പെരുമ്പാവൂർ : വയോധികയെ വീട്ടിൽക്കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണ്ണം കവർന്ന കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി. പെരുമ്പാവൂർ അല്ലപ്ര രാജ് വിഹാറിൽ അർജുൻ കൃഷ്ണൻ (25 ) നെയാണ് സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിൽ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.
24 ന് വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം.
കുറ്റിപ്പുഴയിൽ തനിച്ച് താമസിക്കുന്ന
79 വയസുള്ള വയോധികയെയാണ് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച് സ്വർണ്ണാഭരണം കവർന്നത്. വൈകീട്ട് ഏഴരയോടെ വൃദ്ധയുടെ സഹോദരൻ കുറ്റിപ്പുഴയിലുള്ള വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സഹോദരിയെ കണ്ടത്. ഉടനെ പോലീസിൽ വിവരമറിയിച്ചു.
ജില്ല പോലീസ് മേധാവി എം.ഹേമലതയുടെ നിർദ്ദേശത്തെ തുടർന്ന് ആലുവ ഡി.വൈ.എസ്.പി ടി.ആർ രാജേഷ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തെളിവുകളും, സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയിലേക്കെത്തുകയായിരുന്നു. വൃദ്ധയുടെ ബന്ധുവിന്റെ സുഹൃത്താണ് പ്രതി.
ഈ അടുപ്പം വച്ചാണ് വൃദ്ധ ഒറ്റക്കു താമസിക്കുന്ന വീട്ടിൽക്കയറി ആക്രമിച്ച് സ്വർണ്ണം കവർന്നത്. സ്വർണ്ണം പണയം വച്ച ധനകാര്യ സ്ഥാപനത്തിൽ നിന്ന് സ്വർണ്ണവും, പണയം വച്ച രേഖകളും കണ്ടെടുത്തു.
ആലുവ ഡി വൈ എസ് പി ടി.ആർ രാജേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സോണി മത്തായി എസ്.ഐമാരായ എസ്. എസ് ശ്രീലാൽ, ബി. എം ചിത്തുജി, സുജോ ജോർജ് ആൻ്റണി, അജിത് കുമാർ, സതീഷ് കുമാർ, ബൈജു കുര്യൻ സി പി ഒ മാരായ മുഹമ്മദ് അമീർ , മാഹിൻ ഷാ അബൂബക്കർ , കെ.എം മനോജ്, അജിതാ തിലകൻ, ലിൻസൺ പൗലോസ്, കിഷോർ, കെ.വി നിധിൻ, ജിതിൻ എം അശോക് , ഷിബിൻ, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: