നിലമ്പൂര്‍: നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ ഇടഞ്ഞത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കി. വി.എസ്. ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അന്‍വറിന്റെ സമ്മര്‍ദ്ദം. എന്നാല്‍ മണ്ഡലത്തിലെ മുസ്ലിം ന്യൂനപക്ഷ വോട്ടുകളും ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ പിന്തുണയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല തന്റെ നീക്കമെന്ന നിലപാട് അന്‍വര്‍ പ്രഖ്യാപിച്ചതോടെ യുഡിഎഫ് വെട്ടിലായിരിക്കുകയാണ്. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചത് ആര്യാടന്‍ ഷൗക്കത്തായിരുന്നു. ഷൗക്കത്തിന്റെ വീടിന്റെ മുമ്പില്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്താണ് ഷൗക്കത്ത് വിരോധം അന്‍വര്‍ നേരത്തെ പ്രകടിപ്പിച്ചത്. ജോയി ഒതുക്കപ്പെട്ടെന്നും ഷൗക്കത്ത് സിപിഎം സ്വതന്ത്രസ്ഥാനാര്‍ത്ഥിയാവാന്‍ ശ്രമിച്ചുവെന്നും അന്‍വര്‍ ആരോപിച്ചതോടെ കോണ്‍ഗ്രസിനുള്ളിലും സ്ഥാനാര്‍ത്ഥിത്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അന്‍വറിന് സ്വന്തം നിലക്ക് പതിനായിരം വോട്ടെങ്കിലും നിലമ്പൂരിലുണ്ടെന്നത് ഇരു മുന്നണികളെയും ആശങ്കയിലാഴ്‌ത്തുന്നതാണ്. കഴിഞ്ഞ തവണ 2700 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്.
യുഡിഎഫ് നേതൃത്വം മണ്ഡലത്തില്‍ നടത്തിയ സര്‍വെകളില്‍ വി.എസ്. ജോയിക്കായിരുന്നു മുന്‍തൂക്കം. ജോയിക്ക് കോണ്‍ഗ്രസില്‍ ഗോഡ്ഫാദര്‍ ഇല്ലാത്തതാണ് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നിലെന്ന അന്‍വറിന്റെ പരാമര്‍ശം കോണ്‍ഗ്രസിനുള്ളിലെ പടലപിണക്കത്തെയും പുറത്തുകൊണ്ടുവരുന്നതാണ്.
വി.എസ്. ജോയിയുടെ പേര് വെട്ടാന്‍ മുസ്ലിം ലീഗ് സമ്മര്‍ദം ചെലുത്തിയതോടെയാണ് ആര്യാടന്‍ ഷൗക്കത്തിന് ടിക്കറ്റ് കിട്ടിയത്. തുടക്കത്തില്‍ ജോയിയോടും ഷൗക്കത്തിനോടും പ്രത്യേക മമത ഇല്ലെന്ന് പറഞ്ഞിരുന്ന മുസ്ലിം ലീഗ് ഒടുവില്‍ തീരുമാനം മാറ്റുകയായിരുന്നു. നിലമ്പൂര്‍ മലയോരമേഖലയിലെ ക്രൈസ്തവ കുടിയേറ്റക്കാരുടെ വോട്ട് നഷ്ടപ്പെട്ടാലും ഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായത്തിന്റെ വോട്ട് ചോരാതെ പെട്ടിയിലാക്കിതരാമെന്ന മുസ്ലിം ലീഗിന്റെ ഉറപ്പാണ് യുഡിഎഫിനെ ഷൗക്കത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ മുസ്ലിം ലീഗിനുള്ളിലെ പ്രബലവിഭാഗത്തിന് എതിര്‍പ്പുണ്ട്.
ഇടതുമുന്നണിയിലും കടുത്ത ആശയക്കുഴപ്പമാണുള്ളത്. എം. സ്വരാജിനെ മത്സരിപ്പിക്കുമെന്നായിരുന്നു സിപിഎം ആദ്യം പ്രചരിപ്പിച്ചതെങ്കിലും സിപിഎം ഇതില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു സിപിഎം നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: