മട്ടാഞ്ചേരി: കൊച്ചി തീരത്ത് കടലില്‍ മുങ്ങി താഴ്ന്ന എംഎസ്‌സി എല്‍സ- 3 കപ്പല്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നീളുമെന്ന് സൂചന. കപ്പലിലെ കണ്ടെയ്‌നര്‍ ചരക്കുകള്‍ കടലില്‍ കലരാനിടയുണ്ടെന്ന സാധ്യതകള്‍ സമുദ്രതലത്തിലെ ജീവജാല തകര്‍ച്ചയ്‌ക്കും പരിസ്ഥിതി സംരക്ഷണത്തിനും തീരദേശത്തിനും വന്‍ ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. പരിസ്ഥിതിക്കൊപ്പം അന്താരാഷ്‌ട്ര കപ്പല്‍ ഗതാഗത മേഖലയെയും കപ്പല്‍ മുങ്ങിയത് ആശങ്കയിലാഴ്‌ത്തുന്നുണ്ട്.
കപ്പലില്‍ നിന്നുള്ള എണ്ണ ചോര്‍ച്ച തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. എണ്ണ കടല്‍ പരപ്പില്‍ പടരുന്നതോടെ ജലത്തിലെ ഓക്‌സിജന്‍ ലഭ്യതയ്‌ക്ക് തടസമാകും. ഇത് സമുദ്രജീവി നാശത്തിനിടയാക്കും. പതിറ്റാണ്ടുകള്‍ നീളുന്ന പ്രതിസന്ധിയാണ് ഇതിലുടെയുണ്ടാകുകയെന്നാണ് നിരീക്ഷണ-ഗവേഷണ വിഭാഗം ചുണ്ടിക്കാട്ടുന്നത്. മത്സ്യമേഖലയ്‌ക്കാണ് ഏറെ തിരിച്ചടിയാകുന്നത്. ഇത് പാരിസ്ഥിതികമായും സാമ്പത്തികമായും ദുരന്ത സാധ്യതയാലും ഏറെ പ്രതിസന്ധിയിലാക്കുന്നത് കേരളത്തെയാണ്. തീരത്ത് നിന്ന് പടിഞ്ഞാറ് 38 നോട്ടിക്കല്‍ മൈല്‍ ദുരെയാണ് രാസവസ്തു-സള്‍ഫര്‍-എണ്ണയടക്കമുള്ള ചരക്കുമായി കപ്പല്‍ മുങ്ങി താണിരിക്കുന്നത്. 600 ഓളം കണ്ടെയ്‌നറുകളില്‍ നൂറോളം കണ്ടെയ്‌നറുകളാണ് നിലവില്‍ ജലപരപ്പിലെത്തിയിരിക്കുന്നത്. ഇവയില്‍ ചരക്കില്ലാത്തതും അപകടകരമല്ലാത്തതുമായ ചരക്കുകളുള്ളതുമാണ് കരയ്‌ക്കെത്തിയത്. കപ്പലിലെ രാസവസ്തുക്കളും അപകടകര വസ്തുക്കളുമായുള്ളവയുടെ നിലവിലെ സ്ഥിതി അധികൃതര്‍ക്കറിയാന്‍ സാധിച്ചിട്ടില്ല. ഇത് കപ്പലിനൊപ്പം കടലില്‍ കിടന്നാല്‍ ഘട്ടം ഘട്ടമായി കടലില്‍ കലരാനിടയാക്കും.
കപ്പല്‍ ഉയര്‍ത്തണമെങ്കിലും ഇതിലെ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യണം. ഇതും വലിയൊരു വെല്ലുവിളിയാണ്. മെഡിറ്റേറിയന്‍ഷിപ്പിങ്ങ് കമ്പനിയുടെതാണ് മുങ്ങി താഴ്ന്ന എല്‍സ – 3 കപ്പല്‍. അരനൂറ്റാണ്ട് പിന്നിടുന്ന കമ്പനിക്ക് ചെറുതും വലുതുമായ ഫീഡര്‍ ഇനത്തില്‍പ്പെട്ടതടക്കം 700ല്‍ ഏറെ കപ്പലുകളുണ്ടെന്നാണ് പറയുന്നത്. കപ്പല്‍ ഉയര്‍ത്തിയെടുക്കാന്‍ ഇവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടി വരും. നിലവില്‍ കപ്പല്‍ മുങ്ങി താഴ്ന്നതിന് സമീപം എണ്ണ പാടപടര്‍ന്നിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായത് സ്ഥിതിതിഗതി നിയന്ത്രണങ്ങള്‍ക്ക് ഭാഗികമായി തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
തീരരക്ഷാ സേനയുടെ സക്ഷന്‍ കപ്പല്‍ എണ്ണ വ്യാപിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇന്‍ഫ്രാ റെഡ് ക്യാമറകളുടെ സഹായത്താലും ഡോണിയര്‍ വിമാനങ്ങളുടെ ആകാശ നിരീക്ഷണത്താലും ആധുനികവും ശാസ്ത്രീയവുമായ അപകട സ്ഥിതി നിയന്ത്രണങ്ങളുമുണ്ട്. കാല്‍സ്യം കാര്‍ബൈഡും ഡീസലും ഫര്‍ണസ്സ് ഓയിലും കലര്‍ന്നാലുള്ള സ്ഥിതിഗതികളെ മറിക്കടക്കാനുള്ള ശ്രമങ്ങളാണ് ദുരന്തനിവാരണ അതോറിറ്റിയും പരിസ്ഥിതി സംരക്ഷണ ഏജന്‍സികളും നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: