മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ട്രെയിനുകൾ വൈകി ഓടുന്നു. മിക്ക ദീർഘദൂര ട്രെയിനുകളും വൈകി ഓടുന്നതായി റെയിൽവേ അറിയിച്ചു. ഇന്ന് 6.35 നു തിരുവനന്തപുരം നോർത്തിൽ നിന്നും പുറപ്പെടേണ്ട ട്രെയിൻ (നമ്പർ 12512) തിരുവനന്തപുരം നോർത്ത് – ഗോരഖ്പൂർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് റദ്ദാക്കി.തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ്, തിരുവനന്തപുരം – നിലമ്പൂർ രാജ്യ റാണി എക്സ് പ്രസും, തിരുവനന്തപുരം – മംഗലാപുരം എക്സ്പ്രസ് എന്നീ ട്രെയിനുകൾ മൂന്ന് മണിക്കൂർ വൈകിയോടുന്നു.
തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസ് നാല് മണിക്കൂറാണ് വൈകിയോടുന്നത്. മംഗലാപുരം കന്യാകുമാരി പരശുറാം എക്സ്പ്രസ് പുറപ്പെട്ടത് ഒരു മണിക്കൂർ 10 മിനിറ്റ് വൈകിയാണ്. തിരുവനന്തപുരം നിലമ്പൂർ റോഡ് രാജധാനി എക്സ്പ്രസ് മൂന്നു മണിക്കൂറിലധികം വൈകി ഓടുന്നു. അതേസമയം മഴക്കെടുതിയെ തുടർന്ന് എറണാകുളത്തും കോഴിക്കോടും തടസപ്പെട്ട ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.
എറണാകുളം കളമശേരിക്കും അമ്പാട്ടുകാവിനും ഇടയിൽ മരംവീണാണ് റെയിൽവേ വൈദ്യുതി ലൈൻ പൊട്ടിവീണത്. കോഴിക്കോട് – ഷൊർണൂർ റൂട്ടിൽ അരീക്കാട് ഭാഗത്ത് ചുഴലിക്കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മരങ്ങളും വീടിന്റെ മേൽക്കൂരയും വീണതിനെ തുടർന്ന് എട്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചു നീക്കിയും മേൽക്കൂര നീക്കം ചെയ്തുമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഷൊർണൂർ ഭാഗത്തേക്കുള്ള ട്രാക്കിലെ ഗതാഗതം 3 മണിക്കൂറിനകം പുനഃസ്ഥാപിച്ചിരുന്നെങ്കിലും കോഴിക്കോട് ഭാഗത്തേക്കുള്ള ട്രാക്കിലെ ഗതാഗതം പിന്നെയും മണിക്കൂറുകൾ എടുത്താണ് പുന:സ്ഥാപിച്ചത്. മരങ്ങൾ വീണ സമയത്ത് അതുവഴി വരികയായിരുന്ന ജാം നഗർ എക്സ്പ്രസ് മീറ്ററുകൾക്കപ്പുറം നിർത്താൻ കഴിഞ്ഞതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: