നരജീവിതമായ വേദനയ്‌ക്ക് ശരിയായ സിദ്ധൗഷധം ആത്മവിദ്യയുടെ സ്വാംശീകരണമാണ്. അതിനായി ആത്മസമര്‍പ്പണം ചെയ്ത ധീരന്മാര്‍ക്കുമാത്രമേ സത്യസാക്ഷാത്കാരമുണ്ടാകുന്നുള്ളൂ. ആധുനികകാലത്ത് ‘ശിവോഹം’ എന്ന ആ പരമനിലയയിലേക്കുയരാന്‍ നമ്മെ സഹായിക്കുന്ന ഗുരുക്കന്‍മാര്‍ അധികമില്ല. അവിടെയാണ് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എന്ന ഋഷിസത്തമനെ നാം കൃതജ്ഞതയോടെ സ്മരിക്കുന്നത്. മലയാളികളുടെ സാംസ്‌കാരിക മണ്ഡലത്തില്‍ സ്വത്വാവബോധത്തിന്റെയും സ്വയംനവീകരണത്തിന്റെയും ആത്മദര്‍ശനം പകര്‍ന്നരുളിയവയാണ് അദ്ദേഹത്തിന്റെ മഹാഭാഷ്യങ്ങളും പ്രഭാഷണങ്ങളും. അദ്ദേഹം രചിച്ച മഹാഭാഷ്യങ്ങള്‍ മലയാളഭാഷയുടെ മാത്രമല്ല ഭാരതത്തിന്റെ പൊതുപൈതൃകത്തെകൂടിയും കൂടുതല്‍ തിളക്കമുള്ളതാക്കി.
ശ്രീശങ്കരാചാര്യസ്വാമികള്‍ക്കുശേഷം ഭാരതംകണ്ട മഹാഭാഷ്യകാരനാണ് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍. കാരണം പ്രസ്ഥാനത്രയഭാഷ്യം ആധുനികകാലത്തു വിരചിച്ചവര്‍ അദ്ദേഹത്തെപ്പോലെ അങ്ങനെ ഇല്ലെന്നു തന്നെ പറയാം. ഭാരതീയ വേദാന്തചിന്തയുടെ അടിസ്ഥാനകൃതികളാണ് പ്രസ്ഥാനത്രയം- ദശോപനിഷത്തും ബ്രഹ്മസൂത്രവും ഭഗവദ്ഗീതയും. ഇവ മൂന്നിനും ആധുനിക അക്കാദമിക മേഖലയില്‍ നിന്നോ ഗൃഹസ്ഥാശ്രമിയായൊരാളില്‍ നിന്നോ ഭാഷ്യരചന സംഭവിക്കുക എന്നത് അത്യപൂര്‍വ്വമാണ്. ബാലകൃഷ്ണന്‍നായര്‍ സാര്‍ അതു നിര്‍വ്വഹിച്ചതോടെ ഭാഷ്യരചനയില്‍ അതൊരു അപൂര്‍വ്വ അദ്ധ്യായമായി മാറുന്നു. വേദാന്ത സത്യത്തെ ‘സൂര്യതുല്യം’ പ്രകാശിപ്പിക്കുന്നതില്‍ ശിവാരവിന്ദം ഭാഷ്യപരമ്പര ആര്‍ഷഭാഷ്യപാരമ്പര്യത്തിന്റെ മുന്നില്‍ത്തന്നെ നില്‍ക്കുന്നു. ഈ അജയ്യത മാതൃഭാഷയുടെ സുകൃതം കൂടിയാണ്. അതു സ്വാംശീകരിക്കാന്‍ മുന്നോട്ടുവന്ന എത്രയോ സാധാരണക്കാര്‍ കൂടി സത്യസാക്ഷാത്കാരത്തിന്റെ ധന്യത ആ ഭാഷ്യങ്ങളിലൂടെ അനുഭവിച്ചുവെന്നത് നിസ്തര്‍ക്കമാണ്.
അദ്ദേഹം മുമ്പ് വേദാന്ത പ്രഭാഷണം ചെയ്ത അഭേദാനന്ദാശ്രമത്തില്‍ ഇപ്രാവശ്യം അദ്ദേഹത്തിന്റെ പതിനാലാം വിയോഗവാര്‍ഷികവും നൂറ്റിരണ്ടാം ജയന്തിയും പ്രമാണിച്ച് ഫെബ്രുവരി 4, 5 തീയതികളില്‍ സ്മരണാഞ്ജലി അര്‍പ്പിച്ച് നടന്നു. തദവസരത്തില്‍ അദ്ദേഹത്തിന്റെ പ്രിയശിഷ്യന്‍ പി. രവികുമാറിന്റെ ‘പട്ടിനത്താര്‍’ എന്ന ശൈവസിദ്ധന്റെ ജീവിത കാവ്യകൃതിയുടെ പ്രകാശനവും നടന്നു. ഇത് സാര്‍ ഇന്നും നല്‍കുന്ന ദിവ്യപ്രചോദനാനുഗ്രഹത്തിനാലത്രേ സംഭവിച്ചത്. അതേ വേദിയില്‍ സ്വാമി ദുര്‍ഗാന്ദ സരസ്വതിയുടെ വേദാന്ത മാഹാവാക്യമനന പ്രഭാഷണം ഉചിതമായ സമര്‍പ്പണാഞ്ജലിയായി. ഫെബ്രുവരി 2 ന് അവിടെത്തന്നെ തുടക്കം കുറിച്ച ഡോ. എ.എം. ഉണ്ണികൃഷ്ണന്റെ ‘ഒഴുവിലൊടുക്കം’ എന്ന സിദ്ധാന്ത അദൈ്വത കൃതിയുടെ പ്രഭാഷണപരമ്പരയും മഹാനായ ഭാഷ്യകാരന്റെ പൂര്‍വ സങ്കല്പസഫലീകരണമല്ലാതെ മറ്റെന്താണ്?
സാറിന്റെ അനുസ്മരണം കഴിഞ്ഞു പുറത്തിറങ്ങിയവര്‍ ആഹ്ലാദത്തോടെ അദ്ദേഹത്തിന്റെ മഹാഭാഷ്യങ്ങളെ സ്വന്തമാക്കുന്നത് കണ്ടു. ശ്രീമദ്ഭഗവദ്ഗീത, ശിവാരവിന്ദം മഹാഭാഷ്യം, രണ്ടു വിദ്യാരണ്യകൃതികള്‍ – പഞ്ചദശി, ജീവന്മുക്തി വിവേകവും, വാസിഷ്ഠസുധ, ഭാഗവതഹൃദയം, ശ്രീനാരായണ ഗുരുദേവകൃതികളുടെ സമ്പൂര്‍ണ വ്യാഖ്യാനം, വേദാന്തദര്‍ശനം – ഉപനിഷദ്‌സ്വാദ്ധ്യായം (3 ഭാഗം) ഭാഷാപ്രദീപം – ബ്രഹ്മസൂത്ര ഭാഷ്യാനുവാദം, രണ്ടുമലയാള മാമറകള്‍ – ഹരിനാമകീര്‍ത്തനം, ജ്ഞാനപ്പാന, പ്രൗഢാനുഭൂതി, പ്രകരണ പ്രകാശിക എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ ഭാഷ്യങ്ങളെല്ലാം തന്നെ ഭാരതീയ വേദാന്തസാഹിത്യം ലോകത്തിനു നല്‍കിയ ഭാഷ്യം എന്ന രചനാ സമ്പ്രദായത്തിന്റെ സത്യനിര്‍ദ്ധാരണതത്ത്വത്തെ ഭാഷയില്‍ ശക്തമായ രചനാസംങ്കേതമായി ആവിഷ്‌കരിക്കുന്നവയും ലക്ഷ്യമായ അദൈ്വതാനുഭൂതി അനുഭവപ്പെടുത്തുന്നവയുമാണ്. സാംസ്‌കാരിക കേരളത്തിനു ഭാഷ്യങ്ങള്‍ നവീന ജ്ഞാനപഠങ്ങള്‍ സമ്മാനിക്കുന്നു. ആധുനികമെന്നു വൈദേശികമെന്നും പറയുന്ന പാഠവിമര്‍ശത്തിന്റെ ഏകപക്ഷീയമായ കരുനീക്കങ്ങളല്ല ഇവിടെ ജ്ഞാന ഭാഷയെ രൂപപ്പെടുത്തുന്നത്. മറിച്ച് അന്തര്യാമിയായ ചൈതന്യത്തെ അകമുഖമായി അറിയാനുള്ള ഉപാധിയായിട്ടത്രേ അത് പാഞ്ചഭൗതികമായ ജടിലതകളില്‍ നിന്ന് ജീവാത്മാവിനെ ഉയര്‍ത്തി സ്വസ്വരൂപമായ ആത്മാവബോധത്തില്‍ ഉറപ്പിക്കുന്നതത്രേ.
ശ്രീമദ് ഭഗവദ്ഗീത ശിവാരവിന്ദം മഹാഭാഷ്യം
അക്കാദമിക പണ്ഡിതന്‍ കൂടിയായ എന്നാല്‍ തികഞ്ഞ തത്ത്വവിത്തായ ബാലകൃഷ്ണന്‍നായര്‍ ഭാഷ്യം രചിക്കുമ്പോഴാണ് ഭഗവദ്ഗീത ഏതു ജീവിതരംഗത്തുള്ളവര്‍ക്കും ഏറെ അനായാസം ആസ്വാദ്യകരമായ വായനാനുഭവം പകര്‍ന്ന് അത് ജീവിതവിചിന്തനാനുഭവശീലം സമ്മാനിക്കുന്നത്. സ്വതേ വിഷാദവാന്മാരെപോലും ‘പ്രസാദനില’ കൈവരിക്കാന്‍ അതു സഹായിച്ചു. സാധാരണയായി ആത്മീയ മേഖലയിലുള്ളവരെ മാത്രം സ്വാധീനിക്കുന്ന ഗീതാഭാഷ്യം, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഗൃഹസ്ഥര്‍, തൊഴിലാളികള്‍ എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാമേഖലയിലുള്ളവരെയും സ്വാധീനിക്കാന്‍ തുടങ്ങി. ശിവാരവിന്ദം ഭഗവദ്ഗീതാഭാഷ്യം ഭാരതത്തില്‍ ജ്ഞാനേശ്വരിയ്‌ക്കുതുല്യമായ ഒരു പ്രഭാവം മലയാളത്തിലുണ്ടാക്കി. ജ്ഞാനാധികാരിയായ ഒരു ഗുരുവിനുമാത്രം പകര്‍ന്നുകൊടുക്കാനാകുന്ന ശാസ്ത്രീയമായ വേദാന്തവിചാരപദ്ധതിയ്‌ക്ക് മലയാളത്തില്‍ ശക്തമായ ഒരു വേരോട്ടമുണ്ടാക്കിയതില്‍ പ്രഥമഗണനീയമാണ് ശ്രീമദ് ഭഗവദ്ഗീത ശിവാരവിന്ദം മഹാഭാഷ്യം. കൃത്യത, ശുദ്ധത, വസ്തുനിഷ്ഠത, എന്നിങ്ങനെയുള്ള ഭാഷ്യരചനാ സങ്കേതത്തിന്റെ മൗലികത ശിവാരവിന്ദം ഭഗവദ്ഗീതാഭാഷ്യത്തെ അനന്വയമാക്കുന്നു. ശുദ്ധ ചൈതന്യത്തിന്റെ ജ്ഞാനഭാഷ സമ്മാനിക്കുന്ന അദ്ദേഹത്തിന്റെ ഭാഷ്യങ്ങള്‍ ഹൃദയത്തോട് ചേര്‍ക്കുക മാത്രമാണ് കെട്ടകാലത്തില്‍ നമ്മുടെ പരമഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: