തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പലരില്‍ നിന്നായി 250 കോടി തട്ടിയെടുത്ത സംഭവത്തില്‍ ഫാംഫെഡ് (സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്‍ഡ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്) എന്ന സ്ഥാപനത്തിന്റെ വിവിധ ശാഖകളില്‍ അന്വേഷണത്തിനൊരുങ്ങി പോലീസ്.
14 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 16 ശാഖകളിലാണ് പോലീസ് അന്വേഷണം നടത്തുക. ഇതിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചെയര്‍മാന്‍ രാജേഷ്, എംഡി അഖിന്‍ ഫ്രാന്‍സിസ് എന്നിവരെ കഴിഞ്ഞദിവസം തൃശൂരില്‍ നിന്നു പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ ഉള്‍പ്പെടെ 7 പേരാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ശാസ്തമംഗലത്തെ ഫാംഫെഡ് ഓഫീസിലായിരിക്കും വിശദമായ അന്വേഷണം ആദ്യം ആരംഭിക്കുന്നത്. സ്ഥാപനങ്ങളിലെ ലാപ്‌ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, കമ്പ്യൂട്ടര്‍ ഡിസ്‌കുകള്‍ തുടങ്ങിയവ പരിശോധനയ്‌ക്കു വിധേയമാക്കും. കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്ന് ഉറപ്പായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
12.5 ശതമാനമെന്ന ആകര്‍ഷക പലിശ വാഗ്ദാനം ചെയ്താണ് നിരവധി പേര്‍ സ്ഥാപനത്തില്‍ ലക്ഷക്കണക്കിന് രൂപ ഒരുവര്‍ഷത്തേക്ക് സ്ഥിരനിക്ഷേപം നടത്തിയത്. ആദ്യമാദ്യം പണവും പലിശയും കൃത്യമായി തിരിച്ചുനല്കിയതിനാല്‍ കൂടുതല്‍ പേര്‍ ഇതില്‍ ആകൃഷ്ടരാവുകയായിരുന്നു. കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നത് 2009ല്‍ ആണെങ്കിലും തിരുവനന്തപുരം ശാസ്തമംഗലത്തെ ശാഖ ആരംഭിക്കുന്നത് മൂന്നുവര്‍ഷത്തിനു മുമ്പാണ്. ആദ്യകാലം മുതല്‍ക്കുതന്നെ ചെറിയതോതില്‍ പ്രതികള്‍ തട്ടിപ്പുനടത്തി വന്നിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. തട്ടിച്ചെടുത്ത കോടികള്‍ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങളിലും ഒരു യൂട്യൂബ് ചാനലിലും മുടക്കിയെന്ന് പ്രാഥമികമായി അറിയാന്‍ സാധിച്ചിട്ടുണ്ട്. വ്യക്തികള്‍ക്കായി നല്കിയ തുകയും ഇക്കൂട്ടത്തിലുണ്ട്. പുതിയ സ്ഥാപനം ആരംഭിക്കാന്‍ പ്രതികള്‍ക്കു പദ്ധതിയുണ്ടായിരുന്നുവെന്നും അതിനായും തട്ടിപ്പുതുക വിനിയോഗിച്ചിട്ടുണ്ടെന്നുമാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: