വിദ്യാഭ്യാസത്തില്‍ അധിഷ്ഠിതമാണ് ഒരു രാഷ്‌ട്രത്തിന്റെ പുരോഗതി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കക്ഷി – രാഷ്‌ട്രീയ, ജാതി-മത, വര്‍ഗ്ഗ-വര്‍ണ്ണ സമവാഖ്യങ്ങള്‍ക്ക് അതീതമായി വിശ്വമാനവികത ഉയത്തിപ്പിടിക്കേണ്ട ഇടങ്ങളാകുന്നു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല പ്രതിഭാധനരായ പല വിദഗ്ധരെയും ലോകത്തിന് മുന്‍പില്‍ സമര്‍പ്പിച്ച ഒരു ഭൂമികയാണ്. എന്നാല്‍, കഴിഞ്ഞ ഒരു ദശകത്തിലേറെയായി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള രാഷ്‌ട്രീയ അതിപ്രസരം കാരണം, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും, ജോലി സാധ്യതകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാതെ വരുന്നു. കേരളത്തിലെ പല സര്‍വ്വകലാശാലകളും , കലാലയങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകളായി കാലക്രമേണ പരിണമിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈ അവസരത്തിലാണ് സര്‍വ്വകലാശാല നിയമ ഭേദഗതി ബില്ലിലൂടെ മറ്റൊരു കരിനിയമത്തിന് കോപ്പുകൂട്ടാന്‍ കേരള സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സംസ്ഥാന പൊതു സര്‍വ്വകലാശാലകള്‍ നിയമസഭയുടെ നിയമ നിര്‍മാണ പ്രക്രിയയിലൂടെ സ്ഥാപിതമാകുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ സര്‍വകലാശാലകളിലും സംസ്ഥാന ഗവര്‍ണറാണ് ചാന്‍സലര്‍ പദവി അലങ്കരിക്കുന്നത്. ആലങ്കാരികമായ പദവി എന്നതിലുപരി, സര്‍വകലാശാലയുടെ പല പ്രക്രിയകളിലും ധാരാളം അധികാര പരിധിയുള്ള ഒരു സ്ഥാനമാണ് ചാന്‍സലറുടേത്. സര്‍വകലാശാലകളുടെ സെനറ്റ് യോഗങ്ങള്‍ , ബിരുദദാന ചടങ്ങുകള്‍ എന്നിവയില്‍ അധ്യക്ഷത വഹിക്കേണ്ട ഉത്തരവാദിത്തവും, വൈസ് ചാന്‍സലര്‍മാരുടെ നിയമനവും ചാന്‍സലറില്‍ നിഷിബ്ദമാണ്. എന്നാല്‍, ഈ അധികാര പരിധികളിലേക്ക് സംസ്ഥാന സര്‍ക്കാരിന് നേരിട്ടുള്ള രാഷ്‌ട്രീയ കൈകടത്തലുകള്‍ നടത്താന്‍ സാഹചര്യമൊരുക്കുകയാണ് പുതിയ സര്‍വ്വകലാശാല ഭേദഗതി ബില്ല്.
മന്ത്രിക്ക് നല്‍കുന്ന അമിതാധികാരങ്ങള്‍
രാഷ്‌ട്രപതി നിയമിക്കുന്ന ഗവര്‍ണര്‍ ചാന്‍സലറായി തുടരുമ്പോള്‍, സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് സര്‍വകലാശാലകളുടെ പ്രോ-ചാന്‍സലര്‍ എന്ന ചുമതല വഹിക്കുക. ഗവര്‍ണറുടെ അഭാവത്തില്‍ സെനറ്റ് യോഗങ്ങളിലും, ബിരുദദാന ചടങ്ങിലും പ്രോ-ചാന്‍സലര്‍ക്ക് അധ്യക്ഷത വഹിക്കാം. ഇത് സ്വാഭാവികമായ പ്രക്രിയ എന്ന നിലയിലിരിക്കുമ്പോളാണ് , മറ്റു പല അമിതാധികാരങ്ങളും കൂടി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കാന്‍ ഈ ബില്ലിലൂടെ ആവശ്യപ്പെടുന്നത്. സര്‍വകലാശാലയിലെ എല്ലാ അക്കാദമിക് – ഭരണപരമായ കാര്യങ്ങളിലും ഇനിമുതല്‍ പ്രോ-ചാന്‍സലര്‍ക്ക് ഇടപെടാനാകും. സര്‍വകലാശാലകളിലും, കോളേജുകളിലുമായി നേരിട്ടോ അല്ലാതെയോ ഇന്‍സ്‌പെക്ഷനുകള്‍ നടത്തുവാനും , പരിസരങ്ങളും , ലാബുകളും , എന്തിനേറെ പരീക്ഷകളിലും, പഠനവിഷയങ്ങളിലും ഇടപെടാനും, ഭരണപരമായതും, സാമ്പത്തികപരമായതുമായ കാര്യങ്ങളില്‍ അന്വേഷണങ്ങള്‍ നടത്താനും ഇനി മുതല്‍ മന്ത്രിക്ക് സാധിക്കും. ഈ അധികാരങ്ങള്‍ സര്‍വകലാശാലകളെ രാഷ്‌ട്രീയ പാര്‍ട്ടി കേന്ദ്രങ്ങളാക്കി മാറ്റുമെന്നതില്‍ തര്‍ക്കമില്ല. എസ.എഫ്.ഐ നേതാക്കള്‍ പരീക്ഷകളെഴുതാതെ വിജയിച്ചു പോകുന്ന കാലഘട്ടത്തില്‍, ഇനി മുതല്‍ മന്ത്രിമാരുടെ മേല്‍നോട്ടത്തില്‍ ക്ലാസില്‍ പോലും വരാതെ വിജയിച്ചു പോകാവുന്നതാണ്.
വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമോ ?
പ്രത്യക്ഷത്തില്‍ കാണുമ്പോള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ധാരാളം പരിഗണന നല്‍കുന്നതായി തോന്നുമെങ്കിലും, അതില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. നിയമപരമായ ഏത് വിദ്യാര്‍ത്ഥി സംഘടനകളിലും പ്രവര്‍ത്തിക്കുവാനും, യോഗങ്ങളും, സംവാദങ്ങളും, പ്രകടനങ്ങളും സംഘടിപ്പിക്കാനുമുള്ള സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ആരാഷ്‌ട്രീയതയ്‌ക്ക് ഇതൊരു ബദല്‍ ആണെങ്കിലും, നിലവിലുള്ള കേരളത്തിലെ സര്‍വകലാശാലകളുടെയും കലാലയങ്ങളുടെയും സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍, ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുള്ള ഒരു ഏകാധിപത്യ പ്രവര്‍ത്തന സാഹചര്യം ഒരുക്കുവാന്‍ മാത്രമേ ഇത് സഹായമാകുകയുള്ളു. വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെ പറ്റി വിവരിക്കുന്ന ലിംഗ്‌ഡോ കമ്മിറ്റി റിപ്പോര്‍ട്ടിന് വിരുദ്ധമായ പല പ്രവണതകളും ഇതിലൂടെയുണ്ടാവും. ചുരുക്കത്തില്‍, മന്ത്രിക്കുള്ള അമിതധികാരവും, ഇടത് സംഘടനകള്‍ക്കുള്ള അമിത സ്വാതന്ത്ര്യവും വര്‍ധിക്കുന്നത്തോടെ, വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പുകളിലും ഇനി മുതല്‍ സുതാര്യത പ്രതീക്ഷിക്കാന്‍ പറ്റില്ല. വിദ്യാര്‍ത്ഥികളുടെ പരാതി പരിഹാരത്തിനായി സ്റ്റുഡന്റ് ഗ്രീവന്‍സ് റിഡ്രസ്സല്‍ സെല്ലുകള്‍ രൂപീകരിക്കണമെന്ന് പറയുന്നുണ്ടെങ്കിലും, യു.ജി.സി ആവശ്യപ്പെട്ടത് പോലെയുള്ള ഓമ്പുഡ്‌സ്‌പേഴ്‌സണ് പരാതി പരിഹാര സെല്ലിലുള്ള അധികാര പരിധികളെ പറ്റി പരാമര്‍ശം പോലും വന്നിട്ടില്ല. റിട്ട.ജഡ്ജി, അല്ലെങ്കില്‍ ഒരു സീനിയര്‍ പ്രൊഫസര്‍ ഈ ചുമതല വഹിക്കേണ്ടതാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ ഈ നിയമനങ്ങള്‍ നടത്താന്‍ വളരെയധികം കാലതാമസം വന്നിട്ടുണ്ട്. നിലവില്‍, കേരള ആരോഗ്യ സര്‍വകലാശാലയില്‍ ഇത്തരത്തില്‍ നിയമനം നടന്നിട്ട് പോലുമില്ല. നിയമനം നടന്നിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന എം.ജി സര്‍വകലാശാല ഉള്‍പ്പടെ, ആ വിവരങ്ങള്‍ എവിടെയും പ്രസിദ്ധീകരിച്ചിട്ടുമില്ല. വിദ്യാര്‍ത്ഥികളുടെ പല പരാതികളും കേവലം മെയിലുകളിലും കത്തുകളിലും മാത്രം ഒതുങ്ങി പോകുകയാണ്. അവയിന്മേല്‍ നടപടി ഉണ്ടാവുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ ഇപ്പോള്‍ പ്രതീക്ഷയില്ല.
അധ്യാപകര്‍ക്ക് രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനായി പരമാധികാരം മറ്റൊരു സുപ്രധാന ഭാഗമാണ്, അധ്യാപകര്‍ക്ക് നല്‍കുന്ന അധികാരങ്ങളെ പറ്റിയുള്ളത്. ഇനി മുതല്‍ അധ്യാപക സംഘടനകള്‍ക്ക് സര്‍വകലാശാലയുടെ അനുമതി ഇല്ലാതെ തന്നെ കലാലയങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുവാനും, ലഖുലേഖകള്‍ വിതരണം ചെയ്യുവാനും സാധിക്കും. ഇതുവരെ, പരോക്ഷമായി ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ രക്ഷാധികാരി സ്ഥാനം വഹിച്ചിരുന്ന കമ്യൂണിസ്റ്റ് അധ്യാപകര്‍ക്ക്, ഇനി മുതല്‍ നേരിട്ട് അവ പ്രത്യക്ഷമായി നടത്താനുള്ള സാഹചര്യം വന്നു ചേര്‍ന്നിരുക്കയാണ്. നാളെ ഒരു പക്ഷെ, വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളില്‍ എസ്.എഫ്.ഐ ക്ക് ഒപ്പം ചേര്‍ന്ന് മറ്റ് വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യാനും ഇക്കൂട്ടര്‍ക്ക് സാധിക്കും. നിലവില്‍, കേരളത്തിലെ പല കലാലയങ്ങളിലും പ്രതിപക്ഷ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച് പക്ഷപാതം കാട്ടുകയും, ഇന്റെര്‍ണല്‍ മാര്‍ക്കുകള്‍ കുറയ്‌ക്കുകയും ചെയ്യുന്ന ഇടത് അധ്യാപകര്‍ക്ക് ഇനി മുതല്‍ അവ ആവോളം ചെയ്യാവുന്നതാണ്. പഠനത്തിനും, ഗവേഷണത്തിനും പ്രാധാന്യം കൊടുത്ത്, വിദ്യാര്‍ഥികളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കേണ്ട അധ്യാപകര്‍ ഇനി മുതല്‍ ലോക്കല്‍ കമ്മിറ്റിയംഗംങ്ങളായി പ്രവര്‍ത്തിക്കണം എന്നതായിരിക്കും സര്‍ക്കാര്‍ ഇതിലൂടെ ഉദ്ദേശിക്കുന്ന ആത്യന്തിക മാറ്റം.
നിയമഭേദഗതിയുടെ ഭാവിയെന്ത് ?
ഈ നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നത്തോടെ, കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗം നിലവിലുള്ളതിനേക്കാളും പരിതാപകരമായ നിലയിലേക്ക് പോകും എന്നതില്‍ സംശയമില്ല. പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എസ്.എഫ്.ഐ ക്രിമിനല്‍ സംഘം റാഗ് ചെയ്ത് കൊലപ്പെടുത്തിയ സിദ്ധാര്‍ഥ്‌നെ പോലെ നിരവധി മരണങ്ങള്‍ക്ക് സാക്ഷിയാകുവാനും, ഇടത് നേതാക്കള്‍ സര്‍വകലാശാലകളെ പാര്‍ട്ടി ഓഫീസുകളായി മറ്റുന്നതും കണ്ട് കാഴ്ചക്കരായി കേരളത്തിന്റെ പൊതുസമൂഹത്തിന് ഇരിക്കാവുന്നതാണ്. ബഹു. കേരള ഗവര്‍ണറുടെ പരിഗണനയില്‍ ഈ വിഷയം ഇരിക്കുന്നത് കൊണ്ട് തന്നെ, ഇത്തരം വിദ്യാര്‍ത്ഥി വിരുദ്ധ കരിനിയമങ്ങള്‍ പ്രാബല്യത്തില്‍ ഉടന്‍ തന്നെ വരില്ല എന്നാണ് പ്രതീക്ഷിക്കാവുന്നത്.
( എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിയംഗവും, എന്‍സിഇആര്‍ടി ഗവേഷക ഫെല്ലോയുമാണ് ലേഖകന്‍ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: