കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1337 മീറ്റര്‍ ഉയരത്തിലൊരു സ്ഥലം. ചുറ്റും നിബിഡ വനം. അവിടെ വര്‍ഷത്തിലൊരിക്കല്‍ ദര്‍ശനമുള്ള, ആദിപരാശക്തി കുടികൊള്ളുന്ന കോവില്‍. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നു പോകാന്‍ കഴിയുന്ന കാനനപാത. പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിനുള്ളിലുള്ള മംഗളവനത്തിലെ മംഗളാദേവി ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്. മുന്‍കൂട്ടി അനുമതി ലഭിച്ച ടാക്‌സി ജീപ്പുകളിലോ അല്ലെങ്കില്‍ കാല്‍നടയായോ കുമളിയില്‍ നിന്ന് 12 കിലോമീറ്റര്‍ സഞ്ചരിക്കണം മംഗളവനത്തിലെത്താന്‍. വര്‍ഷത്തിലൊരിക്കല്‍ ചിത്രാപൗര്‍ണ്ണമി ദിവസം മാത്രമാണ് ഇവിടേക്കുള്ള പ്രവേശനം. എന്നിട്ടും 25,000ത്തോളം ഭക്തര്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും അമ്മയെ കാണാന്‍ ഈ കൊടുംകാട്ടിലെത്തുന്നു.
ഇടുക്കി- തേനി ജില്ലാ ഭരണകൂടങ്ങള്‍ സംയുക്തമായാണ് ദര്‍ശനം സുഗമമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുന്നത്. യൂട്യൂബിലും റീല്‍സിലുമെല്ലാം മംഗളാദേവി തീര്‍ത്ഥാടനയാത്ര കണ്ടിരുന്നുവെങ്കിലും ഇവിടെ എത്തിയപ്പോഴാണ് അതിന്റെ പ്രസക്തി ബോധ്യമായത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും നമ്മള്‍ സന്ദര്‍ശിക്കേണ്ടയിടമാണ് മംഗളവനം. മനുഷ്യവാസം ഇല്ലാത്ത ഘോരവനത്തില്‍ എങ്ങനെ ഈ ക്ഷത്രം വന്നെന്നും എങ്ങനെ ഇത് തകര്‍ന്നെന്നും വീണ്ടും എങ്ങനെ പുനരുദ്ധാരണത്തിനായി പോകുന്നുവെന്നതും നമ്മളെ അത്ഭുതപ്പെടുത്തുന്ന അനുഭവമാണ്.
അട്ടിക്കട്ടിക്ക് കരിങ്കല്‍ വച്ച് പ്രാചീന തമിഴ് നിര്‍മിതിയാണ് ഈ ക്ഷേത്രത്തിനുള്ളത്. ചേര രാജാവായ ചെങ്കുട്ടുവനാണ് ക്ഷേത്രം പണിതതെന്നാണ് വിശ്വാസം. എന്നാല്‍ അതിന്റെ കാലഗണനയെക്കുറിച്ച് യാതൊരു രേഖയും എവിടെയുമില്ല. ശ്രീകോവില്‍ ഉള്‍പ്പെടെ ഇപ്പോള്‍ തകര്‍ന്ന നിലയിലാണ്. ക്ഷേത്രത്തിന്റെ ചുറ്റും കോട്ടയുടെയും പടികളുടെയും അവശിഷ്ടങ്ങള്‍ കാണാം. പ്രാചീനമായ ഒരു മഹാക്ഷേത്രത്തിന്റെ സാക്ഷ്യപ്പെടുത്തലാണ് ഇതെല്ലാമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകും. ഇത്രയും ദുര്‍ഘടമായ ഒരു സ്ഥലത്തേക്ക് കരിങ്കല്ലുകളും വലിയ ശിലകളും എങ്ങനെ എത്തിച്ചുവെന്നത് നമ്മെ ആശ്ചര്യപ്പെടുത്തും. ഇപ്പോള്‍ തമിഴ്‌നാടും കേരളവും രണ്ട് ഭാഗങ്ങളിലായാണ് തനത് പാരമ്പര്യ ശൈലിയില്‍ ദേവീപൂജ നടത്തുന്നത്. ഗുഹ പോലെയുള്ള ഇടതുവശത്തെ ശ്രീകോവിലില്‍ ശിവനാണുള്ളത്. മറുപുറത്ത് ഗണപതിക്ക് പ്രത്യേക ഇടം കാണാം. ദേവിക്ക് കാവലായി കറുപ്പ് സ്വാമി എന്ന മലദൈവവും ഇവിടെയുണ്ട്. ക്ഷേത്ര സമുച്ചയങ്ങളെല്ലാം തകര്‍ന്ന അവസ്ഥയിലാണെങ്കിലും പ്രകൃതിദത്തമായ ചൈതന്യം ആ വനമേഖലയെ ആകെ പ്രചോദിപ്പിക്കുന്നുണ്ട്. ഭാരതീയ വിശ്വാസമനുസരിച്ച് പ്രകൃതിയാണല്ലൊ ദൈവം. അങ്ങനെ നോക്കുമ്പോള്‍ ഭാരതീയദര്‍ശനത്തിന്റെ മൂര്‍ദ്ധന്യഭാവമാണ് മംഗളാദേവിയില്‍ നമുക്ക് ദര്‍ശിക്കാനാവുക. മധുരാപുരി ചുട്ടെരിച്ച കണ്ണകിയാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. എന്തായാലും കാലദേശങ്ങളെ ഒന്നിപ്പിക്കാന്‍ അവള്‍ക്ക് സാധിക്കുന്നു.
ആയിരം വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിലേക്ക് ഇന്നും പാണ്ടി- മലയാള നാടുകളിലുള്ള ഭക്തര്‍ ഒരൊറ്റ മനസായി എത്തുന്നതും കണ്ണകിയുടെ ശക്തി തന്നെയാണ്. മംഗളാദേവിയെ പോലെ തന്നെ സുന്ദരമാണ് മംഗളവനവും എന്നത് അതിശയോക്തിയല്ല. ഇടതൂര്‍ന്ന് നില്‍ക്കുന്ന വനവും പുല്‍മേടുകളും പച്ച താഴ്‌വരകളും കാട്ടരുവികളും ഇവിടം സ്വര്‍ഗമാക്കുന്നു. തമിഴ്‌നാടിന്റെ സംസ്ഥാന മൃഗമായ നീലഗിരി താറുകളെയും കേരളത്തിന്റെ സ്വന്തം ആനകളെയും യാത്രയില്‍ നമുക്ക് കാണാം. ചെങ്കുത്തായ കയറ്റിറക്കവും അഗാധമായ കൊക്കകളും പൊടിയുമെല്ലാം ജീപ്പ് യാത്ര സാഹസികമാക്കുമെങ്കിലും മുകളിലേക്ക് പോകും തോറും പ്രകൃതി നമ്മെ മാടി വിളിച്ചുകൊണ്ടിരിക്കും. നോക്കെത്താദൂരെ താഴെ പച്ചപ്പരവതാനി വിരിച്ച പോലെ പാടങ്ങളും ചിതറിക്കിടക്കുന്ന വീടുകളും വിമാനയാത്രയുടെ കാഴ്ചയനുഭവം പകരും. കണ്ണകി വസിക്കുന്ന ഈ വനം ഔഷധ ഗുണങ്ങളുള്ള നിരവധി സസ്യങ്ങളുടെ കലവറ തന്നെയാണ്.
ആവാസവ്യവസ്ഥ സംരക്ഷിക്കാന്‍ വനംവകുപ്പ് കടുത്ത നിയന്ത്രണമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് യാത്രാവഴിയിലോ ക്ഷേത്ര സന്നിധിയിലോ ഹോട്ടലുകളില്ല. പായ്‌ക്കറ്റ് ഭക്ഷണ സാധനങ്ങളും ലഭ്യമല്ല. തമിഴ്‌നാട് സര്‍ക്കാരിന്റെയും കേരളത്തിലെ ചില ഹൈന്ദവ സംഘടനകളുടേയും അന്നദാനം മാത്രമേ ഇവിടെ ലഭ്യമാവുകയുള്ളൂ. ചിത്രാ പൂര്‍ണിമ ദിവസം രാവിലെ 6 മണിക്കാണ് ക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുക്കുക. 6 മണി മുതല്‍ വൈകുന്നേരം 4 മണിവരെ വിശേഷാല്‍ പൂജകള്‍ നടക്കും. അതിന് ശേഷം ദര്‍ശനമുണ്ടാവില്ല. എല്ലാവരും മലയിറങ്ങണം. ക്ഷേത്രം ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ കമ്പത്ത് നിന്നാണ് വിഗ്രഹം വനത്തിലെത്തിക്കുക. പൂക്കളും പട്ടും ചാര്‍ത്തി തമിഴ് പുരോഹിതരും തിരുവിതാംകൂര്‍ ദേവസ്വം നിശ്ചയിച്ച പൂജാരിമാരും ദേവിയെ പൂജിക്കും. പാതിവൃത്യത്തിന്റെ ശക്തി ലോകത്തിന് കാണിച്ചുകൊടുത്ത കണ്ണകിക്ക് മുമ്പില്‍ സ്ത്രീകള്‍ താലിമാല പൂജിക്കുകയും പൊങ്കാല അര്‍പ്പിക്കുകയും ചെയ്യാറുണ്ട്. പ്രകൃതിയുടെ സ്വച്ഛന്ദമായ വ്യവഹാരത്തിന് യാതൊരു തടസവുമില്ലാതെയാണ് ഇവിടെ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവമെന്നതാണ് മറ്റൊരു പ്രത്യേകത. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ദേവീഭക്തര്‍ മംഗളവനത്തിലേക്ക് ഒഴുകിയെത്തുമെന്നുറപ്പാണ്. ഭൂതകാലത്തിന്റെ ഗരിമയോട് നീതി പുലര്‍ത്തുന്ന വിധത്തില്‍ ഒരു മഹാക്ഷേത്രം ഇവിടെ ഉയരട്ടെയെന്ന് പരാശക്തിയോട് പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: