തിരുവനന്തപുരം: കാലവര്‍ഷം ആര്‍ത്തലച്ചെത്തിയതോടെ പകര്‍ച്ചവ്യാധി ഭീഷണിയിലമര്‍ന്നു കേരളം. മഴക്കാല പൂര്‍വ ശുചീകരണവും അപകടങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നില്ല. മഴക്കെടുതി മുന്നൊരുക്കങ്ങള്‍ അപ്പാടെ പാളി. കാലവര്‍ഷാരംഭത്തിന്റെ ആദ്യദിനം തന്നെ ദുരിതം വിതച്ചു പെരുമഴ. വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാല്‍ അപകടകരമായ മരച്ചില്ലകളും ഇലക്ട്രിക് പോസ്റ്റുകളും നീക്കാനുള്ള നിര്‍ദേശം ഫയലുകളിലൊതുങ്ങി. ജാഗ്രതാ നിര്‍ദേശവും മുന്നറിയിപ്പുമൊഴികെ കാഴ്ചക്കാരായി സംസ്ഥാന സര്‍ക്കാര്‍.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പലേടത്തും റോഡിലേക്കു മരങ്ങള്‍ കടപുഴകി. ഇതോടെ ഗതാഗതക്കുരുക്കു രൂക്ഷമായി. മരച്ചില്ലകള്‍ വീണു നിരവധി വാഹനങ്ങള്‍ക്കു കേടുപറ്റി. വാഹന യാത്രക്കാര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഏതാനും ദിവസം മുമ്പു പാലക്കാട് കൂനത്തറയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്‌ക്കു മുകളിലേക്കു മരം ഒടിഞ്ഞുവീണ് അച്ഛനും മകനും പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയില്‍ നിരവധി സ്ഥലങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. ഇന്നലെ കൊച്ചിയില്‍ പുലര്‍ച്ചെ ഒടിഞ്ഞുവീണ ഇലക്ട്രിക് പോസ്റ്റില്‍ ബൈക്ക് തട്ടി കുമ്പളം പള്ളിയിലെ ഉസ്താദ് അബ്ദുള്‍ ഗഫൂര്‍(54) മരിച്ചു. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനു ഗുരുതര പരിക്കേറ്റു. പോസ്സൊടിഞ്ഞ ശേഷവും അതു നീക്കുന്നതിലും യാത്രക്കാര്‍ക്കു മുന്നറിയിപ്പു നല്കുന്നതിലും അധികൃതര്‍ അനാസ്ഥ കാട്ടി. അപകട സാധ്യതയുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളും പഴയ പോസ്റ്റുകള്‍ മാറ്റുന്നതില്‍ കെഎസ്ഇബിയും ഉദാസീനത കാട്ടിയത് അപകടങ്ങള്‍ വര്‍ധിക്കാനിടയാക്കി. നാലാം വാര്‍ഷികാഘോഷത്തില്‍ ആരുടെയൊക്കെ ഫഌക്‌സ് ഉയരണമെന്ന തര്‍ക്കത്തിനിടെ വകുപ്പു മന്ത്രിമാര്‍ ഇതൊന്നും ശ്രദ്ധിച്ചതേയില്ല.
ഓടകള്‍ വേണ്ടത്ര വൃത്തിയാക്കാത്തതിനാല്‍ ഒറ്റമഴയില്‍ വെള്ളപ്പൊക്കമായി. ഓടകള്‍ കരകവിഞ്ഞതോടെ പകര്‍ച്ചവ്യാധി ഭീഷണിയുമേറി. മഴക്കാല പൂര്‍വ ശുചീകരണ ഭാഗമായി ഓടകളും തോടുകളും വൃത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മുന്‍കാലങ്ങളിലേതുപോലെ ഫണ്ട് അനുവദിക്കാത്തതിനാലാണ് ശുചീകരണം മുടങ്ങിയത്. ജനപഥങ്ങളിലേക്കു മലിന ജലം കരകവിഞ്ഞതോടെ പകര്‍ച്ചവ്യാധി ഭീഷണി വര്‍ധിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് കണക്കനുസരിച്ച് 695 പേര്‍ക്കാണ് ഈ മാസം മഞ്ഞപ്പിത്തം ബാധിച്ചത്. ഇതില്‍ ഏഴു പേര്‍ മരിച്ചു. 149 പേര്‍ക്ക് എലിപ്പനി ബാധിച്ചതില്‍ എട്ടു പേരാണ് മരിച്ചത്. 34,032 പേര്‍ക്ക് അതിസാരം ബാധിച്ചു. ഇതില്‍ മൂന്നു പേര്‍ മരിച്ചു. ഈ മാസം ഇതേവരെ 1,57,349 പേര്‍ക്കാണ് പകര്‍ച്ചപ്പനി ബാധിച്ചത്. ഇത്രയൊക്കെയായിട്ടും പകര്‍ച്ചവ്യാധി തടയാന്‍ ഡോക്‌സിസൈക്ലിന്‍ കഴിച്ചോളൂയെന്നാണ് ആരോഗ്യവകുപ്പു മന്ത്രിയുടെ നിര്‍ദേശം.
16 വര്‍ഷത്തിനു ശേഷമാണ് പതിവിലും നേരത്തേ കാലവര്‍ഷമെത്തുന്നത്. ഇത്തവണ കാലവര്‍ഷം കൂടുതല്‍ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തയ്യാറെടുപ്പുകള്‍ തീരെ അപര്യാപ്തമെന്നു പരക്കെ ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: