ന്യൂയോര്‍ക്ക്: പഹല്‍ഗാമില്‍ നടന്നത് ഭീകരാക്രമണം അല്ലെന്നും മതം ചോദിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് നിറയൊഴിച്ചതെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഭീകരതയ്‌ക്കെതിരായ ഭാരതത്തിന്റെ നിലപാട് വിശദീകരിക്കുന്നതിനുള്ള സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ യാത്രയുടെ ഭാഗമായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംസാരിക്കവെയാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പഹല്‍ഗാമിലുണ്ടായത് ഭീകരാക്രമണം മാത്രമല്ല, അതിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഭീകരര്‍ ആള്‍ക്കൂട്ടത്തില്‍ വന്ന് വിവേചനരഹിതമായി ബോംബ് സ്ഫോടനം നടത്തുകയല്ല ചെയ്തത്. മതം ചോദിച്ച് ആളുകളെ തിരിച്ചറിഞ്ഞാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരെല്ലാം ഹിന്ദുകളാണ്, അതുകൊണ്ടാണ് അവര്‍ കൊല്ലപ്പെട്ടത്. സാമുദായിക ഐക്യം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നത്. എന്നാല്‍ ഭാരതത്തിലെ ജനങ്ങള്‍ യാതൊരു പ്രകോപനത്തിനും അടിമപ്പെട്ടില്ല. അവര്‍ ഒറ്റക്കെട്ടായി നിന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത റസിസ്റ്റന്‍സ് ഫ്രണ്ട് നിരോധിത ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ അനുബന്ധ സംഘടനയാണ്. 2023ലും 2024ലും റെസിസ്റ്റന്‍സ് ഫ്രണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഭാരതം യുഎന്നിന് നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം ന്യൂയോര്‍ക്കില്‍ 9/11 സ്മാരകം സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു. ഭീകരവാദത്തിനെതിരെ ലോകം ഒന്നിച്ചു നില്‍ക്കുന്നതിന്റെ ഓര്‍മപ്പെടുത്തലാണ് 9/11 സ്മാരകമെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ന്യൂയോര്‍ക്കില്‍ നിന്ന് ഗയാനയിലേക്ക് തിരിച്ചു. പാനമ, കൊളംബിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷം വാഷിങ്്ടണില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: