത്തെ അപകടകാരിയായ ബ്രഹ്മോസാക്കി മാറ്റിയത്. ക്രൂയിസ് എന്ന വാക്കിനര്‍ത്ഥം ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെ, ഒരു വിമാനം പുറക്കുന്നതുപോലെ സഞ്ചരിക്കുന്ന (ക്രൂയിസ് ചെയ്യുന്ന) മിസൈല്‍ ആണിത്. ഉയരത്തിലല്ലാതെ പറക്കുമ്പോള്‍ റഡാറുകളെ വഞ്ചിക്കാന്‍ ക്രൂയിസ് മിസൈലുകള്‍ക്ക് കഴിയുമത്രെ.
കരയില്‍ നിന്നും തൊടുക്കുന്ന ബ്രഹ്മോസ്
2001ല്‍ ആദ്യമായി ബ്രഹ്മോസ് ടെസ്റ്റ് ചെയ്യുമ്പോള്‍ കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈല്‍ ആയിരുന്നു ബ്രഹ്മോസ്. 2004 മുതല്‍ രാജസ്ഥാനിലെ പൊഖ്രാന്‍ മരുഭൂമിയില്‍ പല വിധ ടെസ്റ്റുകള്‍ക്ക് ബ്രഹ്മോസ് മിസൈലിനെ വിധേയമാക്കി. ശത്രുവിന് പിടികൊടുക്കാത്ത വിധം എസ് ആകൃതിയില്‍ മിസൈല്‍ മൂളിപ്പറന്നു. അന്നും 2.8 മാക് (ശബ്ദത്തേക്കാള്‍ 2.8 മടങ്ങ് വേഗത്തില്‍ പറക്കുന്നു) വേഗതയ ബ്രഹ്മോസ് കൈവരിച്ചിരുന്നു.
65 ശതമാനം നിര്‍മ്മാണം ഭാരതത്തില്‍, ഇനി അത് 85 ശതമാനമാകും
ആദ്യമൊക്കെ റാം ജെറ്റും റഡാര്‍ സീക്കറും (റഡാറിനെ തിരിച്ചറിയാനുള്ള സംവിധാനം) റഷ്യയില്‍ നിന്നാണ് കൊണ്ടുവന്നത്. പിന്നീട് ബ്രഹ്മോസിന് വേണ്ട 65 ശതമാനം ഘടകങ്ങളും ഇന്ത്യയില്‍ നിര്‍മ്മിച്ചു. ഇക്കാര്യത്തില്‍ കേരത്തിലെ തിരുവനന്തപുരത്തെ ബ്രഹ്മോസ് എയ്റോസ്പോസ് ട്രിവാന്‍ഡ്രം ലിമിറ്റഡിന് വലിയ പങ്കുണ്ട്. ഇവിടെ കേന്ദ്രസര്‍ക്കാര്‍ 1500 കോടി രൂപ നിക്ഷേപിച്ചതോടെ ബ്രഹ്മോസ് ഘടകങ്ങള്‍ നിര്‍മ്മിക്കലും ഇവയെല്ലാം കൂട്ടിച്ചേര്‍ത്ത് മിസൈല്‍ സംവിധാനത്തിന്റെ സംയോജനവും ഇവിടെ നടന്നു. ഇനി ഇന്ത്യയില്‍ തന്നെ റഢാര്‍ സീക്കറും ബൂസ്റ്ററും നിര്‍മ്മിക്കുന്നതോടെ ബ്രഹ്മോസ് നിര്‍മ്മാണത്തിന്റെ 85 ശതമാനവും ഇന്ത്യയില്‍ നിന്നാവും. ബ്രഹ്മോസിന്റെ എയ്റോ ഡൈനാമിക് സ്വഭാവം സംബന്ധിച്ച പഠനം നടക്കുന്നത് ദല്‍ഹിയിലെ നാഷണല്‍ എയ്റോസ്പേസ് ലാബിലാണ്.
യുദ്ധക്കപ്പലുകളില്‍ നിന്നും തൊടുക്കുന്ന ബ്രഹ്മോസ്
ഏഴ് വര്‍ഷത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് ശേഷം 2008ഓടെ യുദ്ധക്കപ്പലുകളില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ ആയി ബ്രഹ്മോസിനെ വികസിപ്പിച്ചു. അതിനും ശേഷം യുദ്ധജെറ്റില്‍ നിന്നും തൊടുക്കാവുന്ന മിസൈലാക്കി ഇന്ത്യയുടെ ശാസ്ത്രജ്ഞര്‍ അതിനെ മാറ്റി. യുദ്ധജെറ്റുകള്‍ക്ക് വഹിക്കാന്‍ കഴിയുന്ന രീതിയില്‍ ബ്രഹ്മോസിന്റെ ഭാരം ശാസ്ത്രജ്ഞര്‍ കുറച്ചു. ബ്രഹ്മോസിന്റെ ഭാരം 2.5 ടണ്ണായി കുറച്ചു. ചെറിയ ബൂസ്റ്ററുകള്‍ ഉണ്ടാക്കിയും കൃത്യമായി കുതിക്കാന്‍ ചെറിയ ചിറകുകള്‍ വെച്ചുകൊടുത്തും ഭാരം കുറച്ചു. 14000 മീറ്റര്‍ ഉയരത്തില്‍ നിന്നു വരെ ബ്രഹ്മോസ് തൊടുക്കാന്‍ സാധിക്കും. ആദ്യം ഫ്രീയായി 100-150 മീറ്റര്‍ വരെ വീണ ശേഷം പിന്നീട് ക്രൂയിസ് ചെയ്യും. അഞ്ച് മീറ്റര്‍ മാത്രം ഉയരത്തില്‍ നിന്നും ബ്രഹ്മോസ് തിരശ്ചീനമായി പറന്ന് ലക്ഷ്യസ്ഥാനത്തെ തകര്‍ത്തു തരിപ്പണമാക്കും. വേണമെങ്കില്‍ 15000 മീറ്റര്‍ വരെ ഉയരത്തിലും ബ്രഹ്മോസിന് കുതിക്കാന്‍ കഴിയും. സുഖോയ് 30എംകെഐ യുദ്ധ ജെറ്റില്‍ ഒരു ബ്രഹ്മോസ് പിടിപ്പിക്കാന്‍ കഴിയും. ഭാവിയില്‍ മൂന്ന് ബ്രഹ്മോസ് വരെ ഒരു യുദ്ധജെറ്റില്‍ പിടിപ്പിക്കാന്‍ കഴിയാവുന്ന വിധം ബ്രഹ്മോസിന്റെ ഭാരം ഇനിയും കുറയ്‌ക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്. യുദ്ധജെറ്റുകളില്‍ പിടിപ്പിക്കാന്‍ കഴിയുന്നതോടെ ആകാശത്തില്‍ നിന്നും ആകാശത്തേക്കോ, ആകാശത്ത് നിന്നും കരയിലേക്കോ തൊടുക്കാവുന്ന രീതിയിലേക്കും ബ്രഹ്മോസ് മാറി.
ബ്രഹ്മോസിന്റെ മൂക്കിനുള്ളില്‍ ഉണ്ട് 300 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍
ചിറകുകൂടി ചേര്‍ത്താല്‍ 1.7 മീറ്റര്‍ ആണ് ബ്രഹ്മോസിന്റെ വീതി. ഇപ്പോള്‍ ശബ്ദത്തേക്കാള്‍ 3.5 മടങ്ങ് വേഗതയില്‍ കുതിക്കാന്‍ ബ്രഹ്മോസിന് സാധിക്കും. 650 കിലോമീറ്റര്‍ മുതല്‍ 800 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് പറന്ന് ചെന്ന് സ്ഫോടനം നടത്താന്‍ സാധിക്കും. ബ്രഹ്മോസിന്റെ മൂക്കില്‍ ഘടിപ്പിക്കാവുന്നത് 300 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ്. ലക്ഷ്യസ്ഥാനമെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഉഗ്രസ്ഫോടനം. അതിലാണ് പാകിസ്ഥാന്റെ സൈനികവിമാനത്താവളമായ നൂര്‍ഖാനില്‍ മീറ്ററുകളോളം താഴ്ചയുള്ള ഗര്‍ത്തങ്ങള്‍ ബ്രഹ്മോസ് സ്ഫോടനത്തില്‍ രൂപം കൊണ്ടത്.
ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറക്കുന്ന ബ്രഹ്മോസ്
2010ലാണ് ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറക്കാനുള്ള ശേഷി കൈവരിച്ചത്. പിന്നീട് അത് ശബ്ദത്തേക്കാള്‍ പല മടങ്ങ് വേഗതയില്‍ സഞ്ചരിക്കാനുള്ള ശേഷി നേടി. പിന്നീട് ഫയര്‍ ആന്‍റ് ഫോര്‍ഗെറ്റ് എന്ന സംവിധാനം കൂടി ചേര്‍ത്തു. അതായത് ലക്ഷ്യസ്ഥാനം കൃത്യമായി അടയാളപ്പെടുത്തി അയച്ചുകഴിഞ്ഞാല്‍ പിന്നെ നമുക്ക് എല്ലാം മറക്കാം. കൃത്യമായി ആ ലക്ഷ്യസ്ഥാനത്ത് സ്ഫോടനം നടന്നിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: