കൊച്ചി: തിരുവനന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സഹപ്രവർത്തകൻ സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം ഡിസിപി ഓഫീസിലാണ് പ്രതി കീഴടങ്ങിയത്. സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പ്രതി കൂടുതൽ പെൺകുട്ടികളെ ചൂഷണം ചെയ്തതായി തെളിവുകളുണ്ടെന്നും പുറത്തുവന്ന തെളിവുകൾ മഞ്ഞുമലയുടെ അറ്റം മാത്രമെന്നും അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്നും ഹൈക്കോടതി ജാമ്യം നിഷേധിച്ചു കൊണ്ട് വ്യക്തമാക്കി.
സുകാന്തിനോട് കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു. ഇപ്പോൾ പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തിന് തടസമാകുമെന്നും കോടതി നിരീക്ഷിച്ചു. ഇതിനു പിന്നാലെയാണ് സുകാന്ത് കീഴടങ്ങിയത്. കൊച്ചി ഡിസിപി ഓഫീസിലാണ് കീഴടങ്ങിയത്. അഡ്വ. ഉദയഭാനുവിനോടൊപ്പമാണ് സുകാന്ത് കീഴടങ്ങാൻ എത്തിയത്. കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥനാണ് സുകാന്ത്. ഇയാൾക്കെതിരെ ബലാത്സംഗമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സുകാന്ത്. യുവതിയുടെ ആത്മഹത്യയ്‌ക്ക് ശേഷം ഇയാൾ ഒളിവിലായിരുന്നു.
കേസിൽ പ്രതിയായതോടെ വകുപ്പുതല അന്വേഷണം നടത്തുകയും സുകാന്തിനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ മാർച്ച് 24നാണ് റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യയ്‌ക്കു പിന്നാലെ സഹപ്രവർത്തകൻ സുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്ന് ആരോപിച്ച കുടുംബം ഇതിനുള്ള തെളിവുകളും പോലീസിന് കൈമാറിയിരുന്നു.
മകളുടെ അക്കൗണ്ടില്‍ നിന്നും സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് പോലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്. പിന്നാലെയാണ് സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആത്മഹത്യ ചെയ്ത യുവതിയും സുകാന്തും തമ്മിലുള്ള ടെലഗ്രാം ചാറ്റുകൾ പുറത്തുവന്നിരുന്നു. ഇതിൽ സുകാന്ത് യുവതിയോട് എപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് ചോദിക്കുന്നതടക്കമുള്ള ചാറ്റുകൾ ആത്മഹത്യ പ്രേരണയ്‌ക്കുള്ള തെളിവായി കോടതിയിൽ കാണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: