ഫ്രെഞ്ച് തത്ത്വചിന്തകനും ചരിത്രകാരനും സജീവ സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന മിഷേല്‍ ഫുക്കോ (1926 -1984) തികച്ചും അസാധാരണമായ ചിന്തകളുടെ ഉടമയായിരുന്നു. ഫ്രാന്‍സിലെ പ്രസിദ്ധ സര്‍വ്വകലാശാലയായ കോളജ് ദെ ഫ്രാന്‍സിലെ അദ്ധ്യാപകനായിരുന്ന ഫുക്കോ ഒരു തികഞ്ഞ അരാജകവാദിയാണെന്നു പറഞ്ഞാല്‍ തെറ്റാവില്ല. സാമൂഹിക അഴിച്ചുപണിയുടെ വക്താവായി യൂറോപ്പില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഫുക്കോയുടെ രാഷ്‌ട്രീയാധികാരം, വിജ്ഞാനം എന്നീ വിഷയങ്ങളിലുള്ള ചിന്തകള്‍ ഉത്തരാധുനികതയുടെയും കള്‍ച്ചറല്‍ മാര്‍ക്സിസത്തിന്റെയും പൊതുധാരണകളാകുന്ന അടിച്ചമര്‍ത്തലും വ്യക്തിസ്വാതന്ത്ര്യവും സ്വത്വവിവേചനവുമൊക്കെയാണ്. ആദ്യം മാര്‍ക്സിസത്തോട് ഏറെ ആകര്‍ഷണം തോന്നിയിരുന്നുവെങ്കിലും, കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളെപ്പോലെ ഫുക്കോയും പാരമ്പര്യ മാര്‍ക്സിസത്തില്‍ നിന്ന് വിട്ടുനിന്നു. എങ്കിലും കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകള്‍ക്കെന്നപോലെ ഫുക്കോയ്‌ക്കും മുതലാളിത്ത സമൂഹത്തോടും അതിന്റെ സംസ്‌കാരത്തോടും കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഫ്രോയിഡും ഫുക്കോയെ വളരെയധികം സ്വാധീനിച്ചിരുന്നു. സാമൂഹ്യ സമ്മര്‍ദ്ദങ്ങള്‍ കാരണം ഒരു വ്യക്തിയുടെ മനസ്സിന് ഏല്‍ക്കുന്ന പീഡനങ്ങളും സംഘര്‍ഷങ്ങളുമാണ് അയാളെ മാനസിക രോഗാവസ്ഥയിലേക്ക് നയിക്കുന്നതെന്ന ഫുക്കോയുടെ നിഗമനം ഫ്രോയിഡിനെ പിന്‍പറ്റുന്നതാണ്.
ഫുക്കോ തത്ത്വജ്ഞാനത്തിലും സാമൂഹിക ശാസ്ത്ര വിഷയങ്ങളിലും മനഃശാസ്ത്രമേഖലയിലും വിപുലമായ അറിവ് നേടിയിരുന്നു. എയ്ഡ്സ് രോഗബാധിതനായി 1984-ല്‍ മരിക്കുമ്പോള്‍, അനേകം വോള്യങ്ങളിലായി എഴുതിക്കൊണ്ടിരുന്ന ഫുക്കോയുടെ ബൃഹദ്ഗ്രന്ഥമായ ‘ദ ഹിസ്റ്ററി ഓഫ് സെക്ഷ്വാലിറ്റി’ യുടെ അവസാന വോള്യം പ്രസിദ്ധപ്പെടുത്തിയിട്ടില്ലായിരുന്നു. ഈ ഗ്രന്ഥമാകട്ടെ ലൈംഗികതയെക്കുറിച്ചുള്ള യാഥാസ്ഥിതിക ധാരണകളുടെ നേര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായി മാറി. വളരെ വ്യതിരിക്തമായ വ്യക്തിത്വത്തിന്റെയും ഉടമയായിരുന്നു ഫുക്കോ. താന്‍ സ്വവര്‍ഗാനുരാഗിയാണെന്നും, പരീക്ഷണാര്‍ത്ഥം മയക്കുമരുന്ന് ഉപയോഗിച്ചു നോക്കിയിട്ടുണ്ടെന്നും പരസ്യപ്രഖ്യാപനം നടത്തിയ ഫുക്കോയ്‌ക്ക് ആത്മഹത്യാ പ്രവണതയും ഉണ്ടായിരുന്നു. ഫുക്കോയുടെ ജീവചരിത്രം എഴുതിയ ജെയിംസ് മില്ലറിന്റെ ‘ദ പാഷന്‍ ഓഫ് മിഷേല്‍ ഫുക്കോ’ എന്ന പുസ്തകത്തില്‍ പറയുന്നപ്രകാരം വിദ്യാര്‍ത്ഥിയായിരിക്കെ ഒന്നിലധികം തവണ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതിനാല്‍ ഫുക്കോയെ പിതാവ് ഒരു മനോരോഗവിദഗ്‌ദ്ധന്റെയടുക്കല്‍ കൊണ്ടുപോയിട്ടുണ്ട്.
എന്നാല്‍ സമൂഹത്തില്‍ കാലങ്ങളോളം നിലനിന്നിരുന്ന ആശാസ്യമല്ലാത്ത ചില മാമൂലുകളെ തകിടംമറിക്കുന്ന കാര്യത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ തന്റെ സഹയാത്രികരെ മുഴുവന്‍ പിന്നിലാക്കിക്കൊണ്ടാണ് ഫുക്കോ ജനശ്രദ്ധനേടിയത്. ഇതിന് പ്രധാന കാരണം ലൈംഗികത, സ്വവര്‍ഗഭോഗം, മാനസികരോഗം, കുറ്റകൃത്യം എന്നിവയെകുറിച്ചുള്ള വേറിട്ട കാഴ്ചപ്പാടുകളാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ന്യൂനപക്ഷ വര്‍ഗങ്ങളെ പാര്‍ശ്വവത്കരിക്കുന്നതിന് എതിരെയും, അവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും ഫുക്കോ തന്റെ എഴുത്തിലൂടെ നടത്തിയ പോരാട്ടങ്ങള്‍ വര്‍ത്തമാന സമൂഹത്തില്‍ അനേകം പേരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവയായിരുന്നു. ഫെമിനിസ്റ്റ് ചിന്തകള്‍ക്ക് ആക്കം കൂട്ടാനും സമകാലീന സമൂഹത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ക്യൂഎര്‍ തിയറി (queer theory), ഗെയ് ലിബറേഷന്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക് പ്രചോദനമേകാനും ഫുക്കോക്ക് സാധിച്ചു. ലൈംഗികതയെ സംബന്ധിച്ചുള്ള സാമൂഹിക സാംസ്‌കാരിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്നതാണ് ക്യൂഎര്‍ തിയറിയും, സ്വവര്‍ഗാനുരാഗികളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ഗെയ് ലിബറേഷന്‍ പ്രസ്ഥാനവും. പുരാതനകാലം തുടങ്ങി എതിര്‍ലിംഗാകര്‍ഷണത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള യാഥാസ്ഥിതിക ചിന്തകളെയാണ് സമൂഹം സദാചാരത്തിന്റെ മാനദണ്ഡമായി കരുതുന്നത്. അതിനാല്‍ പാശ്ചാത്യസമൂഹം സ്വവര്‍ഗാനുരാഗത്തെ പാപമായും തെറ്റായും കണ്ടിരുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ ഫുക്കോ സ്വാഭാവികമായിത്തന്നെ ജനശ്രദ്ധ നേടി.
സ്വവര്‍ഗബന്ധം പിഴവല്ല, വ്യത്യസ്തത മാത്രമാണെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് ഇന്ത്യന്‍ സുപ്രീം കോടതി 2018-ല്‍ അത് കുറ്റകരമല്ലാതാക്കിയല്ലോ. സ്വവര്‍ഗാനുരാഗികളോട് വേര്‍തിരിവുണ്ടാക്കുന്ന പരിതസ്ഥിതി മാറ്റാനും, അവര്‍ക്ക് സാമൂഹിക മുഖ്യധാരയില്‍ ഇടം നല്‍കാനും ഇത് ഏറെ സഹായമായിത്തീര്‍ന്നു. എന്നാല്‍ 2023-ല്‍, ഒരേ ലിംഗത്തില്‍പ്പെടുന്ന സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയ്‌ക്കായി ഹര്‍ജികള്‍ സമര്‍പ്പിച്ചെങ്കിലും നിരസിക്കപ്പെട്ടു. കാരണം അത് സങ്കീര്‍ണമായ മറ്റ് പല സാമൂഹിക പ്രശ്നങ്ങളും അടങ്ങുന്നതാണ്. പക്ഷേ ഇതരലിംഗത്തില്‍പ്പെടുന്ന സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തിനുള്ള നിയമ പരിരക്ഷ ഭാരതത്തില്‍ നിലവിലുണ്ട്.
വിജ്ഞാനം അധികാര ശക്തികളുടെ സൃഷ്ടി
സദാചാരത്തെ എന്നപോലെ അധികാരം, ജ്ഞാനം, വ്യക്തിസ്വത്വം എന്നിവയെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെയും അഴിച്ചുപണി നടത്തുന്നതാണ് ഫുക്കോയുടെ പദ്ധതി. എന്തിനെയും സന്ദേഹിക്കുന്നതും, എവിടെയും അടിച്ചമര്‍ത്തലുകള്‍ മാത്രം ദര്‍ശിക്കുന്നതുമാണ് ഈ ചിന്തകന്റെ പൊതുവെയുള്ള കാഴ്ചപ്പാട്. രാജ്യത്തെ പൗരന്‍മാര്‍ നിയന്ത്രിക്കപ്പെടുന്നതിന്റെ പുതിയ രൂപങ്ങള്‍ മാത്രമാണ് ജയിലുകള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ഫാക്ടറികള്‍, മറ്റ് തൊഴിലിടങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ എന്നാണ് 1975 ല്‍ പുറത്തിറക്കിയ ‘ഡിസിപ്ലിന്‍ ആന്‍ഡ് പണിഷ്’ (discipline and punish) എന്ന ഗ്രന്ഥത്തില്‍ ഫുക്കോ വാദിക്കുന്നത്.
ഇവയിലെല്ലാം ‘മാനവികം’ എന്ന പുതിയ ധാരണ പരത്തിക്കൊണ്ട് യഥാര്‍ത്ഥത്തില്‍ അച്ചടക്കം, നിരീക്ഷണം എന്നതരം പുതിയ സമ്പ്രദായങ്ങളിലൂടെ പൗരസ്വാതന്ത്ര്യത്തെ വരുതിക്ക് നിര്‍ത്തുന്ന അധികാര ശക്തികളുടെ തന്ത്രങ്ങളാണ് ഫുക്കോയ്‌ക്ക് കാണാന്‍ സാധിക്കുന്നത്.
വിജ്ഞാനവും അധികാരശക്തികളും തമ്മില്‍ അഭേദ്യബന്ധമുണ്ടെന്നാണ് ഫ്രെഡറിക് നീഷെയെ പിന്‍പറ്റി ഫുക്കോ സമര്‍ത്ഥിക്കുന്നത്. വിജ്ഞാനത്തെ നിശ്ചയിക്കുന്നത് സമൂഹത്തിലെ ശക്തികളാണ്. അതിനാല്‍ത്തന്നെ വിജ്ഞാനത്തിന്റെ സ്വരൂപം കാലികമാണ്. ആത്യന്തിക സത്യത്തെയും സാര്‍വ്വലൗകിക വാസ്തവികതയെയും നിഷേധിക്കുന്ന ഇവര്‍ക്ക് അറിവ് വെറും ആപേക്ഷികം മാത്രമാണ്. ഇത് ഓരോ കാലത്തും മാറിക്കൊണ്ടിരിക്കുന്നു. ഇതിനര്‍ത്ഥം അറിവ് മനുഷ്യമനസ്സിന്റെ യുക്തിയുടെ സൃഷ്ടിയല്ല. സാമൂഹിക ശക്തികളുമായിട്ടാണ് അറിവിന് ബന്ധം. ഈ ബന്ധം അഭേദ്യവുമാണ്.
അടിച്ചമര്‍ത്തലുകള്‍ എല്ലായിടങ്ങളിലും കാണപ്പെടുന്നതിനാല്‍ അടിച്ചമര്‍ത്തുന്ന അധികാര ശക്തികളും സമൂഹത്തില്‍ മുഴുവന്‍ വ്യാപിച്ചുനില്‍ക്കുന്നവയാണെന്നും, ഒരാളിലും ഒരിടത്തും കേന്ദ്രീകൃതമല്ലെന്നുമാണ് ഫുക്കോയുടെ വാദം. അധികാരം ആര്‍ക്കും സ്വന്തമല്ല, കാരണം അത് മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തില്‍ മാത്രമാണുള്ളത്. ഒരാള്‍ക്ക് അധികാരം ചെലുത്താന്‍ മറ്റൊരാള്‍ ഉണ്ടാകണം. ഇതിനര്‍ത്ഥം അധികാരം നിലനില്‍ക്കുന്നത് വ്യക്തികളിലല്ല, സാമൂഹിക ബന്ധങ്ങളില്‍ മാത്രമാണ്. അതിനാല്‍ അറിവിന്റെ ഉറവിടവും സാമൂഹിക ബന്ധങ്ങള്‍ തന്നെയാകുന്നു. കാരണം അധികാരം എന്താണോ നിശ്ചയിക്കുന്നത് അതാണ് അറിവ്. ഇപ്രകാരം മനുഷ്യരുടെ സാമൂഹിക ബന്ധങ്ങള്‍ക്കതീതമായി വ്യക്തിയുടെ ഉള്ളിലോ പുറമെയോ ഒരു യാഥാര്‍ത്ഥ്യവുമില്ല. സാമൂഹിക ബന്ധങ്ങളാണ് യാഥാര്‍ത്ഥ്യം. ഇവയിലൂടെയാണ് അധികാരവും അറിവും അടിച്ചമര്‍ത്തലുകളുമൊക്കെ ഉണ്ടാകുന്നത്.
ഇപ്രകാരം അധികാരശക്തികളാല്‍ നിര്‍മിക്കപ്പെടുന്ന അറിവ് ആ ശക്തികളുടെ ഉപകരണം മാത്രമാകുന്നു. വ്യക്തികളെ നിയന്ത്രിക്കാനുള്ള ശക്തിയുടെ ആയുധമാണ് അറിവ്. ഇതിനാലാണ് സ്‌കുളുകളും ആശുപത്രികളും മറ്റും ജയിലുകള്‍ക്ക് സമമാണെന്ന് ‘ഡിസിപ്ലിന്‍ ആന്‍ഡ് പണിഷ്’ എന്ന കൃതിയില്‍ ഫുക്കോ വാദിക്കുന്നത്. ഇവയിലൂടെയെല്ലാം സാധ്യമാക്കുന്നത് വിജ്ഞാനത്തെ ഉപകരണമാക്കിക്കൊണ്ട് അധികാരശക്തികളുടെ പൗരനുമേലുള്ള അടിച്ചമര്‍ത്തലുകളാണ്.
സ്വന്തം യുക്തിയുടേതോ സാമൂഹിക നിബന്ധനകളുടേതോ ആയിട്ടുള്ള യാതൊരു നിയന്ത്രണവുമില്ലാതെ വികാരങ്ങള്‍ പ്രകടമാക്കുന്നതിന് വ്യക്തികള്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം അനുവദിച്ചുകിട്ടണമെന്നതാണ് ഫുക്കോയുടെ മനസ്സിലിരിപ്പ്. അറിവിന്റെ രൂപത്തിലുള്ള സാമൂഹിക ശക്തികളുടെ മേല്‍ക്കോയ്മ ഇതിന് വിഘാതമുണ്ടാക്കുവാന്‍ പാടില്ല. ഫുക്കോയുടെ ജീവചരിത്രകാരന്‍ ജെയിംസ് മില്ലര്‍ അഭിപ്രായപ്പെടുന്നത്, ബര്‍ക്കിലിയിലെ സ്വവര്‍ഗഭോഗികളുടെ സമൂഹവുമായിട്ടുള്ള ഫുക്കോയുടെ ബന്ധത്തില്‍ നിന്നുള്ള അനുഭവങ്ങള്‍ ഈ ചിന്തകന്റെ തത്ത്വചിന്തയെയും രാഷ്‌ട്രീയ നിലപാടുകളെയും സ്വാധീനിച്ചിരുന്നുവെന്നാണ്. ലൈംഗിക വൈകൃതങ്ങളായ സാഡിസത്തിന്റെയും (മറ്റുള്ളവരെ വേദനിപ്പിച്ചു രസിക്കുന്ന മാനസികാവസ്ഥ) മാസോക്കിസത്തിന്റെയും (മറ്റുള്ളവര്‍ ഏല്‍പ്പിക്കുന്ന വേദനയില്‍ ആനന്ദം കണ്ടെത്തുന്ന വൈകൃതം) രസങ്ങളെക്കുറിച്ച് ഫുക്കോ ചിലപ്പോഴൊക്കെ വാചാലനാകുമായിരുന്നുവത്രേ. ഇവ പുതിയ ഇനം സദാചാരമാണെന്നും വാദിച്ചിരുന്നു! ലൈംഗിക ബന്ധം ഉള്‍പ്പെടുന്ന മദ്യപാന മഹോത്സവങ്ങളെയും (orgie) മരണവും ലൈംഗിക ബന്ധവും ഒരുമിക്കുന്ന ആത്മഹത്യാ മഹോത്സവങ്ങളെയും ഫുക്കോ വിഭാവനം ചെയ്യുമായിരുന്നുവത്രേ!
ലൈംഗികതയെ വിദ്യാഭ്യാസ വിഷയമാക്കി ബാഹ്യവത്കരിക്കുന്നതിനെ ഫുക്കോ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യ അനുഭവത്തെ യുക്തിയുടെയും ശാസ്ത്രീയപഠനങ്ങളുടെയും ചട്ടക്കൂടിലൊതുക്കുന്നതിനുള്ള ശ്രമമാണിതെന്ന് ഫുക്കോ സംശയിക്കുന്നു.
ആത്മാവിനുള്ളില്‍ അകപ്പെട്ട ശരീരം!
മനുഷ്യനെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണത്തില്‍, ഉദാഹരണത്തിന്, പ്ലേറ്റോയുടെ വാദമനുസരിച്ച്, ആത്മാവ് ശരീരത്തില്‍ അകപ്പെട്ടിരിക്കുന്ന അവസ്ഥയാണ് മനുഷ്യന്റെ അസ്തിത്വം എന്നതാകുന്നു. ഫുക്കോ ഈ ചിന്തയെ തലകീഴാക്കി മാറ്റുകയാണ്. ശരീരം ആത്മാവിനുള്ളില്‍ അടയ്‌ക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഫുക്കോയുടെ പ്രസ്താവന. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് അനശ്വരമായ ആത്മാവിന്റെ അസ്തിത്വമല്ല. ഫുക്കോ ആത്മാവായി കാണുന്നത്, മനുഷ്യന്‍ സ്വയം ഉള്ളില്‍ സൂക്ഷിക്കുന്ന അയാളെക്കുറിച്ചുള്ള സ്വത്വബോധത്തെയാണ്. ഈ സ്വത്വബോധമാകട്ടെ സമൂഹം അയാള്‍ക്കുള്ളില്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നാണ്. അതായത് സാമൂഹിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാള്‍ സ്വയം അയാള്‍ക്ക് കല്പിക്കുന്ന സ്വത്വമാണ് ആത്മാവ്. ഈ ആത്മാവാകട്ടെ ശരീരത്തെ ചങ്ങലക്കിടുന്നു. ശരീരത്തിന്റെ സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് അത് വിഘാതമായി നിലകൊള്ളുന്നു. ഈ സ്വത്വം സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കനുസരിച്ച് നിരന്തരം ആത്മനിയന്ത്രണമാകുന്ന പീഡനം ശരീരത്തിന്റെ സ്വാതന്ത്ര്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നു. ഈ പീഡനം അധികമാകുമ്പോഴാണ് മനസ്സ് സംഘര്‍ഷത്തിലാകുന്നതും, രോഗാവസ്ഥയെ പ്രാപിക്കുന്നതും. അതായത് മാനസിക രോഗത്തിന് കാരണവും സാമൂഹിക നിയന്ത്രണങ്ങളാണെന്നാണ് ഫുക്കോ സമര്‍ത്ഥിക്കുന്നത്.
ഇപ്രകാരം സാമൂഹിക പ്രസ്ഥാനങ്ങളുടെയും മറ്റും സൃഷ്ടി മാത്രമാണ് മനുഷ്യന്റെ അസ്തിത്വം എന്ന നിര്‍വചനത്തെ ‘മനുഷ്യന്റെ മരണം’ എന്ന് ഫുക്കോ സ്വയം വിശേഷിപ്പിക്കുന്നു. ഇത് മനുഷ്യന് അനശ്വരമായ സത്ത നിഷേധിക്കുന്ന നീഷേയുടെ വീക്ഷണത്തിന്റെ സ്വാധീനമാണ്. മനുഷ്യന്റെ സത്തയുടെ മരണമാണ് ഇവിടെ ഫുക്കോ പ്രസ്താവിക്കുന്നത്. ഈ വീക്ഷണത്തില്‍ സാമൂഹ്യ വ്യവസ്ഥകള്‍ക്കപ്പുറം മനുഷ്യന് സ്വതന്ത്രമായ ഒരു അസ്തിത്വവുമില്ല. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉടലെടുക്കുന്ന സാമൂഹിക വ്യവസ്ഥകളുടെ സൃഷ്ടിയാണ് മനുഷ്യന്റെ വ്യക്തിത്വം. ഈ വ്യക്തിത്വം മാത്രമാണ് മനുഷ്യന്റെ യാഥാര്‍ത്ഥ്യം. ഫുക്കോയുടെ വാക്കുകളില്‍, പലവിധത്തിലുള്ള സാമൂഹിക വ്യവസ്ഥകളില്‍ നിന്ന് നുരച്ചുപൊങ്ങിവരുന്ന കുമിളകള്‍ മാത്രമാണ് മനുഷ്യര്‍. ഇങ്ങനെ മനുഷ്യന്റെ അസ്തിത്വത്തെ വെറും നുരകളുടെ അസ്തിത്വത്തിനു തുല്യമായി ഒതുക്കുന്നത് മനുഷ്യ സ്വത്വത്തിന്റെ യാഥാര്‍ത്ഥ്യം നശിപ്പിക്കല്‍ തന്നെയാകുന്നു.
മാനസിക രോഗവും ചികിത്സാ രീതികളും
സാമൂഹ്യ വിലക്കുകളെ ഭയന്ന് വ്യക്തിക്ക് സ്വതന്ത്രമായി ആഗ്രഹങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അവ അടിച്ചമര്‍ത്തപ്പെടുമെന്നും, അതുകാരണമുണ്ടാകുന്ന സംഘര്‍ഷമാണ് മാനസിക രോഗത്തിന്റെ തുടക്കമെന്നും കരുതുന്നതില്‍ ഫുക്കോ, ഫ്രോയിഡിനെ അനുഗമിക്കുന്നു. അതേസമയം ചികിത്സകന്റെ സ്വാധീനം കൊണ്ട് വ്യക്തിയിലുള്ള സംഘര്‍ഷാവസ്ഥ ദൂരീകരിക്കാമെന്ന ഫ്രോയിഡിയന്‍ ധാരണ ഫുക്കോയ്‌ക്ക് സ്വീകാര്യമല്ല. കാരണം ഫുക്കോയുടെ വാദത്തില്‍ ഇത്തരം സ്വാധീനവും ഒരുതരം അടിച്ചേല്‍പ്പിക്കലാണ്. അതായത് സമൂഹത്തിന്റെ സാമാന്യ മര്യാദകളുടെ മാനദണ്ഡത്തെ വ്യക്തിയില്‍ വീണ്ടും ഉറപ്പിക്കുവാനാണ് ഇവിടെ ചികിത്സകനും ശ്രമിക്കുന്നത്.
മാനസിക രോഗത്തെ ശാസ്ത്രീയ രീതികളിലൂടെ ചികിത്സിക്കുന്നതിനെ ഫുക്കോ എതിര്‍ക്കുന്നു. വ്യക്തിയുടെ മാനസികാവസ്ഥകളെ ഒരിക്കലും സമൂഹത്തില്‍ നിന്ന് വേര്‍തിരിക്കാനാവില്ല. അതിനാല്‍ വ്യക്തിക്കു മേല്‍ പതിച്ചിട്ടുള്ളത് ഏതുതരം സാമൂഹിക പീഡനമാണെന്നാണ് തിരിച്ചറിയേണ്ടത്. അല്ലാതെ വൈദ്യശാസ്ത്രത്തിന്റെ വസ്തുനിഷ്ഠവും സാമാന്യവുമായിട്ടുള്ള മാനദണ്ഡങ്ങളെയല്ല ചികിത്സയ്‌ക്കായി ആശ്രയിക്കേണ്ടത്. ശാസ്ത്രീയ ചികിത്സകൊണ്ട് മാനസിക രോഗത്തെ ഭേദപ്പെടുത്തുകയല്ല ചെയ്യുന്നത്, യാഥാസ്ഥിതിക സമൂഹത്തിന്റെ മര്യാദകള്‍ക്ക് രോഗിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നതെന്നാണ് ‘ഹിസ്റ്ററി ഓഫ് മാഡ്‌നസ്’ എന്ന പുസ്തകത്തില്‍ (2006) ഫുക്കോ പറയുന്നത്.
വ്യക്തിയുടെ സ്വഭാവത്തെയല്ല രോഗം ബാധിക്കുന്നത്, മറിച്ച് അയാളുടെ അസ്തിത്വത്തെയാണ് തകരാറിലാക്കുന്നതെന്നാണ് ഫുക്കോയുടെ മറ്റൊരു വാദം. കഠിനമായ സാമൂഹ്യ സമ്മര്‍ദ്ദം മൂലം ചിലപ്പോള്‍ ഒരു മുതിര്‍ന്ന വ്യക്തിയുടെ മനസ് അയാളുടെ അസ്തിത്വത്തിലെ തന്നെ ഏതെങ്കിലും പൂര്‍വ്വാവസ്ഥയിലേക്ക് പ്രതിഗമിക്കുന്നതാണ് മാനസിക രോഗത്തിന് കാരണമായി ഫുക്കോ പറയുന്നത്. മനുഷ്യന്റെ അടിസ്ഥാനമായ അസ്തിത്വത്തെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ മാനസികരോഗത്തിനുള്ള സാധ്യത ആരിലും തള്ളിക്കളയാനാവില്ലെന്നാണ് ഫുക്കോയുടെ വാദം. കാരണം മാനസികരോഗം വ്യക്തിയുടെ സ്വഭാവ വൈകല്യമല്ല, അസ്തിത്വത്തിന്റെ പ്രതിഗമനമാകുന്നതിനാല്‍ അത് എല്ലാവര്‍ക്കും ബാധകമാണത്രേ. പരന്ന വായനയുണ്ടെങ്കിലും ആഴത്തിലുള്ള ദര്‍ശനമില്ല എന്നതാണ് ഫുക്കോയുടെ പ്രശ്‌നം. അടിസ്ഥാന ചിന്തകളിലേക്ക് നയിക്കപ്പെട്ടാല്‍ ഉത്തരം മുട്ടുന്ന ഉപരിപ്ലവ കാഴ്ചപ്പാടുകള്‍ മാത്രമാണ് ഫുക്കോയുടേത്. ഉദാഹരണമായി മാനസിക രോഗത്തിനുള്ള സാധ്യത എല്ലാവരിലും ഉണ്ടെന്നു പറയുന്നു. പക്ഷേ സാമൂഹ്യ സമ്മര്‍ദ്ദമേല്‍ക്കുന്നവരിലെല്ലാം എന്തുകൊണ്ട് മാനസിക പ്രതിഗമനം സംഭവിക്കുന്നില്ല എന്ന ചോദ്യത്തിന് ഫുക്കോ മറുപടി പറയുന്നില്ല. മാത്രമല്ല, ഫുക്കോയെപ്പോലുള്ള ഉത്തരാധുനികരുടെ ആവശ്യം, വ്യക്തികള്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കുന്ന അരാജക സംവിധാനമാണ്. യുക്തിയുടെ നിയന്ത്രണത്തില്‍ നിന്ന് മുക്തമാക്കപ്പെടുന്ന ചിന്തകളും ആഗ്രഹങ്ങളും വികാരങ്ങളും അസ്ഥിരമായിട്ടുള്ള ബന്ധങ്ങളും മാത്രമാണ് ഇവര്‍ക്ക് യാഥാര്‍ത്ഥ്യം. ഭോഗതൃഷ്ണയ്‌ക്ക് കടിഞ്ഞാണിടാനും, സാമൂഹിക മര്യാദകള്‍ പാലിക്കാനും ഒരു നിയന്ത്രണ രേഖയും പാടില്ലെന്ന ഇവരുടെ വാദം അംഗീകരിക്കാനാവില്ല. സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സദാചാര വിരുദ്ധമായ വലിയ മാറ്റങ്ങള്‍ക്കു പിന്നില്‍ ഇത്തരം അരാജകവാദങ്ങളുടെ പ്രചാരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
(ലേഖന പരമ്പര അവസാനിച്ചു)
(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ അധ്യക്ഷയും, തപസ്യ കലാസാഹിത്യ വേദി സംസ്ഥാന ഉപാധ്യക്ഷയുമാണ് ലേഖിക.)
പ്രതികരിക്കാൻ ഇവിടെ എഴുതുക